സ്പേഡെക്സ് വീണ്ടും നീട്ടിവെക്കാന്‍ കാരണം ത്രസ്റ്ററുകളിലെ പിഴവെന്ന് സൂചന; സ്പേസ് ഡോക്കിംഗ് ഇനിയും വൈകും

By Web Desk  |  First Published Jan 9, 2025, 9:56 AM IST

സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർജറ്റ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് താഴ്ത്താൻ നി‍ർദേശം നല്‍കുന്നതിനിടെയാണ് സാങ്കേതിക പ്രശ്നമുണ്ടായത്


ബെംഗളൂരു: ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പേഡെക്സ്) ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന സ്പേഡെക്സ് പരീക്ഷണം സാങ്കേതിക പ്രശ്നം കാരണം മാറ്റിവെക്കുകയായിരുന്നു. രണ്ടാം തവണയാണ് ഇസ്രൊ സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം നീട്ടിവയ്ക്കുന്നത്. പേടകത്തിന്‍റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകൾ പ്രവർത്തനം നിർത്തിയത് എന്തുകൊണ്ടാണെന്ന് ഐഎസ്ആര്‍ഒ പരിശോധിക്കുന്നു.  

ഐഎസ്ആർഒയുടെ കന്നി സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും. ഇന്ന് (09-01-2025) നടത്താനിരുന്ന സ്പേഡെക്സ് കൂട്ടിച്ചേർക്കൽ ശ്രമം മാറ്റിവയ്ക്കുകയാണെന്ന് ഇന്നലെ രാത്രി തന്നെ ഇസ്രൊ അറിയിച്ചിരുന്നു. സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് താഴ്ത്താൻ ഇന്നലെ രാത്രിയോടെ നൽകിയ നി‍ർദേശം നടപ്പാക്കുന്നതിനിടെയാണ് സാങ്കേതിക പ്രശ്നമുണ്ടായത്. ഉപഗ്രഹങ്ങള്‍ പരസ്പരം അടുക്കുന്നത് നിശ്ചയിച്ചതിലും വേഗത്തിലായതാണ് പ്രശ്നം. പേടകത്തിന്‍റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകൾ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സ്വയം പ്രവർത്തനം നിർത്തിയതാണ് പ്രശ്നമെന്നാണ് ലഭിക്കുന്ന സൂചന. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഇസ്രൊ പരിശോധിക്കുകയാണ്. 

Latest Videos

ഇന്ത്യൻ സമയം അർധരാത്രി കഴിഞ്ഞ് 22 മിനിറ്റിന് ശേഷം ടാസ്മാനിയയിൽ നിന്ന് ലഭിച്ച ചിത്രമനുസരിച്ച് ഇപ്പോൾ സ്പേഡെക്സ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം അഞ്ച് കിലോമീറ്ററിന് അടുത്താണ്. ഡോക്കിംഗ് പരീക്ഷണത്തിനായി നിശ്ചയിച്ചിരിക്കുന്ന അടുത്ത സമയം ഇസ്രൊ അറിയിച്ചിട്ടില്ല. ആദ്യം ജനുവരി 6ന് ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആലോചിച്ചിരുന്നത്. ഇത് സാങ്കേതിക കാരണങ്ങളാല്‍ 9-ാം തിയതിയിലേക്ക് നീട്ടിവെച്ചെങ്കിലും വീണ്ടും പരീക്ഷണം മാറ്റാന്‍ ഐഎസ്ആര്‍ഒ ഇന്നലെ രാത്രി നിര്‍ബന്ധിതമാവുകയായിരുന്നു.

Read more: അപ്രതീക്ഷിത പ്രതിസന്ധി, സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റി, ഉപഗ്രഹങ്ങൾ സുരക്ഷിതമെന്ന് ഇസ്രോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!