യൂറോപ്പ! ഭൂമിക്ക് പുറത്തെ ജീവന്‍റെ ഒളിത്താവളം? അരച്ചുകലക്കി പഠിക്കാന്‍ നാസയുടെ ക്ലിപ്പര്‍ പേടകം

By Web Team  |  First Published Oct 9, 2024, 9:59 AM IST

ഐസ് പാളികള്‍ക്കടിയില്‍ ഇത്തിരി ജലം കണ്ടെത്താന്‍ ക്ലിപ്പര്‍ പേടകം, നാസയുടെ കണ്ണിലുണ്ണിയായി യൂറോപ്പ ഉപഗ്രഹം


ഭൂമിക്ക് പുറത്ത് ജീവനുണ്ടോ? ഏറെക്കാലമായി ശാസ്ത്രലോകം മുന്നോട്ടുവെക്കുന്ന ഈ അതിശയ ചോദ്യത്തിന് മറുപടി നല്‍കാന്‍ യൂറോപ്പയ്ക്കും ക്ലിപ്പര്‍ പേടകത്തിനാകുമോ! ഭൂമിക്ക് പുറത്തുള്ള ജീവനെ കുറിച്ച് പഠിക്കാന്‍ നിര്‍ണായകമായ 'യൂറോപ്പ ക്ലിപ്പര്‍' പേടകം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വകാര്യ സംരംഭകരായ സ്പേസ് എക്‌സും. വ്യാഴത്തിന്‍റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയെയാണ് ക്ലിപ്പര്‍ പേടകം നേരിട്ടെത്തി പഠിക്കുക. 

'യൂറോപ്പ ക്ലിപ്പര്‍', കൗതുകമുള്ള പേര് പോലെ വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയിലെ ജീവന്‍ തേടി ഒരു കൗതുക യാത്രയ്ക്ക് പറക്കാനിരിക്കുകയാണ് നാസയുടെ ക്ലിപ്പര്‍ പേടകം. ഗലീലിയന്‍ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവന്‍റെ തുടിപ്പുകളുണ്ടെങ്കില്‍ അത് കണ്ടെത്തുകയാണ് ക്ലിപ്പറിന്‍റെ ലക്ഷ്യം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചൊവ്വാ ഗ്രഹവുമാണ് ജീവന്‍റെ ഒളിത്താവളങ്ങളായി പൊതുവെ കണക്കാക്കുന്നതെങ്കിലും യൂറോപ്പയിലെ മഞ്ഞുപാളികള്‍ക്കടിയില്‍ ദ്രാവകാവസ്ഥയില്‍ ജലം ഒളിഞ്ഞിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. ജീവന്‍റെ ആധാരത്തിന് ദ്രാവകാവസ്ഥയിലുള്ള ജലം അനിവാര്യമായി കണക്കാക്കുന്നതാണ് ഇതിന് കാരണം. 

Latest Videos

undefined

9 നവീന ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന യൂറോപ്പ ക്ലിപ്പര്‍ പേടകം യൂറോപ്പയുടെ പ്രതലത്തെ വിശദമായി നിരീക്ഷിക്കും. യൂറോപ്പയിലെ തണുത്തുറഞ്ഞ ഐസ് പാളികള്‍ക്കടിയില്‍ ജീവന്‍റെ തുടിപ്പുകളുണ്ടോ എന്ന് കണ്ടെത്തുന്നതിനായി തെര്‍മല്‍ ഇമേജിംഗ്, സ്‌പെക്‌ട്രോമീറ്റര്‍, വിവിധ ക്യാമറകള്‍ എന്നിവ ക്ലിപ്പറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങള്‍ യൂറോപ്പയിലെ അസാധാരണമായ ചൂടും രാസപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്. 

എന്നാല്‍ യൂറോപ്പ ക്ലിപ്പറിന്‍റെ ദൗത്യം ഈ പറയുന്നത് പോലെ അത്രയെളുപ്പമല്ല. വ്യാഴത്തിന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ തന്നെ ക്ലിപ്പര്‍ പേടകം അഞ്ച് വര്‍ഷം സമയമെടുക്കും. ഇത്ര ദൈര്‍ഘ്യമേറിയ ദൗത്യത്തില്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ച് യൂറോപ്പയിലെ ജീവന്‍റെ തുടിപ്പ് ക്ലിപ്പറിന് കണ്ടെത്താനായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ഭൂമിക്ക് പുറത്ത് ജീവന്‍ തേടിയുള്ള വരുംകാല ബഹിരാകാശ ദൗത്യങ്ങള്‍ക്ക് യൂറോപ്പ ക്ലിപ്പര്‍ പേടകം വഴികാട്ടിയാകും എന്ന് നാസ കരുതുന്നു. നിലവില്‍ അമേരിക്കയിലെ മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന്‍റെ വിക്ഷേപണം നാസ നീട്ടിയിരിക്കുകയാണ്. 

കാണാം വീഡിയോ

Read more: വിനാശകാരിയായ മില്‍ട്ടണ്‍ കൊടുങ്കാറ്റിന് മീതെ പറന്ന് ബഹിരാകാശ നിലയം; ശ്വാസം അടക്കിപ്പിടിച്ച് കാണേണ്ട വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!