മനുഷ്യ പരിണാമത്തിൽ സങ്കീർണമായ ശബ്ദങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് എങ്ങനെ ലഭിച്ചുവെന്നതിനുള്ള നിർണായക സൂചനകൾ നൽകുന്നതാണ് പഠനം.
മനുഷ്യർക്ക് സംസാരിക്കാനുള്ള കഴിവെങ്ങനെയുണ്ടായി എന്ന ശാസ്ത്രസമസ്യക്ക് ഉത്തരവുമായി ശാസ്ത്രജ്ഞർ. ഫ്രാൻസിലെ ലിയോൺ സർവകലാശാലയിലെ ഗവേഷകരാണ് മനുഷ്യന് സംസാരിക്കാനുള്ള കഴിവ് എങ്ങനെ ലഭിച്ചെന്ന് തലച്ചോറിന്റെ പഠനത്തിലൂടെ അനാവരണം ചെയ്തത്. മനുഷ്യരാശിയെ മാറ്റിമറിച്ച സംസാരമെന്ന സ്വഭാവ സവിശേഷതയുടെ പരിണാമത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്നതാണ് കണ്ടെത്തൽ. കമ്മ്യൂണിക്കേഷൻസ് ബയോളജി എന്ന പ്രശസ്ത ജേണലിലാണ് ശാസ്ത്രസംഘത്തിന്റെ പഠനം പ്രസിദ്ധീകരിച്ചത്. മനുഷ്യ പരിണാമത്തിൽ സങ്കീർണമായ ശബ്ദങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് എങ്ങനെ ലഭിച്ചുവെന്നതിനുള്ള നിർണായക സൂചനകൾ നൽകുന്നതാണ് പഠനം. അതേസമയം, നിലവിലെ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യുന്നതുകൂടിയാണ് കണ്ടെത്തലെന്നും ശ്രദ്ധേയം. ശബ്ദനാളികളുടെ പ്രത്യേകമായ ഘടനയാണ് സംസാരത്തിന്റെ ആവിർഭാവത്തിന് കാരണമെന്നാണ് നിലവിലെ പ്രബലമായ വാദം. ശബ്ദനാളികളുടെ പ്രത്യേകത സംസാരശേഷിയുടെ ആവിർഭാവത്തിന് കാരണമായെങ്കിലും മസ്തിഷ്ക ഘടനകളുടെ സങ്കീർണ്ണമായ പ്രത്യേകതയും സംസാരത്തിന്റെ പരിണാമഘട്ടത്തിൽ നിർണായകമാണെന്ന് പുതിയ പഠനത്തിൽ വ്യക്തമാകുന്നു.
മനുഷ്യ മസ്തിഷ്കത്തിന്റെ വെൻട്രോലാറ്ററൽ പ്രീഫ്രോണ്ടൽ കോർട്ടെക്സിൽ സ്ഥിതി ചെയ്യുന്ന ഫ്രണ്ടൽ ഓപ്പർകുലത്തിന്റെ പ്രീഫ്രോണ്ടൽ മേഖലയുടെ വ്യാപ്തിയാണ് (പിഎഫ്ഒപി-PFOp) മനുഷ്യരിൽ സംസാരശേഷി പരിണമിച്ചുണ്ടാകാനുള്ള പ്രധാന കാരണമെന്നാണ് കണ്ടെത്തൽ. പിഎഫ്ഒപി കോർട്ടെക്സുമായി ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിൽ സംസാര ശേഷിയുമായി ബന്ധപ്പെട്ടെ നിർണായക ഘടകമായ ബ്രോക്കക്ക് അടുത്താണ് പിഎഫ്ഒപി സ്ഥിതി ചെയ്യുന്നതെന്നും ശ്രദ്ധേയം. സംഭാഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിലും പിഎഫ്ഒപി സുപ്രധാന പങ്ക് വഹിക്കുന്നു. വിവരങ്ങൾ വിശകലനം ചെയ്യുന്ന ടെമ്പറൽ ലോബിലെ ബ്രോക്കയുടെ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം ക്രോഡീകരിക്കുന്നതിലും പിഎഫ്ഒ അടിസ്ഥാന പങ്ക് വഹിക്കുന്നുവെന്ന് ഗവേഷകർ കണ്ടെക്കി. മറ്റ് പ്രൈമേറ്റുകളിൽ നിന്ന് മനുഷ്യനെ വേറിട്ട് നിർത്തുന്ന, സംസാരത്തിന് ആവശ്യമായ ഘടകങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രീഫ്രോണ്ടൽ കോർട്ടക്സ് സഹായകമായിയെന്ന് ഇത് സൂചിപ്പിക്കുന്നു.
undefined
പ്രീഫ്രോണ്ടൽ കോർട്ടക്സ് ഫ്രന്റൽ ഓപ്പർകുലത്തിന്റെ വ്യാപ്തി അടുത്തിടെയാണ് തിരിച്ചറിയുന്നത്. ഈ പ്രത്യേകത ഹോമോ സ്പീഷിസുകൾക്ക് മാത്രമാണുള്ളത്. സംസാരശേഷിക്ക് അടിവരയിടുന്ന സങ്കീർണ്ണമായ നാഡീവ്യവസ്ഥയെക്കുറിച്ച് കൂടുതൽ പഠനം നടത്താൻ നിലവിലെ കണ്ടെത്തൽ സഹായകരമാകും.
പ്രീഫ്രോണ്ടൽ മേഖല മനുഷ്യരിൽ പൂർണമായി വികസിച്ചിട്ടുണ്ട്, എന്നാൽ ചിമ്പാൻസികളിൽ ഭാഗികമായി മാത്രമേ വികസിച്ചിട്ടുള്ളൂ. മറ്റ് കുരങ്ങ് സ്പീഷീസുകൾക്കാകട്ടെ ഈ മേഖല ഇല്ല. പ്രീഫ്രോണ്ടൽ കോർട്ടെക്സിനുള്ളിലെ ഫ്രന്റൽ ഓപ്പർകുലത്തിന്റെ വികാസത്തിന്റെ തോതും ചിമ്പാൻസികൾക്ക് അവരുടെ ശ്വാസനാളത്തിലും മുഖപേശികളിലും ഉള്ള സ്വമേധയാ നിയന്ത്രണവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരിലാകട്ടെ പ്രീഫ്രോണ്ടൽ കോർട്ടെക്സിനുള്ളിലെ ഫ്രന്റൽ ഓപ്പർകുലത്തിന്റെ പൂർണമായ വികാസം കാരണം ശ്വാസനാളത്തിലും മുഖപേശികളിലും സ്വമേധയാലുള്ള നിയന്ത്രണം കൂടുതലാണ്, രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഹോമോ സ്പീഷീസ് പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് PFOp ഉയർന്നുവന്നത്. ഈ അദ്വിതീയ മസ്തിഷ്ക ഘടന ആധുനിക മനുഷ്യ വംശത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും വിവിധ ഹോമോ സ്പീഷീസുകളിൽ കണ്ടേക്കാമെന്നും ഇത് സൂചിപ്പിക്കുന്നു.