ആകാശത്ത് തൃശ്ശൂർപ്പൂരവും വെടിക്കെട്ടുമൊക്കെ കാണുമെന്ന പ്രചാരണം വിശ്വസിച്ച് ഉറക്കമിളച്ചവർക്കെല്ലാം നിരാശ സമ്മാനിച്ചൊരു രാത്രിയാണ് കടന്ന് പോയത്.
ആകാശത്ത് തൃശ്ശൂർപ്പൂരവും വെടിക്കെട്ടുമൊക്കെ കാണുമെന്ന പ്രചാരണം വിശ്വസിച്ച് ഉറക്കമിളച്ചവർക്കെല്ലാം നിരാശ സമ്മാനിച്ചൊരു രാത്രിയാണ് കടന്ന് പോയത്. ശരിക്കും എന്താണ് ഈ പെഴ്സീഡ്സ് ഉൽക്കാവർഷം? ഇതൊരു അപൂർവ്വ പ്രതിഭാസമാണോ ? എന്ത് കൊണ്ടാണ് കേരളത്തിലെ ആകാശത്ത് ഇത് പലർക്കും കാണാൻ പറ്റാതിരുന്നത്.
സ്വിഫ്റ്റ് ടട്ടിൽ എന്നൊരു വാൽ നക്ഷത്രമുണ്ട്, 133 വർഷം കൊണ്ടാണിത് സൂര്യനെ ചുറ്റുന്നത്. ആ ചുറ്റലിനിടെ വാൽനക്ഷത്രത്തിൽ നിന്ന് തെറിച്ചുപോകുന്ന പൊടിപടലങ്ങളും മഞ്ഞും ചെറു കഷ്ണങ്ങളുമൊക്കെ അതിന്റെ സഞ്ചാര പാതയിൽ തങ്ങി നിൽക്കും. നമ്മുടെ ഭൂമി ആ വഴി കടന്നു പോകുമ്പോൾ ഈ അവശിഷ്ടങ്ങൾ നമ്മുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തി തീരും. ഇതാണ് എല്ലാ ആഗസ്റ്റ് മാസത്തിലും കാണുന്ന പെഴ്സീഡ്സ് ഉൽക്കമഴ.
undefined
ഉൽക്കമഴ എന്ന് പറയുമെങ്കിലും തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടൊ ആകാശത്തെ തീ മഴയോ ഒന്നും പ്രതീക്ഷിക്കരുത്. വിരലിലെണ്ണാവുന്ന അത്ര കൊള്ളിമീൻ പാച്ചിലുകൾ മാത്രമാണ് പ്രതീക്ഷിക്കേണ്ടത്. നല്ല ക്ഷമയോടെ കാത്തിരുന്നാൽ ഒന്നോ രണ്ടോ പാച്ചിലുകൾ കാണാനായാൽ ഭാഗ്യം. അതും ആകാശം തെളിഞ്ഞിരുന്നാൽ മാത്രം... കേരളത്തിൽ ഇന്നലെ വില്ലനായത് കാലാവസ്ഥയും ഓൺലൈൻ പ്രചാരണങ്ങൾ സൃഷ്ടിച്ച അമിത പ്രതീക്ഷയുമാണ്.
Read more: ഉത്തരന്റെ കാമുകിയായി നിറഞ്ഞാടി കളക്ടർ ദിവ്യ എസ് അയ്യർ -വീഡിയോ
വടക്കൻ ജില്ലകളിലും, മധ്യ കേരളത്തിലും പൊതു മേഘാവൃതമായ ആകാശമായിരുന്നു. ഇതിന് പുറമേയാണ് അന്തരീക്ഷ മലിനീകരണവും പ്രകാശ മലിനീകരണവും, നമ്മുടെ പ്രധാന നഗരങ്ങളിൽ മാനം തെളിഞ്ഞു നിന്നാൽ ആകാശത്ത് നക്ഷത്രങ്ങൾ പോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ചിലർക്ക് ചിത്രങ്ങളെടുക്കാൻ കഴിഞ്ഞു. കൊല്ലത്ത് നിന്ന് ശരത്ത് പ്രഭാവ് എന്ന ആസ്ട്രോ ഫോട്ടോഗ്രാഫർ എടുത്ത ദൃശ്യമാണ് ഇത്
വെളുപ്പിന് രണ്ട് മണിക്കും രണ്ടേ മുക്കാലിനും ഇടയിൽ എടുത്ത 180 ചിത്രങ്ങളിൽ കൊള്ളിമീൻ പതിഞ്ഞ അഞ്ച് ദൃശ്യങ്ങൾ കൂട്ടിച്ചേർത്തതാണ് ഈ ഫോട്ടോ... ശരത്തിനെ പൊലെ ചിത്രം പകർത്താൻ പറ്റിയവർ വേറെയുമുണ്ട്. ഇന്ന് രാത്രിയും കൂടി ഈ ആകാശക്കാഴ്ച കാണാൻ അവസരവുമുണ്ട്. ഉറക്കമിളച്ചോളൂ...പക്ഷേ പൂരത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിക്കരുത് .... ഇന്നും പറ്റിയില്ലെങ്കിൽ അടുത്ത വർഷം നോക്കാം... ഇതിനെല്ലാം കാരണഭൂതനായ സ്വിഫ്റ്റ് ടട്ടിലിനെ കാണണമെങ്കിൽ പക്ഷേ 2126 വരെ കാത്തിരിക്കണം.