രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന വിസ്മയം; ഇസ്രൊയുടെ സ്വപ്ന വിക്ഷേപണം തത്സമയം കാണാന്‍

By Web Desk  |  First Published Dec 30, 2024, 11:02 AM IST

അമ്പോ! രണ്ടായി ആകാശത്ത് തുറന്നുവിടുന്ന രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വച്ച് ഒറ്റ പേടകമാക്കി മാറ്റുന്ന സ്പേഡെക്സ് സ്വപ്‌ന പദ്ധതി ഇന്ന് ഇസ്രൊ ലോഞ്ച് ചെയ്യും, ഇന്ന് രാത്രി നടക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് വിക്ഷേപണം തത്സമയം കാണാന്‍ അവസരം


ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആർഒയുടെ നിർണായക സ്പേഡെക്സ് വിക്ഷേപണം ഇന്ന് നടക്കും. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഡോക്കിംഗ് ദൗത്യം ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ഇന്ത്യന്‍ സമയം രാത്രി 10.15ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ട് ഇസ്രൊയുടെ കരുത്തുറ്റ റോക്കറ്റായ പിഎസ്എല്‍വി-സി60 കുതിച്ചുയരും. 

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ ഡോക്കിംഗ് പരീക്ഷണത്തിന്‍റെ ലോഞ്ച് ഇന്ത്യക്കാര്‍ക്ക് തത്സമയം കാണാന്‍ അവസരമുണ്ട്. ഇന്ന് രാത്രി 9.30 മുതല്‍ ഇസ്രൊയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ സ്പേഡെക്സ് വിക്ഷേപണം ലൈവ് സ്ട്രീമിങ് ചെയ്യും. രാത്രി 10.15നാണ് സ്പേഡെക്സ് ദൗത്യം വിക്ഷേപിക്കുക. 

Latest Videos

പിഎസ്എല്‍വി-സി60 റോക്കറ്റ് വഹിക്കുന്ന ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലാര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നിങ്ങനെയാണ് ഈ ഉപഗ്രഹങ്ങളുടെ പേര്. ഒറ്റ വിക്ഷേണത്തിന് ശേഷം വേര്‍പെടുന്ന ഈ പേടകങ്ങള്‍ തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുക (ഡോക്കിംഗ്). സ്പേഡെക്സ് ദൗത്യം പൂര്‍ത്തിയാവാന്‍ 66 ദിവസമെടുക്കും.

സ്പേഡെക്സ് പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമായി ഇന്ത്യ ചരിത്രത്തില്‍ ഇടംപിടിക്കും. അമേരിക്ക, റഷ്യ, ചൈന എന്നീ ബഹിരാകാശ വമ്പന്‍മാരുടെ കൈവശം മാത്രമാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ നിര്‍മാണത്തിന് ഡോക്കിംഗ് സാങ്കേതികവിദ്യ ഐഎസ്ആര്‍ഒയ്ക്ക് അനിവാര്യമാണ്. ഭാവിയില്‍ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ മൊഡ്യൂളുകളെ വിവിധ ഘട്ടങ്ങളായി വിക്ഷേപിച്ച് ബഹിരാകാശത്ത് വച്ച് ഡോക്കിംഗിലൂടെ കൂട്ടിച്ചേര്‍ക്കാനാണ് ഇസ്രൊയുടെ ആലോചന. 

Read more: ഇസ്രൊയുടെ തന്ത്രപ്രധാന ദൗത്യം; സ്പേഡെക്സ് വിക്ഷേപണം ഇന്ന് രാത്രി; 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!