ടെസ്ല ഫാക്ടറിയിൽ റോബോട്ടിന്‍റെ ആക്രമണത്തിൽ ജീവനക്കാരന് ഗുരുതര പരിക്ക്, വിവരം പുറത്ത് വന്നത് ഇങ്ങനെ...

By Web Team  |  First Published Dec 29, 2023, 11:11 AM IST

പുതിയ കാറിന് വേണ്ടി അലുമിനിയം ഭാഗങ്ങൾ മുറിക്കാനായി പ്രോഗ്രാം ചെയ്ത റോബോട്ട് എന്‍ജിനിയറെ യന്ത്ര കൈ ഉപയോഗിച്ച് പൊക്കി എടുക്കുകയായിരുന്നു. എൻജിനിയറുടെ കയ്യിലും മുതുകിലും റോബോട്ടിന്റെ കയ്യിലെ നഖങ്ങൾ ആഴ്ന്നിറങ്ങി


ടെക്സാസ്: തകരാറിലായ റോബോട്ടിന്റെ ആക്രമണത്തിൽ ടെസ്ല ഫാക്ടറിയിലെ എന്‍ജിനിയർക്ക് ഗുരുതര പരിക്ക്. ടെക്സാസിലെ ജിഗാ ഫാക്ടറിയിലാണ് അപകടമുണ്ടായത്. രണ്ട് വർഷം മുന്‍പ് നടന്ന അപകടത്തേക്കുറിച്ചുള്ള അടുത്തിടെ കോടതിയിൽ നൽകിയ മെഡിക്കൽ റിപ്പോർട്ട് പുറത്തായതിന് പിന്നാലെ. രണ്ട് ജീവനക്കാർ നോക്കി നിൽക്കുമ്പോഴായിരുന്നു റോബോട്ട് എന്‍ജിനിയറെ യന്ത്ര കൈ ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ഞെരിക്കുകയും ചെയ്തത്.

പുതിയ കാറിന് വേണ്ടി അലുമിനിയം ഭാഗങ്ങൾ മുറിക്കാനായി പ്രോഗ്രാം ചെയ്ത റോബോട്ട് എന്‍ജിനിയറെ യന്ത്ര കൈ ഉപയോഗിച്ച് പൊക്കി എടുക്കുകയായിരുന്നു. എൻജിനിയറുടെ കയ്യിലും മുതുകിലും റോബോട്ടിന്റെ കയ്യിലെ നഖങ്ങൾ ആഴ്ന്നിറങ്ങിയതായുമാണ് മെഡിക്കൽ റിപ്പോർട്ട് വിശദമാക്കുന്നത്. ഒപ്പമുണ്ടായിരുന്നവർ പെട്ടന്ന് എമർജന്‍സ് ബട്ടണ്‍ ഉപയോഗിച്ച് പ്രവർത്തനം നിലപ്പിച്ചത് മൂലമാണ് എന്‍ജിനിയറുടെ ജീവന്‍ രക്ഷപ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റ എന്‍ജിനിയറെ അപകട സ്ഥലത്ത് നിന്ന് പുറത്ത് കൊണ്ടുപോകുമ്പോൾ അപകടം നടന്ന ഭാഗത്ത് രക്തം തളം കെട്ടിനിന്നിരുന്നതായാണ് റിപ്പോർട്ടിനെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റോബോട്ടുകളെ ഉപയോഗിക്കുന്ന ഫാക്ടറികളിൽ നിന്ന് ഇത്തരത്തിലെ അപകടങ്ങളേക്കുറിച്ച് പുറത്ത് വരുന്ന ആദ്യത്തെ റിപ്പോർട്ട് അല്ല ഇതെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഈ വർഷം നവംബറിൽ ദക്ഷിണ കൊറിയയിൽ സമാനമായ രീതിയിലുണ്ടായ അപകടത്തിൽ പാക്കിംഗ് തൊഴിലാളിയെ റോബോട്ട് ഞെരിച്ച് കൊന്നിരുന്നു. റോബോട്ട് കമ്പനിയിലെ ജോലിക്കാരനായ നാല്‍പതുകാരനെയാണ് റോബോട്ട് ഞെരിച്ച് കൊലപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ ജിയോങ്സാംഗ് പ്രവിശ്യയില്‍ പച്ചക്കറികളെ വേർതിരിച്ച് പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും തകരാറുകള്‍ പരിഹരിക്കാനുമായി എത്തിയ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. മുൻപ് ഈ സെൻസറിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് റോബോട്ട് ജീവനക്കാരന്‍ ഇവിടെയെത്തിയത്. ഇയാളെ റോബോട്ടിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!