ഭൂമിയുടെ താഴ്ന്ന ഭ്രമണപഥം ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണോ, ബഹിരാകാശത്ത് സാറ്റ്‌ലൈറ്റുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാവുന്ന 'കെസ്‌ലര്‍ സിന്‍ഡ്രോം' യാഥാര്‍ഥ്യമാകുന്നോ എന്ന ആശങ്ക സജീവം
തിരുവനന്തപുരം: 'കെസ്‌ലര്‍ സിന്‍ഡ്രോം' എന്നാല്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (ഭൂമിയുടെ താഴ്ന്ന ഭ്രമണപഥം) ബഹിരാകാശ മാലിന്യങ്ങള്‍ നിറഞ്ഞ് കൂട്ടിയിടി സംഭവിച്ചേക്കാമെന്ന ഹൈപ്പോതിസീസ് ആണ്. എന്നാല്‍ കെസ്‌ലര്‍ സിന്‍ഡ്രോം യാഥാര്‍ഥ്യമാകുകയാണോ? നാം അതിന് തൊട്ടടുത്തെത്തിക്കഴിഞ്ഞോ...
എന്താണ് കെസ്‌ലര്‍ സിന്‍ഡ്രോം?
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞന്‍മാരായ ഡൊണള്‍ഡ് ജെ കെസ്‌ലറും ബര്‍ട്ടണ്‍ ജി കോര്‍-പലൈസും 1978-ല്‍ നിര്‍ദേശിച്ച ഒരു ബഹിരാകാശ സാഹചര്യമാണ് കെസ്‌ലര്‍ സിന്‍ഡ്രോം. 'കെസ്‌ലര്‍ ഇഫക്ട്' എന്ന ഒരു പേര് കൂടിയുണ്ട് ഇതിന്. ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളുടെയും മറ്റ് ബഹിരാകാശ വസ്തുക്കളുടെയും ആധിക്യം കാരണമുള്ള കൂട്ടിയിടി സാഹചര്യമാണ് കെസ്‌ലര്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്നത്. ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ബഹിരാകാശ മാലിന്യങ്ങളുടെ അമിത സാന്ദ്രത കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും വരെ ഭീഷണിയാവുമെന്ന് ഈ കെസ്‌ലര്‍ സിന്‍ഡ്രോം സിദ്ധാന്തം പ്രകാരം അനുമാനിക്കുന്നു.
കാലാവധി കഴിഞ്ഞ 3,500 സാറ്റ്‌ലൈറ്റുകള്‍ സഹിതം 14,000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും ചിന്നിച്ചിതറിയ 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്നത്. ഈ ബഹിരാകാശ മാലിന്യങ്ങളുടെ ആധിക്യം ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹങ്ങള്‍ അടക്കമുള്ളവയുടെ ആയുസിന് ഭീഷണിയോ എന്ന ആശങ്ക ഇപ്പോള്‍ ഒരു വിഭാഗം ഗവേഷകര്‍ക്കിടയിലുണ്ട്. 8,102 കിലോ ഭാരമുള്ള ഭീമാകാരമായ നിഷ്ക്രിയ ഉപഗ്രഹം എന്‍വിസാറ്റ് ഇത്തരത്തില്‍ വലിയ ബഹിരാകാശ ഭീഷണി സൃഷ്ടിക്കുന്ന മാലിന്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ്. ഭൂമിയില്‍ നിന്ന് 785 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് എന്‍വിസാറ്റിന്‍റെ സഞ്ചാരം. ഈ ഉപഗ്രഹത്തിന്‍റെ അവശിഷ്ടങ്ങള്‍ 150 വര്‍ഷത്തേക്ക് ബഹിരാകാശത്ത് നിലനിന്നേക്കാം എന്നാണ് ഡോണ്‍ കെസ്‌ലര്‍ 2012ല്‍ പ്രവചിച്ചത്.
സ്റ്റാര്‍ലിങ്കും ഭീഷണി?
സമാനമായി സ്പേസ് എക്സ് കമ്പനിയുടെ സ്വകാര്യ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളും ലോ എര്‍ത്ത് ഓര്‍ബിറ്റിന് ഭീഷണിയാകുമോ എന്ന എന്ന ആശങ്കകളുണ്ട്. വലിപ്പം കുറവെങ്കിലും നിലവില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ള ഉപഗ്രഹങ്ങളുടെ ഇരട്ടി സാറ്റ്‌ലൈറ്റുകള്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയുടെ ഭാഗമായി വിക്ഷേപിക്കാനാണ് സ്പേസ് എക്‌സിന്‍റെ പദ്ധതി.
Read more: 14000ത്തിലേറെ സാറ്റ്‌ലൈറ്റുകള്‍, 120 ദശലക്ഷം അവശിഷ്ടങ്ങള്‍; ബഹിരാകാശത്ത് ആശങ്കയുടെ ട്രാഫിക് ജാം
1978ല്‍ ഡൊണള്‍ഡ് ജെ കെസ്‌ലറും ബര്‍ട്ടണ്‍ ജി കോര്‍-പലൈസും മനസില്‍ കണക്കുകൂട്ടിയ ഹൈപ്പോതീസിസ് മാത്രമായിരുന്നു കെസ്‌ലര്‍ സിന്‍ഡ്രോം എങ്കില്‍ ഈ ബഹിരാകാശ സാഹചര്യത്തെ കുറിച്ചുള്ള ഭയം ഒരുവിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ ഇപ്പോള്‍ സജീവമായിക്കഴിഞ്ഞു. കെസ്‌ലര്‍ സിന്‍ഡ്രോം സംജ്ജാതമായോ എന്നതിന് സ്ഥിരീകരണമില്ലെങ്കിലും ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തില്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ വര്‍ധിക്കുന്നത് പ്രവര്‍ത്തനനിരതമായ സാറ്റ്‌ലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കും ഭാവി ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും കനത്ത ഭീഷണിയാണ്. സാറ്റ്‌ലൈറ്റുകളില്‍ കൂട്ടിയിടി സംഭവിച്ചാല്‍ ഒരു നിമിഷം കൊണ്ട് ഭൂമിയിലെ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വരെ വിച്ഛേദിക്കപ്പെട്ടേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം