വൈദ്യുതി പോയി, പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു; പൊളാരിസ് ഡോൺ ദൗത്യം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്?

By Web Team  |  First Published Dec 21, 2024, 5:06 PM IST

കാലിഫോർണിയയിലെ സ്പേസ് എക്സ് കേന്ദ്രത്തിൽ വൈദ്യുതി തടസപ്പെട്ടതോടെ കണ്‍ട്രോള്‍ റൂമും പൊളാരിസ് ഡോൺ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു, ഒടുവില്‍ ഇലോണ്‍ മസ്‌കിന്‍റെ രക്ഷയ്‌ക്കെത്തിയത് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ എന്ന് റിപ്പോര്‍ട്ട്


കാലിഫോര്‍ണിയ: സ്വകാര്യ വ്യക്തികൾക്ക് ബഹിരാകാശം അപ്രാപ്യമല്ലെന്ന് തെളിയിച്ച ദൗത്യമായിരുന്നു സ്പേസ് എക്സിന്‍റെ 2024 സെപ്റ്റംബറിലെ പൊളാരിസ് ഡോൺ ദൗത്യം. സ്വകാര്യ വ്യക്തികള്‍ സംഘടിപ്പിക്കുന്ന ആദ്യ ബഹിരാകാശ നടത്തമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ദൗത്യത്തിനിടെ വൈദ്യുതി തടസം സംഭവിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്ന് കാലിഫോർണിയയിലെ സ്പേസ് എക്സ് കേന്ദ്രത്തിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് പൊളാരിസ് ഡോൺ ദൗത്യം നിയന്ത്രിച്ചിരുന്ന ഗ്രൗണ്ട് കൺട്രോളും പേടകവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതായാണ് റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്.

പൊളാരിസ് ഡോൺ ദൗത്യത്തിനിടെ സ്പേസ് എക്‌സ് കേന്ദ്രത്തിൽ വൈദ്യുതി തടസമുണ്ടായ സംഭവം അന്ന് പുറത്തറിഞ്ഞിരുന്നില്ല. പക്ഷേ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഡ്രാഗൺ പേടകത്തിലുള്ളവർക്ക് ആവശ്യമായ കമാൻഡുകൾ നൽകാൻ കൺട്രോൾ സെന്ററിന് സാധിക്കാതെ വന്നതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. സഞ്ചാരികൾ ഈ സമയത്ത് പേടകത്തിൽ സുരക്ഷിതരായിരുന്നു. തുടർന്ന് സ്‌പേസ് എക്‌സിന്‍റെ സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖലയുടെ സഹായത്തോടെയാണ് അത്യാവശ്യ വിവരങ്ങൾ പേടകത്തിലുള്ളവരുമായി കൈമാറാനായത്. 

Latest Videos

undefined

ദൗത്യത്തിനിടെ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ തീരുമാനങ്ങളെടുക്കാൻ മിഷൻ കൺട്രോളുമായുള്ള ബന്ധമാണ് ഉപകരിക്കുക. സംഭവത്തിൽ സ്‌പേസ് എക്‌സിന്‍റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ബഹിരാകാശ ദൗത്യങ്ങൾക്കിടെ നടക്കുന്ന ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങൾ സ്വകാര്യ കമ്പനികൾ മറച്ച് വെയ്ക്കുമോ എന്ന ആശങ്ക ഇതോടെ ശക്തമായിട്ടുണ്ട്.

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിച്ച വലിയ നേട്ടങ്ങളിലൊന്നാണ് പൊളാരിസ് ഡോൺ ദൗത്യം. 2024 സെപ്റ്റംബർ പത്തിനാണ് പൊളാരിസ് ഡോൺ വിക്ഷേപിച്ചത്. അഞ്ച് ദിവസം ദൈർഘ്യമുള്ള യാത്രാ ദൗത്യമായിരുന്നു ഇത്. ഷിഫ്റ്റ്4 സിഇഒ ജാരെഡ് ഐസക്മാന് വേണ്ടിയാണ് സ്‌പേസ് എക്‌സ് ഈ ദൗത്യം സംഘടിപ്പിച്ചത്. ഐസക്മാനെ കൂടാതെ സ്‌കോട്ട് പൊട്ടീറ്റ്, സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരും ദൗത്യത്തിന്‍റെ ഭാഗമായിരുന്നു.

Read more: മഹാവിജയം! പൊളാരിസ് ഡോൺ ദൗത്യസംഘം സുരക്ഷിതമായി തിരിച്ചെത്തി, ചരിത്രത്തില്‍ ഇടംപിടിച്ച് ബഹിരാകാശ നടത്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!