ചരിത്ര നിമിഷം! ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് ആം പ്രവര്‍ത്തനക്ഷമമായി; വീഡിയോ പങ്കുവെച്ച് ഐഎസ്ആര്‍ഒ

By Web Desk  |  First Published Jan 4, 2025, 1:05 PM IST

ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം (യന്ത്രകൈ) ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന വീഡിയോ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച് ഇസ്രൊ, ഐഎസ്ആര്‍ഒ യന്ത്രകൈ വിക്ഷേപിച്ചത് സ്പേഡെക്സ് ദൗത്യത്തില്‍ 


ബെംഗളൂരു: ബഹിരാകാശ റോബോട്ടിക്സ് രംഗത്ത് ചരിത്രമെഴുതി ഇന്ത്യ. 'സ്പേഡെക്‌സ്' ദൗത്യത്തിനൊപ്പം ഇന്ത്യ വിക്ഷേപിച്ച 'നടക്കും റോബോട്ടിക് ആം' (യന്ത്രകൈ) പ്രവര്‍ത്തനക്ഷമമായി. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം എന്ന വിശേഷണത്തോടെ യന്ത്രകൈയുടെ വീഡിയോ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. തിരുവനന്തപുരം ഐഐഎസ്‌യു (IISU) ആണ് ഈ നടക്കും യന്ത്രക്കൈ വികസിപ്പിച്ചത്. ഭാവിയിൽ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കാൻ പോകുന്ന സാങ്കേതികവിദ്യയാണിത്. 

ബഹിരാകാശത്ത് റോബോട്ടിക് സംവിധാനം വിന്യസിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന അജയ്യരുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്‌സിനൊപ്പം വിക്ഷേപിച്ച വോക്കിംഗ് സ്പേസ് റോബോട്ടിക് ആം പ്രവര്‍ത്തനക്ഷമമായി. സ്പേഡെക്‌സ് ഇരട്ട ഉപഗ്രഹങ്ങളെയും വഹിച്ചുയര്‍ന്ന പിഎസ്എൽവി-സി 60 റോക്കറ്റിനൊപ്പമുണ്ടായിരുന്ന POEM-4ലാണ് ഈ റോബോട്ടിക് ആം ഘടിപ്പിച്ചിരുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇസ്രൊ തദ്ദേശീയമായി നിര്‍മിച്ചതാണ് ഈ യന്ത്രകൈ. ബഹിരാകാശ റോബോട്ടിക്സ് രംഗത്ത് ഇന്ത്യയുടെ പതാകവാഹക പരീക്ഷണമായി ഈ റോബോട്ടിക് ആം മാറുമെന്നുറപ്പ്. 

🇮🇳 , India's first space robotic arm, is in action onboard ! A proud milestone in space robotics. 🚀✨ pic.twitter.com/sy3BxrtRN1

— ISRO (@isro)

Latest Videos

2024 ഡിസംബര്‍ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഐഎസ്ആര്‍ഒ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്പേഡെക്‌സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. പിഎസ്എൽവി റോക്കറ്റിന്‍റെ നാലാം ഘട്ടത്തെ ബഹിരാകാശത്ത് നിലനിർത്തി ചെറു പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്ന പോയം പദ്ധതിയുടെ ഭാഗമായി ഇസ്രൊ അയച്ച 24 ചെറു പരീക്ഷണങ്ങളിലൊന്നാണ് ഈ നടക്കും യന്ത്രകൈ. ഇതിന് പുറമെ ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്സും തിരുവനന്തപുരം ഐഐഎസ്‌ടി വിദ്യാര്‍ഥികള്‍ നിര്‍മിച്ച പൈലറ്റ് ടു അഥവാ ഗ്രേസ് എന്ന പേ ലോഡും പരീക്ഷണങ്ങളുടെ ഭാഗമാണ്. 

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങൾ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ വിജയിപ്പിക്കാനായിട്ടുള്ളൂ. അതിനാല്‍തന്നെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം ഇസ്രൊയുടെ ഡോക്കിംഗ് പരീക്ഷണത്തിനായി കാത്തിരിക്കുന്നത്. 

Read more: മഹാചരിത്രത്തിന്‍റെ ശുഭ സൂചന; സ്പേഡെക്‌സ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ, സിഗ്നലുകൾ കിട്ടിത്തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!