നിലവിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രൗഢി മങ്ങുമോ, അമ്പരപ്പിക്കുന്ന ഡിസൈനില്‍ ലോകത്തെ ആദ്യ കൊമേഴ്‌സ്യല്‍ സ്പേസ് സ്റ്റേഷന്‍
ന്യൂയോര്‍ക്ക്: ബഹിരാകാശ രംഗത്ത് സ്വകാര്യ കമ്പനികള്‍ ചുവടുവെക്കുന്ന കാലമാണിത്. കൊമേഴ്‌സ്യല്‍ സ്പേസ് നടത്തത്തിന് വരെ തുടക്കമായിക്കഴിഞ്ഞു. ഇതാ ഇപ്പോള്‍ ലോകത്തെ ആദ്യ കൊമേഴ്‌സ്യല്‍ സ്പേസ് സ്റ്റേഷന്‍ (ഹേവന്‍-1) എന്ന ആശയവും രൂപംകൊള്ളുന്നു. യുഎസ് കേന്ദ്രീകൃതമായ സ്റ്റാര്‍ട്ട്അപ്പ് ആയ വാസ്റ്റ് എന്ന കമ്പനിയാണ് ഈ പദ്ധതിക്ക് പിന്നില്‍. നാസ നേതൃത്വം നല്‍കുന്ന കണ്‍സോഷ്യം നിര്‍മിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി താരതമ്യം ചെയ്യുമ്പോള്‍ നവീനമായ ഡിസൈനും ആഡംബര ഹോട്ടല്‍ പോലെ തോന്നിക്കുന്ന ഇന്‍റീരിയറും ഹേവന്‍-1നെ വേറിട്ടതാക്കുമെന്ന് ഡിസൈന്‍ വീഡിയോ വ്യക്തമാക്കുന്നു.
ലോകത്തെ ആദ്യ കൊമേഴ്‌സ്യല്‍ ബഹിരാകാശ നിലയമായ ഹേവന്‍-1ന്‍റെ അന്തിമ ഡിസൈന്‍ പുറത്തുവിട്ടിരിക്കുകയാണ് യുഎസ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്ആപ്പായ വാസ്റ്റ്. ആപ്പിള്‍ പ്രൊഡക്റ്റുകളുടെ പ്രമുഖ ഡിസൈനറായ പീറ്റര്‍ റസല്‍-ക്ലാര്‍ക്കും ബഹിരാകാശ സഞ്ചാരിയായ ആന്‍ഡ്രൂ ഫ്യൂട്‌സെലുമാണ് ഈ സ്വകാര്യ സ്പേസ് സ്റ്റേഷന്‍ രൂപകല്‍പന ചെയ്തത്. മനുഷ്യ കേന്ദ്രീകൃതമായ ഡിസൈന്‍ ഇതിനെ വ്യത്യസ്തമാക്കുന്നു. വളരെ ആഢംബരം നിറഞ്ഞ റിസോര്‍ട്ട് പോലെ തോന്നിക്കുന്ന ഉള്‍ഭാഗമാണ് ഹേവന്‍-1നുള്ളത്. നിലവിലെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കെട്ടിലും മട്ടിലും ഇതിന് വ്യത്യാസം പ്രകടം. മാനത്തെ സ്വര്‍ഗം എന്ന് ഈ ബഹിരാകാശ നിലയത്തെ വിളിച്ചാല്‍ കുറഞ്ഞുപോകില്ല.
undefined
ഐഎസ്എസില്‍ നിന്ന് വ്യത്യസ്തമായി അനായാസം ബഹിരാകാശ സഞ്ചാരികള്‍ക്ക് താമസിക്കാനും ചലിക്കാനും ജോലികള്‍ ചെയ്യാനും ഹേവന്‍-1നുള്ളിലാകും. ആകര്‍ഷകമായ ഇന്‍റീരിയറിന് പുറമെ വളരെ ആധുനികമായ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യകളും ഹേവന്‍-1 ബഹിരാകാശ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്പേസ് എക്‌സിന്‍റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകളുമായി ബന്ധിപ്പിച്ച് ഭൂമിയുമായുള്ള കമ്മ്യൂണിക്കേഷന്‍ ഉറപ്പുവരുത്തും. നാല് സ്വകാര്യ ക്രൂ ക്വാര്‍ട്ടറുകള്‍ ഈ നിലയത്തിലുണ്ടാകും. ഐഎസ്എസിലേക്കാള്‍ വലിയ ക്രൂ ക്വാര്‍ട്ടറുകളാണിത്. ബഹിരാകാശ സഞ്ചാരികളുടെ ഉറക്കം മനോഹരമാക്കാന്‍ ഉതകുന്ന തരത്തിലാണ് ഡിസൈന്‍. ഒരു ക്വീന്‍-സൈസ് ബെഡിന്‍റെ വലിപ്പമുണ്ട് ഉറങ്ങാനുള്ള സംവിധാനത്തിന്. വിനോദത്തിനും വ്യായാമത്തിനുമുള്ള ജിം ഉള്‍പ്പടെയുള്ള വിപുലമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ബഹിരാകാശ സഞ്ചാരികള്‍ക്കുള്ള അത്യാധുനിക താമസ സൗകര്യങ്ങള്‍ക്ക് പുറമെ ഒരു പരീക്ഷണ ലാബ് കൂടിയാണ് ഹേവന്‍-1. 2025ല്‍ സ്പേസ് എക്‌സിന്‍റെ ഫാള്‍ക്കണ്‍ റോക്കറ്റിലാണ് ഹേവന്‍-1നെ വിക്ഷേപിക്കുക. 2026ല്‍ ആദ്യഘട്ട ആളുകളെ വാസ്റ്റ് കമ്പനി ഹേവന്‍-1 കൊമേഴ്സ്യല്‍ സ്പേസ് സ്റ്റേഷനില്‍ എത്തിക്കും. ഹേവന്‍-1 ബഹിരാകാശ നിലയത്തിന്‍റെ ഡിസൈന്‍ വ്യക്തമാക്കുന്ന വീഡിയോയും ചിത്രങ്ങളും വാസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള സ്പേസ് ഹാബിറ്റേഷന്‍ ടെക്‌നോളജി കമ്പനിയാണ് വാസ്റ്റ്. 2021ല്‍ ജെഡ് മക്‌കാലെബ് എന്നയാളാണ് കമ്പനിക്ക് തുടക്കമിട്ടത്. ബഹിരാകാശത്ത് മനുഷ്യര്‍ക്ക് ഏറെക്കാലം തങ്ങാന്‍ കഴിയുന്ന അടുത്ത തലമുറ സ്പേസ് സ്റ്റേഷനുകള്‍ നിര്‍മിക്കുകയാണ് വാസ്റ്റിന്‍റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം