ചുവന്ന ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുമ്പോള്‍ ഏത് തരം ഭരണക്രമമാണ് വേണ്ടത് എന്ന് നിര്‍ദേശിച്ച് ഇലോണ്‍ മസ്ക്
ടെക്‌സസ്: ചൊവ്വയിൽ മനുഷ്യർ സ്ഥാപിക്കുന്ന കോളനിയിലുണ്ടാകുന്ന ഭരണക്രമം ഏതാണെന്നത് നിർദേശിച്ച് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക്. ചൊവ്വയിൽ പ്രത്യക്ഷ ജനാധിപത്യമാണ് ഉണ്ടാകേണ്ടതെന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പകരം അവിടെ ജീവിക്കുന്നവർ ഓരോരുത്തരുമായിരിക്കും തീരുമാനങ്ങള്‍ എടുക്കുകയെന്നും മസ്ക് ചൂണ്ടിക്കാണിക്കുന്നു. ഭൂമിയിലുള്ള ഭരണക്രമം തന്നെയാകുമോ ചൊവ്വയിലുമുണ്ടാകുക എന്ന എക്‌സിലെ ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മസ്ക്.
തങ്ങൾ എങ്ങനെയാണ് ഭരിക്കപ്പെടേണ്ടതെന്ന് 'മാർഷ്യൻസ്' (ചൊവ്വയിൽ ജീവിക്കുന്ന മനുഷ്യർ) തീരുമാനിക്കുമെന്നും ചൊവ്വയില്‍ പ്രാതിനിധ്യ ജനാധിപത്യത്തേക്കാൾ മികച്ചത് പ്രത്യക്ഷ ജനാധിപത്യമാണെന്നും ഇലോണ്‍ മസ്ക് പറയുന്നു. ഏകദേശം രണ്ട് വർഷത്തിനകം ആളില്ലാത്ത സ്റ്റാർഷിപ്പ് പേടകം ചൊവ്വയിലിറങ്ങുകയും, ബഹിരാകാശ സഞ്ചാരികളുമായുള്ള സ്റ്റാർഷിപ്പ് ചൊവ്വയ്ക്ക് സമീപമെത്തുകയും ചെയ്യുമെന്നും മസ്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ഏകദേശം നാല് വർഷത്തിനകം മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള സ്റ്റാർഷിപ്പ് ചൊവ്വയിലേക്ക് കുതിക്കും- ഇലോണ്‍ മസ്ക് കൂട്ടിച്ചേർത്തു. ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയാണ് മസ്‌കിന്‍റെ സ്പേസ് എക്‌സ്.
The Martians will decide how they are ruled. I recommend direct, rather than representative, democracy.
Uncrewed Starships landing on Mars in ~2 years, perhaps with crewed versions passing near Mars, and crewed Starships heading there in ~4 years are all possible. https://t.co/ztvdoa1bKs
സ്പേസ് എക്സ് ജീവനക്കാർക്ക് മാത്രമായി ടൗൺഷിപ്പ് ഇലോണ്‍ മസ്‌ക് നിർമ്മിക്കാനൊരുങ്ങിയ സംഭവം വലിയ വാർത്തയായിരുന്നു. സ്വന്തം മുന്‍സിപ്പാലിറ്റിക്കായി സ്‌പേസ് എക്‌സ് ജീവനക്കാർ കാമറോൺ കൗണ്ടിയിൽ നിവേദനം നൽകുകയും ചെയ്തു. ടെക്സസിലെ സ്പേസ് എക്‌സിന്‍റെ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് സമീപത്തായി പ്രത്യേക മുൻസിപ്പാലിറ്റി വേണമെന്നാണ് നിവേദനത്തിൽ പറയുന്നത്. മസ്കിന്‍റെ പദ്ധതി യാഥാർത്ഥ്യമായാൽ ജീവനക്കാർക്കായി കമ്പനി നടത്തുന്ന ചരിത്ര നീക്കമായി ഇത് മാറും. ബന്ധപ്പെട്ട അധികൃതരിൽ നിന്ന് പച്ചക്കൊടി ലഭിച്ചാൽ സ്പേസ് എക്സിന്‍റെ സെക്യൂരിറ്റി മാനേജറിനെ മുൻസിപ്പാലിറ്റിയുടെ ആദ്യ മേയറായി സ്ഥാനമേൽപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
അമേരിക്കയിലെ തീരദേശ പ്രദേശമായ സൗത്ത് ടെക്‌സസിൽ സ്റ്റാർബേസ് എന്ന മുൻസിപ്പാലിറ്റി ജീവനക്കാർക്കായി ആരംഭിക്കണമെന്നത് ഇലോണ്‍ മസ്കിന്‍റെ സ്വപ്നമാണ്. ഇക്കാര്യം ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്നതുമാണ്.
Read more: അങ്ങനെയാണ് ചൊവ്വയ്ക്ക് രണ്ട് ചന്ദ്രന്‍മാരെ കിട്ടിയത്; ശ്രദ്ധേയമായി പുതിയ പഠനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം