ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ എന്തിനാണ് അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സിനെ വിക്ഷേപണത്തിന് തെരഞ്ഞെടുത്തത് എന്ന സംശയം സ്വാഭാവികമായും നിരവധിയാളുകള്‍ക്ക് മനസില്‍ കാണും
ഫ്ലോറിഡ: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വികസിപ്പിച്ച ജിസാറ്റ്-20 (GSAT-20) ഉപഗ്രഹം അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് സ്പേസ് എക്‌സ് പോലൊരു സ്വകാര്യ ബഹിരാകാശ ഏജന്‍സിയെ ഉപഗ്രഹ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തു എന്ന സംശയം നിരവധിയാളുകള്‍ക്ക് മനസില്‍ കാണും.
ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും നവീനവും ഏറെ ഭാരവുമുള്ള കൃത്രിമ ഉപഗ്രഹമാണ് ജിസാറ്റ്-20. ജിസാറ്റ്-എന്‍2 (GSAT-N2) എന്നൊരു പേര് കൂടി ഈ സാറ്റ്‌ലൈറ്റിനുണ്ട്. ഇതിന് 4,700 കിലോഗ്രാമാണ് ഭാരം. ഇത്രയേറെ ഭാരമുള്ള ഒരു സാറ്റ്‌ലൈറ്റ് വിക്ഷേപിക്കാന്‍ നിലവില്‍ ഇന്ത്യക്ക് സ്വയം സാധ്യമല്ല. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം-3യ്ക്ക് 4000 കിലോഗ്രാം ഭാരം ജിടിഒയിലേക്ക് വഹിക്കാനാണ് ശേഷിയുള്ളത്. ജിസാറ്റ്-20യെ ഭ്രമണപഥത്തിലെത്തിക്കാന്‍ എല്‍വിഎം-3 മതിയാവില്ല എന്ന കാരണത്താലാണ് ഉപഗ്രഹ വിക്ഷേപണത്തിന് യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സുമായി ഐഎസ്ആര്‍ഒ കൈകോര്‍ത്തത് എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്.
Liftoff of GSAT-N2! pic.twitter.com/4JqOrQINzE
— SpaceX (@SpaceX)
undefined
സ്പേസ് എക്‌സുമായി ഐഎസ്ആര്‍ഒയുടെ ആദ്യ വാണിജ്യ സഹകരണമാണിത്. എന്നാല്‍ ഇതാദ്യമായല്ല ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒരു കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടുന്നത്. ഭാരമേറിയ സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കാന്‍ മുമ്പ് യൂറോപ്യന്‍ ലോഞ്ച് സര്‍വീസിനെയാണ് ഐഎസ്ആര്‍ഒ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇത് സാധ്യമാകാതെ വന്നപ്പോഴാണ് ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) ആണ് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സുമായി സഹകരിച്ച് 4,700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-20 കൃത്രിമ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയച്ചത്.
സ്പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 എന്ന കൂറ്റന്‍ റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ്-20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40ൽ നിന്ന് ഇന്ന് (ചൊവ്വാഴ്‌ച) പുലർച്ചെ ഇന്ത്യന്‍ സമയം 12.01നായിരുന്നു വിക്ഷേപണം. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ 12.36ഓടെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ ഇന്‍റര്‍നെറ്റും നല്‍കാനായി നിര്‍മിച്ച അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 20. 24 വൈഡ് സ്പോട്ട് ബീമുകളും എട്ട് നാരോ സ്പോട്ട് ബീമുകളും ഉള്‍പ്പടെ ആകെ 32 യൂസര്‍ ഭീമുകളാണ് ജിസാറ്റ്-എന്‍2വില്‍ സജ്ജീകരിച്ചിരിക്കുന്നത്. Ka-ബാന്‍ഡില്‍ തയ്യാറാക്കിയിരിക്കുന്ന ഈ സാറ്റ്‌ലൈറ്റിന് 14 വര്‍ഷത്തെ ആയുസാണ് ഐഎസ്ആര്‍ഒ വിഭാവനം ചെയ്‌തിരിക്കുന്നത്.
Read more: വീണ്ടും ചരിത്രമെഴുതി ഐഎസ്ആർഒ, കൈകോർത്തത് മസ്കിന്റെ സ്പേസ് എക്സുമായി; ജിസാറ്റ് 20 വിക്ഷേപണം വിജയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം