കുഞ്ഞു സംവിധായകക്ക് വമ്പൻ ഓഫർ നൽകി നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവും രംഗത്ത് വന്നതോടെ ആവേശത്തിലാണ് ഈ മിടുക്കി.
തിരുവനന്തപുരം: കുട്ടികൾക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങൾക്ക് എതിരെ ആറാം ക്ലാസ്സുകാരി തയ്യാറാക്കിയ ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയുടെ തന്നെ അഭിനന്ദന സന്ദേശം മെഹ്റിൻ എന്ന കൊച്ചുമിടുക്കിയെ തേടിയെത്തി. തിരുവനന്തപുരം ശ്രീ നാരായണ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി മെഹ്റിൻ ഷെബീറിന് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് ആത്തവാലെ ആണ് അഭിനന്ദന സന്ദേശമയച്ചത്.
കുഞ്ഞു സംവിധായകക്ക് വമ്പൻ ഓഫർ നൽകി നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവും രംഗത്ത് വന്നതോടെ ആവേശത്തിലാണ് ഈ മിടുക്കി. പത്രങ്ങളിൽ നിറഞ്ഞു നിക്കുന്ന പീഢനവാർത്തകളാണ് ലൈംഗീകഅതിക്രമങ്ങൾക്കെതിരെ ഒരു ഹ്രസ്വ ചിത്രം നിർമിക്കാൻ മെഹറിനുള്ള പ്രചോദനമായത്.
കാര്യം ഉപ്പയോട് പറഞ്ഞു. ഉപ്പ ഡബിൾ ഒക്കെ. പതിനൊന്നാം ക്ലാസ്സുകാരനായ ചേട്ടൻ അഫ്നാൻ മൊബൈൽ ഫോണിൽ തന്നെ ആശയം ചിത്രീകരിക്കാമെന്നേറ്റു. എഡിറ്റിങ്ങും അഫ്നാൻ തന്നെ ചെയ്യും. പിന്നെ വൈകിയില്ല പടം പിടിച്ചു സ്വാതന്ത്ര ദിനത്തിന് യൂട്യുബിലും ഇട്ടു. ആദ്യം വിളിച്ചത് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവാണ്. ഒരു വമ്പൻ ഓഫറും, പിന്നാലെ കേന്ദ്രമന്ത്രി രാംദാസ് അത് വാലെയുടെ സന്ദേശവുമെത്തി.
നവലോകം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ ശിശുദ്രോഹത്തിനെതിരെ ശക്തമായ പ്രതികരണമായി "പാഠം ഒന്ന് പ്രതിരോധം " എന്ന ഹൃസ്വചിത്രം നില കൊള്ളുന്നതായി കേന്ദ്രമന്ത്രി രാംദാസ് അത് വാലെ പറഞ്ഞു. അതോടൊപ്പം ഈ ഷോർട്ട് ഫിലിമിന് യുവ വിദ്യാർത്ഥികളുടെ മനസിനെയും വ്യക്തിത്വത്തെയും സ്വാധീനിക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മണിയൻ പിള്ളയുടെ ഓഫർ സ്വീകരിച്ചു സാമൂഹപ്രസക്തിയുള്ള ഒരുപാട് ചിത്രങ്ങൾ ഇനിയും ചെയ്യണം എന്ന ആഗ്രഹത്തിലാണ് മെഹ്റിൻ. കഴിഞ്ഞയാഴ്ച യൂട്യൂബിൽ റിലീസ് ചെയ്ത "പാഠം ഒന്ന് പ്രതിരോധം" മികച്ച മാധ്യമശ്രദ്ധയും അഭിപ്രായവും നേടിയിരുന്നു.