ഭൂമിയിലേക്കെത്തുന്നത് കാണ്ടാമൃഗത്തിന്റെ ഭാരമുള്ള 'മുതുമുത്തശ്ശൻ സാറ്റലൈറ്റ്', കരുതലോടെ ഗവേഷകർ

By Web Team  |  First Published Feb 21, 2024, 10:35 AM IST

1995 ഏപ്രിൽ 21 വിക്ഷേപിച്ച ഇആർഎസ് 2 എന്ന സാറ്റലൈറ്റാണ് ഭൂമിയിലേക്ക് തിരികെ എത്തുന്നത്


ഹൂസ്റ്റൺ: പൂർണവളർച്ചയെത്തിയ ഒരു കാണ്ടാമൃഗത്തിന്റെ ഭാരമുള്ള സാറ്റലൈറ്റ് ഭൂമിയിലേക്ക്. അപകടമുണ്ടാവില്ലെന്ന പ്രതീക്ഷയിൽ ബഹിരാകാശ ഗവേഷകർ. 1995 ഏപ്രിൽ 21 വിക്ഷേപിച്ച ഇആർഎസ് 2 എന്ന സാറ്റലൈറ്റാണ് ഭൂമിയിലേക്ക് ഈ ആഴ്ച എത്തുമെന്ന് യൂറോപ്യൻ സ്പേയ്സ് ഏജൻസി വിശദമാക്കിയത്. ബുധനാഴ്ച മുതൽ എപ്പോൾ വേണമെങ്കിലും ഇത് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കാമെന്നാണ് വിലയിരുത്തൽ. ബാറ്ററികളും കമ്മ്യൂണിക്കഷൻ ആന്റിനയും പ്രവർത്തിക്കാത്തതിനാൽ സാറ്റലൈറ്റ് എപ്പോൾ ഭൂമിയിലേക്ക് പതിക്കുമെന്നോ എവിടെ പതിക്കുമെന്നോ കൃത്യമായ വിവരം ലഭ്യമല്ലെന്നാണ് ബഹിരാകാശ ഗവേഷകർ വിശദമാക്കുന്നത്.

സ്വാഭാവികമായുള്ള തിരിച്ചു വരലായാണ് സാറ്റലൈറ്റിന്റെ വരവിനെക്കുറിച്ച് വിദഗ്ധർ വിശദമാക്കുന്നത്. ഇആർഎസ് 2വിൽ അവശേഷിച്ചിരുന്ന ഇന്ധനം ഭ്രമണ പഥത്തിൽ നിന്ന് മറ്റ് സാറ്റലൈറ്റുകൾക്ക് അപകടം ഉണ്ടാവാത്ത നിലയിലേക്ക് താഴ്ത്താനായി ഉപയോഗിച്ചിരുന്നു. 2011ലാണ് ഇആർഎസ്2 സാറ്റലൈറ്റ് മിഷൻ പൂർത്തിയാക്കിയത്. ഭൂപ്രതലങ്ങളേക്കുറിച്ചും സമുദ്രങ്ങളേക്കുറിച്ചും പ്രകൃതി ദുരന്തങ്ങളേക്കുറിച്ചും വെള്ളപ്പൊക്കം ഭൂമികുലുക്കം എന്നിവയേക്കുറിച്ചുള്ള പഠനങ്ങൾ നടത്താനുള്ള ലക്ഷ്യത്തോടെയാണ് ഇആർഎസ് 2നെ 1995ൽ വിക്ഷേപിച്ചത്. പ്രവർത്തന കാലയളവ് കഴിഞ്ഞതിന് പിന്നാലെ സാറ്റലൈറ്റിനെ യൂറോപ്യൻ സ്പേസ് ഏജൻസി ഭ്രമണപഥത്തിൽ നിന്ന് മാറ്റിയിരുന്നു.

Latest Videos

undefined

സാറ്റലൈറ്റിൽ അവശേഷിച്ചിരുന്ന അവസാന ഇന്ധനവും ബാറ്ററിയും ഈ പ്രവർത്തനത്തിനാണ് ഉപയോഗിച്ചത്. 700 കിലോയിലധികം ഭാരമുള്ള സാറ്റലൈറ്റിന്റെ വലിയൊരു ഭാഗവും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ കത്തിനശിക്കുമെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി വിശദമാക്കുന്നത്. അവശേഷിക്കുന്ന ഭാഗങ്ങൾ കടലിൽ പതിച്ചേക്കുമെന്ന നിരീക്ഷണമാണ് വിദഗ്ധർക്കുള്ളത്. 100 ബില്യണിൽ ഒരാൾക്കാണ് സാറ്റലൈറ്റ് അവശിഷ്ടങ്ങൾ വീണ് അപകടമുണ്ടാവാനുള്ള സാധ്യത എങ്കിലും ജാഗ്രത തുടരുകയാണ് യൂറോപ്യൻ സ്പേയ്സ് ഏജൻസി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!