​ഗഗൻയാന് മുന്നോടിയായുള്ള നിർണായക ദൗത്യം; ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാസംവിധാനത്തിന്റെ പരീക്ഷണം ഇന്ന്

By Web Team  |  First Published Oct 21, 2023, 7:10 AM IST

കുതിച്ചുയർന്ന ശേഷം റോക്കറ്റിന് വല്ലതും സംഭവിച്ചാൽ യാത്രക്കാർ എന്ത് ചെയ്യും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം.


ശ്രീഹരിക്കോട്ട: ഗ​ഗൻയാൻ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നി‌‌ർണായക പരീക്ഷണം നടത്താൻ തയ്യാറായിരിക്കുകയാണ് ഐഎസ്ആ‌‌ർഒ. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ നടക്കും. ആദ്യ യാത്രികരുമായി ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ കുതിക്കും മുൻപ് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്.  അതിലൊന്നാണ് ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം. ബഹിരാകാശ യാത്ര വലിയ റിസ്കുള്ള പരിപാടിയാണ്. റോക്കറ്റിന്റെ മുകളിലാണ് യാത്ര. അതിവേ​ഗമാണ് സഞ്ചാരം. കുതിച്ചുയർന്ന ശേഷം റോക്കറ്റിന് വല്ലതും സംഭവിച്ചാൽ യാത്രക്കാർ എന്ത് ചെയ്യും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം.

വിക്ഷേപണത്തറയിൽ വച്ചോ പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പോ എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ‌ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണിത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനായി തയ്യാറാക്കുന്ന ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ അല്ല ഈ പരീക്ഷണത്തിനായി ഉപയോ​ഗിക്കുന്നത്, മറ്റൊരു പരീക്ഷണ വാഹനമാണ്.  അതാണ് ടെസ്റ്റ് വെഹിക്കിൾ.

Latest Videos

undefined

 ജിഎസ്എൽവി റോക്കറ്റിന്റെ എൽ 40 ബൂസ്റ്ററിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു കുഞ്ഞൻ റോക്കറ്റ്, വികാസ് എഞ്ചിന്റെ കരുത്തിൽ കുതിക്കുന്ന ഈ റോക്കറ്റിന് മുകളിലാണ് ഗഗൻയാൻ യാത്രാ പേടകവും അതിന്റെ രക്ഷാസംവിധാനവും സ്ഥാപിച്ചിട്ടുള്ളത്. യഥാ‌ർത്ഥ വിക്ഷേപണ വാഹനമുപയോ​ഗിക്കുന്നതിന്റെ ഭീമമായ ചിലവ് കുറയ്ക്കാനാണ് ഈ സൂത്രപ്പണി.

സുരക്ഷാ സംവിധാനം

ഇനി ഇസ്രൊ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കാം. ശ്രീഹരിക്കോട്ടയിലെ ഒന്നാം നന്പർ ലോഞ്ച് പാഡിൽ നിന്ന് ടെസ്റ്റ് വെഹിക്കിൾ കുതിച്ചുയർന്ന് അറുപത്തിയൊന്നാം സെക്കൻഡിൽ ക്രൂമൊഡ്യൂളിലെ ഹൈ ആൾട്ടിട്യൂഡ് എസ്കേപ്പ് മോട്ടോറുകൾ പണി തുടങ്ങും, സമുദ്രനിരപ്പിൽ നിന്ന് 11.7 കിലോമീറ്റർ ഉയരത്തിൽ വച്ച് ക്രൂ മൊഡ്യൂളും എസ്കേപ്പ് സിസ്റ്റവും അടങ്ങുന്ന  തല ഭാഗം റോക്കറ്റിൽ നിന്ന് വേർപ്പെടും. റോക്കറ്റ് കടലിലേക്ക് യാത്രാ പേടകം മുകളിലേക്ക്.

അൽപ്പ ദൂരം ഇങ്ങനെ സഞ്ചരിച്ച ശേഷം സമുദ്രനിരപ്പിൽ നിന്ന് പതിനേഴ് കിലോമീറ്റർ ഉയരത്തിൽ വച്ച് ക്രൂ മൊഡ്യൂളും എസ്കേപ്പ് സിസ്റ്റവും തമ്മിൽ വേർപ്പെടും. ക്രൂ മൊഡ്യൂളിന്റെ ദിശ ശരിയാക്കി കടലിലേക്കുള്ള ഇറക്കം.ആദ്യ ഘട്ട പാരച്യൂട്ടുകൾ വേഗത കുറയ്ക്കും. സമുദ്ര നിരപ്പിൽ നിന്ന് രണ്ടര കിലോമീറ്റർ ഉയരത്തിലെത്തും വരെ ഈ പാരച്യൂട്ടുകളാണ് ക്രൂ മൊഡ്യൂളിന്റെ കൂട്ട്.  2.4 കിലോമീറ്റർ ഉയരത്തിലെത്തിയാൽ ആദ്യ ഘട്ട പാരച്യൂട്ടുകൾ വിട്ട് മാറും.

രണ്ടാം ഘട്ട പാരച്യൂട്ടുകൾ വിടരും.സെക്കൻഡിൽ എട്ടര മീറ്റർ വേഗത്തിൽ ക്രൂ മൊഡ്യൂൾ കടലിലേക്ക്. ശ്രീഹരിക്കോട്ടയുടെ കടൽ തീരത്ത് നിന്ന് ഏകദേശം പത്ത് കീലോമീറ്റർ അകെലയാണ് പേടകം ചെന്ന് വീഴുക.  ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക സംഘം കടലിൽ നിന്ന് പേടകത്തെ വീണ്ടെടുക്കും. അപ്പൊ ഇത്രയുമാണ് ഇസ്രൊ 21ന് നടത്താൻ പോകുന്നത്. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ ഇസ്രൊ പദ്ധതിയിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. മനുഷ്യരെ വഹിക്കാൻ പോകുന്ന യഥാ‌ർത്ഥ റോക്കറ്റിന്റെ പരീക്ഷണം 2024ൽ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!