'ബ്രേക്കപ്പ് അനിവേഴ്സറി'; യുട്യൂബില്‍ ശ്രദ്ധ നേടി ഫീല്‍ ഗുഡ് ഷോര്‍ട്ട് ഫിലിം

By Web Team  |  First Published Dec 2, 2021, 6:26 PM IST

മ്യൂസിക് 247 യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്


പ്രണയത്തിന്‍റെ മധുരകാലം കഴിഞ്ഞ് കമിതാക്കളില്‍ പലര്‍ക്കും നേരിടേണ്ടിവരുന്ന ഒന്നാണ് ബ്രേക്കപ്പ്. പങ്കാളിയോടുള്ള പ്രണയത്തില്‍ അയാളുടെ/ അവളുടെ നെഗറ്റീവ് വശങ്ങളെ ദൂരത്തേക്ക് നീക്കിനിര്‍ത്തി ഏറെദൂരം മുന്നോട്ടുപോയിക്കഴിഞ്ഞാവും തമ്മിലുള്ള അടിസ്ഥാനപരമായ പല ഭിന്നതകളും ശ്രദ്ധയില്‍ പെടുക. ബ്രേക്കപ്പില്‍ തകര്‍ന്നുപോകുന്നവരും ആ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരുമുണ്ട്. രണ്ടാമത് പറഞ്ഞ വിഭാഗത്തിലെ ഒരു പെണ്‍കുട്ടിയുടെ കഥയാണ് 'ബ്രേക്കപ്പ് ആനിവേഴ്സറി' എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത്.

ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഫാഷന്‍ ഡിസൈനര്‍ 'വൃഷിക'യാണ് ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വൃഷികയുടെ മോണോലോഗിലൂടെ അവളുടെ പ്രണയത്തെയും അതിന്‍റെ തകര്‍ച്ചയെയും പിന്നാലെയെത്തുന്ന 'ബ്രേക്കപ്പ് ആനിവേഴ്സറി'യെക്കുറിച്ചും ചിത്രം പറയുന്നു. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിംഗ്, ഡിഐ, സംവിധാനം എന്നിവയെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദ് പഗയാണ്. ദേവിക ശിവന്‍, അനുപം ജയദീപ്, കാര്‍ത്തിക ശിവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം അനന്ദ് കുമാര്‍, അരിസൈഗ്. മ്യൂസിക് 247 യുട്യൂബ് ചാനലിലൂടെ ഇന്നലെയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഒറ്റ ദിവസത്തില്‍ 22,000ല്‍ ഏറെ കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട് ഈ ഷോര്‍ട്ട് ഫിലിമിന്.

click me!