നമ്മൾ ഉള്ളപ്പോൾ ജനങ്ങളെ ഒരു കൊറോണയ്ക്കും വിട്ടുകൊടുക്കില്ല എന്നാണ് ഈ രണ്ട് മാസ്കുകളും ആത്മവിശ്വാസത്തോടെ പറയുന്നത്.
കൊവിഡ് കാലത്ത് ഏറ്റവുമധികം അത്യന്താപേക്ഷിതമായ വസ്തുവാണ് മാസ്കുകൾ. ഡ്രസ് ധരിക്കുന്നത് പോലെ തന്നെ മാസ്കും ദൈനംദിന വസ്ത്രധാരണത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ മാസ്കുകൾ കഥ പറഞ്ഞു തുടങ്ങിയാൽ എങ്ങനെയുണ്ടാകും? അയയിൽ തൂങ്ങിക്കിടന്ന് രണ്ട് മാസ്കുകൾ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് അയയിലെ കഥ. മാസ്കുകൾ ശീലമാക്കൂ എന്ന സന്ദേശമാണ് ആറ് മിനിറ്റ് ദൈർഘ്യമുള്ള ആ ഹ്രസ്വചിത്രം നൽകുന്നത്.
ആശുപത്രികളിൽ മാത്രം ജീവിച്ചിരുന്ന രണ്ട് മാസ്കുകൾ ഇപ്പോൾ മനുഷ്യർക്കിടയിലാണ് എപ്പോഴുമുള്ളത് എന്നാണ് ഈ വീഡിയോയിലെ മാസ്കുകൾ പറയുന്നത്. മാത്രമല്ല, ഒരു ദിവസം എവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നു എന്നും ഇവർ പറയുന്നുണ്ട്. ഇവർക്കൊപ്പം അയയിലേക്ക് മാസ്കുകളിലെ അപരനായ തൂവാലയും അയയിലേക്ക് എത്തുന്നുണ്ട്. കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന പൊലീസുകാരനെയും നഴ്സിനെയും ഇവർ പരാമർശിക്കുകയും അവർക്ക് ആദരമർപ്പിക്കുകയും ചെയ്യുന്നു. നമ്മൾ ഉള്ളപ്പോൾ ജനങ്ങളെ ഒരു കൊറോണയ്ക്കും വിട്ടുകൊടുക്കില്ല എന്നാണ് ഈ രണ്ട് മാസ്കുകളും ആത്മവിശ്വാസത്തോടെ പറയുന്നത്.
അലക്സ് ബാബു ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. അശ്വിൻ ഫ്രെഡി ഛായാഗ്രഹണവും സുജിത് കുമാർ കലാസംവിധാനവും സുമോദ് ഒ.എസ് ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നു. റയാൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.