അമൂല്യമായ വജ്രങ്ങൾ നിറഞ്ഞൊരു ഗ്രഹം, കിലോമീറ്ററുകളോളം വജ്രപ്പാളികൾ; റിച്ചാണ് സൗരയൂഥത്തിലെ ഈ കുഞ്ഞൻ ഗ്രഹം

By Web Team  |  First Published Jul 23, 2024, 3:35 PM IST

ബുധന്‍റെ ഉപരിതലത്തിൽ നിന്നും നൂറുകണക്കിന് മൈലുകൾക്ക് താഴെ കിലോമീറ്ററുകളോളം വജ്രങ്ങളുടെ കട്ടിയുള്ള പാളിക്ക് തന്നെ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.


മനുഷ്യരെ സംബന്ധിച്ച് വളരെ സവിശേഷമായ വസ്തുവാണ് വജ്രം. സൌരയൂഥത്തിലെ ഒരു ഗ്രഹത്തിൽ നിറയെ വജ്രങ്ങളുടെ സാന്നിധ്യമുണ്ടാവാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ബെയ്ജിംഗിലെ സെന്‍റർ ഫോർ ഹൈ പ്രഷർ സയൻസ് ആൻഡ് ടെക്നോളജി അഡ്വാൻസ്ഡ് റിസർച്ചിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

ബുധനിൽ വൻ വജ്രശേഖരമുണ്ടാവാമെന്നാണ് യാൻഹാവോ ലിൻ എന്ന ഗവേഷകന്‍റെ നേതൃത്വത്തിൽ നടന്ന പഠനത്തിലെ കണ്ടെത്തൽ.  ബുധന്‍റെ ഉപരിതലത്തിൽ നിന്നും നൂറുകണക്കിന് മൈലുകൾക്ക് താഴെ കിലോമീറ്ററുകളോളം വജ്രങ്ങളുടെ കട്ടിയുള്ള പാളിക്ക് തന്നെ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ബുധനിൽ ഉയർന്ന അളവിൽ കാർബണുണ്ട്. നാസയുടെ മെസഞ്ചർ ബഹിരാകാശ പേടകം ബുധന്‍റെ ഉപരിതലത്തിൽ അസാധാരണമായ കറുത്ത പ്രദേശങ്ങൾ കണ്ടെത്തിയിരുന്നു. ഒരു തരം കാർബണായ ഗ്രാഫൈറ്റാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 

Latest Videos

undefined

ചുട്ടുപഴുത്ത ലാവ തണുത്തുറഞ്ഞാണ് ബുധൻ രൂപപ്പെട്ടത് എന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം. ഈ ലാവ സിലിക്കേറ്റും കാർബണും നിറഞ്ഞതായിരുന്നു. ഗ്രഹത്തിന്‍റെ പുറംതോടും മാന്‍റിലും മാഗ്മ ക്രിസ്റ്റലൈസേഷനിലൂടെയാണ് രൂപപ്പെട്ടത്. അതേസമയം ലോഹഭാഗങ്ങള്‍ ചേർന്ന് അകക്കാമ്പുണ്ടായി. മാന്‍റിലിലെ താപനിലയും മർദവും കാർബണ്‍ ഗ്രാഫൈറ്റായി മാറാൻ അനുകൂലമാണെന്നായിരുന്നു നേരത്തെ ഗവേഷകർ കരുതുയിരുന്നത്. എന്നാൽ ബുധന്‍റെ മാന്‍റിൽ കരുതിയിരുന്നതിനേക്കാൾ 50 കിലോമീറ്റർ ആഴത്തിലാവാം എന്നാണ് 2019ലെ കണ്ടെത്തൽ. അതിനാൽ തന്നെ  താപനിലയും മർദ്ദവും ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യമുണ്ടാകും. അതിന്‍റെ ഫലമായി കാർബൺ വജ്രമായി രൂപാന്തരപ്പെടുമെന്ന് പഠനത്തിൽ പറയുന്നു.

ഇത് തെളിയിക്കാൻ ബെൽജിയൻ, ചൈനീസ് ഗവേഷകരുടെ  സംഘം കാർബൺ, സിലിക്ക, ഇരുമ്പ് എന്നിവ ഉപയോഗിച്ച് ബുധന്‍റെ ആന്തരിക ഘടനയ്ക്ക് സമാനമായ രാസ സംയുക്തം തയ്യാറാക്കി. കമ്പ്യൂട്ടർ മോഡലിന്‍റെ സഹായത്തോടെ വജ്രരൂപീകരണ സാധ്യത കണ്ടെത്തി. പക്ഷേ ഈ വജ്രങ്ങൾ ഖനനം ചെയ്യുന്നത് പ്രായോഗികമല്ല. ഒന്നാമത്തെ കാരണം ഗ്രഹത്തിലെ ഉയർന്ന താപനില. മാത്രമല്ല വജ്രങ്ങൾ ഉപരിതലത്തിൽ നിന്ന് ഏകദേശം 485 കിലോമീറ്റർ താഴെയാണ് സ്ഥിതിചെയ്യുന്നത്. 

ചാന്ദ്രഗവേഷണത്തിൽ അതിനിർണായകം, കോസ്മിക് വികിരണങ്ങൾ ഏൽക്കാത്ത സ്ഥലം; ചന്ദ്രനിൽ സവിശേഷ ഗുഹ കണ്ടെത്തി ഗവേഷകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!