ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് തീരശോഷണ ഭീഷണി നേരിടുന്നത്.
രാജ്യത്തിന്റെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ തീരശോഷണ ഭീഷണിയിൽ. മുപ്പത് വർഷത്തിനിടെ പ്രദേശത്തെ നൂറ് മീറ്ററോളം തീരം കടലെടുത്തു. അഭിമാന ദൗത്യമായ ചന്ദ്രയാൻ ഉൾപ്പെടെ നിരവധി വിക്ഷേപണങ്ങൾ നടത്തിയ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് തീരശോഷണ ഭീഷണി നേരിടുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ നൂറ് മീറ്ററിലധികം തീരം ബംഗാൾ ഉൾക്കടൽ കവർന്നെടുത്തു. ഇത് തുടരുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് ഗ്രോയിൻ സ്ഥാപിക്കാനുള്ള നടപടി. വെളളത്തിന്റെ ഒഴുക്ക് തടയാൻ മരം, കോൺക്രീറ്റ് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന നീളമുള്ള ഭിത്തിയാണ് ഗ്രോയിൻ. ശ്രീഹരിക്കോട്ടയിൽ 150 മീറ്റർ നീളത്തിൽ കല്ല് കൊണ്ടുള്ള അഞ്ച് ഗ്രോയിനുകളാണ് നിർമ്മിക്കുക. ആന്ധ്രാപ്രദേശിലെ തീരദേശ പരിപാലന അതോറിറ്റി പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു.
ഗ്രോയിൻ സ്ഥാപിക്കുന്നതിലൂടെ 25 മീറ്ററോളം കടൽത്തീരം തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കുറഞ്ഞത് 60 വർഷത്തേക്കെങ്കിലും പ്രദേശത്ത് തീരശോഷണ ഭീഷണി ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും എസ്.ഡിഎസ് സി ഡയറക്ടർ എ രാജരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 1971 ൽ പ്രവർത്തനം തുടങ്ങിയ സതീഷ് ധവാൻ സ്പേസ് സെന്റർ കഴിഞ്ഞ അര നൂറ്റാണ്ടിൽ രാജ്യത്തിന്റെ ഒട്ടനവധി ബഹിരാകാശ ദൗത്യങ്ങൾ കുതിച്ചുയർന്ന അഭിമാന കേന്ദ്രമാണ്.
undefined