സൂപ്പര്‍മൂണുകള്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ ചന്ദ്രന്‍റെ വലിപ്പക്കൂടുതലും വെളിച്ചക്കൂടുതലും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്
2024 ഓഗസ്റ്റ് 19ന് ലോകം ചാന്ദ്രവിസ്മയത്തിന് സാക്ഷ്യംവഹിക്കും. അന്നേ ദിനം വരാനിരിക്കുന്ന ഫുള്‍ മൂണ്‍ 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍' ആയിരിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ശാസ്ത്രകുതുകികളെ അറിയിച്ചു.
ഈസ്റ്റേൺ ടൈം അനുസരിച്ച് ഓഗസ്റ്റ് 19-ാം തിയതി 2:26 PMനാണ് ഫുള്‍ മൂണ്‍ ദൃശ്യമാവുക. അന്ന് ഇന്ത്യന്‍സമയം രാത്രി 11.56നാണ് ഫുള്‍ മൂണ്‍ കണ്ടുതുടങ്ങുക. ഈ ആകാശക്കാഴ്‌ച മൂന്ന് ദിവസം തുടരും. വരാനിരിക്കുന്ന ഫുള്‍ മൂണ്‍ സൂപ്പര്‍മൂണ്‍ ആണ്. ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോള്‍ 1979ലാണ് ചന്ദ്രന്‍ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിന് സൂപ്പര്‍മൂണ്‍ എന്ന പേര് നല്‍കിയത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിലേക്ക് എത്തുന്നതിലാണ് ഇത്ര പൂര്‍ണതയില്‍ ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നത്. ഈ വര്‍ഷം വരാനിരിക്കുന്ന നാല് സൂപ്പര്‍മൂണുകളില്‍ ആദ്യത്തേതാണ് ഓഗസ്റ്റ് 19ന് തെളിയുക. സെപ്റ്റംബറിലും ഒക്ടോബറിലും സൂപ്പര്‍മൂണുകള്‍ വരാനുണ്ട്. ഓഗസ്റ്റ് 19ലെ സൂപ്പര്‍മൂണ്‍ എന്നത് 'ബ്ലൂ മൂണ്‍' കൂടിയാണ്.
undefined
സൂപ്പര്‍മൂണുകള്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ ചന്ദ്രന്‍റെ കൂടുതല്‍ വലിപ്പവും വെളിച്ചവും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. 30 ശതമാനം അധികം ബ്രൈറ്റ്‌നസും 14 ശതമാനം അധികവലിപ്പവും സൂപ്പര്‍മൂണ്‍ ദിനത്തില്‍ ചന്ദ്രനുണ്ടാകും.
എന്താണ് ബ്ലൂ മൂണ്‍?
രണ്ട് തരം ബ്ലൂ മൂണുകളുണ്ട്. ഇതിന് നീല നിറവുമായി യാതൊരു ബന്ധവുമില്ല. നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെ സാധാരണയായി ബ്ലൂ മൂണ്‍ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഫുള്‍ മൂണാണ് ഓഗസ്റ്റ് 19ന് കാണാന്‍ പോകുന്നത്. ഒരു കലണ്ടര്‍ മാസത്തിനിടെ ദൃശ്യമാകുന്ന രണ്ടാമത്തെ ഫുള്‍ മൂണും അറിയപ്പെടുന്നത് ബ്ലൂ മൂണ്‍ എന്നുതന്നെയാണ്. 1528ലാണ് ആദ്യ ബ്ലൂ മൂണ്‍ രേഖപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. 1940കളിലാണ് മാസത്തിലെ രണ്ടാം ഫുള്‍ മൂണിനെ ബ്ലൂ മൂണ്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. ഓഗസ്റ്റ് 19-ാം തിയതി വരാനിരിക്കുന്ന 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍' ലോകമെമ്പാടും ദൃശ്യമാകും.
Read more: ഗൂഗിള്‍ പല കഷണങ്ങളായി ചിതറുമോ? കുത്തക അവസാനിപ്പിക്കാന്‍ യുഎസ് കടുംകൈക്ക് ഒരുങ്ങുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം