ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ശോഷണം വര്‍ധിക്കുന്നു, സസൂക്ഷ്‌മം നിരീക്ഷിച്ച് നാസ, 'സൗത്ത് അറ്റ്‌ലാന്‍റിക് അനൊമലി'യുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെ?
കാലിഫോര്‍ണിയ: ഭൂമിയുടെ കാന്തിക മണ്ഡലത്തെ സസൂക്ഷ്‌മം നിരീക്ഷിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൗമോപരിതലത്തിലേക്ക് സൂര്യനില്‍ നിന്ന് അപകടകരമായ റേഡിയേഷന്‍ പ്രവേശിക്കാന്‍ സാധ്യത സൃഷ്ടിക്കുന്ന രീതിയില്‍ കാന്തിക മണ്ഡലത്തിന് ശോഷണം സംഭവിക്കുന്നതായി തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണിത്. കൃത്രിമ ഉപഗ്രഹങ്ങള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന പ്രശ്‌നമാണ് കണ്ടെത്തിയിരിക്കുന്നത്.
ലാറ്റിനമേരിക്ക മുതല്‍ തെക്കുപടിഞ്ഞാറൻ ആഫ്രിക്ക വരെ വ്യാപിച്ചുകിടക്കുന്ന തീവ്രത കുറഞ്ഞ കാന്തിക മണ്ഡല മേഖലയായ സൗത്ത് അറ്റ്‌ലാന്‍റിക് അനൊമലി (എസ്എഎ) ആണ് ഗവേഷകര്‍ക്കിടയില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നത്. ഈ മേഖലയിലെ കാന്തികമണ്ഡലത്തിനുള്ള ബലക്ഷയം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നു എന്നാണ് നാസയുടെ അനുമാനം. അതിനാല്‍ ഈ മേഖലയിലൂടെ കടന്നുപോകുന്ന ഭൗമോപഗ്രഹങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും തകരാറുകള്‍ സംഭവിച്ചേക്കാം എന്ന് നാസ ഭയക്കുന്നു. 2020ലാണ് എസ്എഎയെ കുറിച്ച് ആദ്യം മുന്നറിയിപ്പുണ്ടായത്. ഉടനടിയല്ലെങ്കിലും കാന്തിമ മണ്ഡലത്തിന്‍റെ ബലക്ഷയം ധ്രുവ മാറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയും ഗവേഷകര്‍ക്കിടയില്‍ സജീവമാണ്.
Read more: ബഹിരാകാശത്തെ ഓരോരോ കൗതുകങ്ങളേ; സുനിത വില്യംസും സംഘവും പുതുവർഷത്തെ വരവേറ്റത് 16 തവണ
സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജിത കണങ്ങളെ വികര്‍ഷിച്ച് ഭൂമിക്ക് സംരക്ഷണം നല്‍കുന്ന കവച മേഖലയാണ് കാന്തിമ മണ്ഡലം. എന്നാല്‍ കാന്തിക മണ്ഡലത്തിന്‍റെ ബലക്ഷയം സൗരകിരണങ്ങള്‍ ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്താന്‍ കാരണമാകും. അതിനാല്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടാകുന്ന മാറ്റങ്ങളെ നാസ ഭൗമോപഗ്രഹങ്ങളും ബഹിരാകാശ പേടകങ്ങളും വഴി നിരീക്ഷിച്ചുവരികയാണ്. ഭാവിയില്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റിലുള്ള കൃത്രിമ ഉപഗ്രഹങ്ങളെയും ബഹിരാകാശ സഞ്ചാരികളെയും എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ള പഠനങ്ങളിലാണ് തങ്ങളെന്ന് നാസ പറയുന്നു.
Read more: ടെക് 'വലയില്‍ വീണ കിളികളായി നാം'; ലോകം കീഴ്മേല്‍ മറിഞ്ഞ 2000-2024, പ്രധാന സാങ്കേതിക നേട്ടങ്ങള്‍ ഇവ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം