മാനത്ത് പച്ചനിറമൊഴുകുന്നു, അതിനും മീതെ പറന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം; ധ്രുവദീപ്തി വീഡിയോ വൈറല്‍

By Web Desk  |  First Published Jan 7, 2025, 10:21 AM IST

ഭൂമിയില്‍ നിന്നുള്ള ധ്രുവദീപ്തി അഥവാ അറോറയുടെ വീഡിയോകളും ചിത്രങ്ങളും നാം അനവധി കണ്ടിട്ടുണ്ട്, എന്നാല്‍ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ എങ്ങനെയായിരിക്കും അറോറ ദൃശ്യമാവുക? 


തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ധ്രുവദീപ്തി (അറോറ) കാഴ്ച സാമൂഹ്യ മാധ്യമമായ എക്സിൽ (പഴയ ട്വിറ്റര്‍) ശ്രദ്ധേയമാവുന്നു. നാസയുടെ ബഹിരാകാശ യാത്രികൻ ഡോൺ പെറ്റിറ്റാണ് വീഡിയോ എക്‌സില്‍ പങ്കിട്ടത്. 

'ധ്രുവദീപ്തിയ്ക്ക് മുകളിലൂടെ പറക്കുന്നു; തീവ്രമായ പച്ചത്തിളക്കം' എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ ഡോണ്‍ പെറ്റിറ്റ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനകം എട്ട് ലക്ഷത്തോളം കാഴ്‌ചക്കാരെ ലഭിച്ചു. മനോഹരമായ ആകാശനൃത്തമാണ് ഇതെന്നാണ് ഒരു എക്‌സ് യൂസര്‍ വീഡിയോയ്‌ക്ക് താഴെ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രകൃതി അവിശ്വസനീയമാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു. നോര്‍ത്തേണ്‍ ലൈറ്റ് എന്നറിയപ്പെടുന്ന ധ്രുവദീപ്തിയുടെ വീഡിയോയിലെ തീവ്രമായ പച്ച തിളക്കം കാഴ്ചക്കാരെ മയക്കും. 

Flying over aurora; intensely green. pic.twitter.com/leUufKFnBB

— Don Pettit (@astro_Pettit)

Latest Videos

നിലവിൽ ഐഎസ്എസിലെ ഫ്‌ളൈറ്റ് എഞ്ചിനീയറും എക്‌സ്‌പെഡിഷൻ 72 ക്രൂ അംഗവുമാണ് ഡോണ്‍ പെറ്റിറ്റ്. റോസ്കോസ്മോസ് ബഹിരാകാശ യാത്രികരായ അലക്സി ഓവ്ചിനിൻ, ഇവാൻ വാഗ്നർ എന്നിവരാണ് പെറ്റിറ്റിന് ഒപ്പമുള്ളത്. 2024 സെപ്റ്റംബറിൽ റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-26 ബഹിരാകാശ പേടകത്തിലാണ് അദേഹം ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഇതിന് ശേഷം ഐഎസ്എസില്‍ നിന്നുള്ള ആകര്‍ഷമായ വീഡിയോകളും ചിത്രങ്ങളും പെറ്റിറ്റ് എക്‌സില്‍ പങ്കുവെയ്ക്കുന്നുണ്ട്. 

ധ്രുവദീപ്തി ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ളവരാണ് ഏറിയ പങ്കും. ഭൂമിയുടെ കാന്തികമണ്ഡലവുമായി ഇടപഴകുന്ന സൗരകണികകൾ സൃഷ്ടിക്കുന്ന പ്രകൃതിദത്ത പ്രകാശ പ്രദർശനമാണ് ധ്രുവദീപ്തി അഥവാ അറോറ. ദക്ഷിണധ്രുവത്തില്‍ അറോറ ഓസ്ട്രേലിസ് എന്നും ഉത്തരധ്രുവത്തില്‍ അറോറ ബോറിയാലിസ് എന്നും ധ്രുവദീപ്തി അറിയപ്പെടുന്നു. സൗരവാതം വഹിക്കുന്ന സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണങ്ങൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായി ഇടപഴകുകയും അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുക. അങ്ങനെയാണ് പച്ച, ചുവപ്പ്, നീല തുടങ്ങിയ ഊർജ്ജസ്വലമായ നിറങ്ങൾ രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്നത്.

Read more: ക്ലിക്ക് ചെയ്യാന്‍ റെഡിയായിക്കോളൂ; നോർത്തേൺ ലൈറ്റ്സ് ഇനി എപ്പോള്‍, എവിടെ എന്ന് കൃത്യമായി അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!