ഇത്തവണ ലോകം മസ്‌കിനെ നമിക്കും! സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണം എങ്ങനെ തത്സമയം കാണാം, ഏറെ സര്‍പ്രൈസുകള്‍

By Web Team  |  First Published Nov 16, 2024, 3:31 PM IST

അഞ്ചാം പരീക്ഷണ ഘട്ടത്തിലേക്കാളേറെ വെല്ലുവിളികള്‍, സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണത്തില്‍ ഇലോണ്‍ മസ്‌ക് കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങളുടെ പട്ടിക


ടെക്‌സസ്: ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആറാം പരീക്ഷണം പ്രഖ്യാപിച്ചു. ടെക്‌സസില്‍ നവംബര്‍ 19ന് അമേരിക്കന്‍ സെന്‍ട്രല്‍ സമയം വൈകിട്ട് 4 മണി മുതലുള്ള അര മണിക്കൂറാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തേറിയതുമായ വിക്ഷേപണ വാഹനത്തിന്‍റെ ആറാം പരീക്ഷണത്തിനായി സ്പേസ് എക്‌സ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ചാം പരീക്ഷണത്തിനേക്കാളേറെ ലക്ഷ്യങ്ങള്‍ ആറാം ഘട്ടത്തില്‍ സ്പേസ് എക്‌സിന് മുന്നിലുണ്ട്. 

സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണ ലിഫ്റ്റോ‌ഫിന് 30 മിനുറ്റ് മുമ്പ് മുതല്‍ തത്സമയ വെബ്‌കാസ്റ്റ് സ്പേസ് എക്‌സ് പ്രഖ്യാപിച്ചു. സ്പേസ് എക്‌സിന്‍റെ വെബ്‌സൈറ്റിലും എക്‌സ് അക്കൗണ്ടിലും ഈ തത്സമയ ദൃശ്യങ്ങള്‍ കാണാം. പുതിയ എക്‌സ് ടിവി ആപ്പിലും ലൈവ് സ്ട്രീമിംഗുണ്ടാകും. കാലാവസ്ഥ അനുസരിച്ച് നേരിയ മാറ്റം സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണ കുതിപ്പിന്‍റെ സമയത്തിലുണ്ടായേക്കാം എന്നതിനാല്‍ അപ്‌‌ഡേറ്റുകള്‍ സ്പേസ് എക്‌സ് വെബ്‌സൈറ്റും എക്‌സ് അക്കൗണ്ടും വഴി പിന്തുടരണമെന്നും കമ്പനി അഭ്യര്‍ഥിച്ചു. 

Latest Videos

undefined

സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണത്തില്‍ എന്തൊക്കെ? 
 
പൂര്‍ണമായും പുനരുപയോഗം ചെയ്യാനാവുന്ന വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പിനെ സംബന്ധിച്ച് ആറാം പരീക്ഷണം ഏറെ നിര്‍ണായകമാണ്. അഞ്ചാം പരീക്ഷണത്തില്‍ വിക്ഷേപണ വാഹനത്തിന്‍റെ ഒന്നാംഘട്ടത്തെ (ബൂസ്റ്റര്‍) സുരക്ഷിതമായി യന്ത്രകൈകളില്‍ (Chopstick) ഇറക്കിയെങ്കില്‍ ആറാം പരീക്ഷണത്തില്‍ മറ്റ് ചില ലക്ഷ്യങ്ങളും സ്പേസ് എക്‌സിനും ഉടമ ഇലോണ്‍ മസ്‌കിനുമുണ്ട്. 

Read more: മഹാത്ഭുതം! 20 നില കെട്ടിടത്തിന്‍റെ വലിപ്പമുള്ള റോക്കറ്റ് ഭാഗം തിരികെ ലാന്‍ഡ് ചെയ്യിച്ച് സ്പേസ് എക്സ്- വീഡിയോ

സ്റ്റാര്‍ഷിപ്പിലെ എന്‍വെലപ് വികസിപ്പിക്കാനും ബൂസ്റ്റര്‍ ശേഷി കൂട്ടാനും സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിനെ പുനരുപയോഗം ചെയ്യുന്നത് പൂര്‍ണമായും ഓണ്‍ലൈനായി നിയന്ത്രിക്കാനും ആറാം പരീക്ഷണഘട്ടത്തില്‍ ലക്ഷ്യമിടുന്നതായി സ്പേസ് എക്‌സ് വ്യക്തമാക്കി. ഒരിക്കല്‍ക്കൂടി ബൂസ്റ്റര്‍ ലാന്‍ഡ് ചെയ്യിക്കുക, ബഹിരാകാശത്ത് വച്ച് ഒരു റാപ്‌ടര്‍ എഞ്ചിന്‍ ജ്വലിപ്പിക്കുക, ഹീറ്റ്‌ഷീല്‍ഡ് പരീക്ഷണങ്ങള്‍ നടത്തുക, റോക്കറ്റിന്‍റെ രണ്ടാംഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലാന്‍ഡ് ചെയ്യുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തുക എന്നിവയും സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണത്തിലെ ലക്ഷ്യമാണ്. 

Read more: ആകാശത്ത് നിന്ന് വീണ റോക്കറ്റിനെ പുഷ്‌പം പോലെ പിടിച്ച യന്ത്രക്കൈ; എന്താണ് 'മെക്കാസില്ല'? വിശദീകരിച്ച് മസ്‌ക്

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് നടന്ന സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണത്തില്‍ റോക്കറ്റിന്‍റെ പടുകൂറ്റന്‍ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭാഗത്തെ ലോഞ്ച് പാഡില്‍ തന്നെ തിരികെ വിജയകരമായി ഇറക്കാന്‍ സ്പേസ് എക്‌സിനായിരുന്നു. ഏകദേശം 400 അടി (121 മീറ്റര്‍) വലിപ്പമുള്ള എക്കാലത്തെയും വലുതും ഭാരമേറിയതും കരുത്തേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. ഇതിലെ 232 അടി അഥവാ 71 മീറ്റര്‍ വരുന്ന ഹെവി ബൂസ്റ്റര്‍ ഭാഗത്തെയാണ് തിരികെ ലോഞ്ച് പാഡില്‍ റോക്കറ്റിന്‍റെ നിര്‍മാതാക്കളായ സ്പേസ് എക്‌സ് ലാന്‍ഡ് ചെയ്യിച്ചത്. 

Read more: ഞെട്ടരുത്, ചൊവ്വയിലും ഇന്‍റര്‍നെറ്റ് എത്തും! 'മാര്‍സ്‌ലിങ്ക്' പദ്ധതിയുമായി മസ്‌ക്; വിസ്‌മയ പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!