ലൂണ തകര്‍ന്നു വീണതിന് പിന്നാലെ റഷ്യയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Web Team  |  First Published Aug 22, 2023, 12:53 PM IST

നേരത്തെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യങ്ങളുടെയും ഭാഗമായിരുന്ന മിഖൈല്‍ മാരോവ് തന്റെ ഔദ്യോഗിക ജീവിതത്തിന് ലൂണ 25 ന്റെ വിജയിക്കുന്നതോടെ അവസാനം കുറിക്കാനിരുന്നതായിരുന്നു. 


മോസ്കോ: അര നൂറ്റാണ്ടിനിടയിലെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്ന ലൂണ - 25 തകര്‍ന്നു വീണതോടെ ബഹിരാകാശ ഗവേഷണ രംഗത്തെ റഷ്യയുടെ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയേറ്റത്. ലാന്റിങിന് മുന്നോടിയായിലുള്ള പ്രശ്നങ്ങള്‍ കാരണം ചാന്ദ്രോപരിതലത്തില്‍ ലൂണ 25 തകര്‍ന്നു വീണതിന് പിന്നാലെ റഷ്യയിലെ മുതിര്‍ന്ന ഭൗതികശാസ്ത്രജ്ഞനും ബഹിരാകാശവിദഗ്ധനുമായ മിഖൈല്‍ മാരോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 വയസുകാരനായ അദ്ദേഹത്തിന് ദൗത്യ പരാജയത്തിന് ശേഷം സാരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി ദ ഇന്‍ഡിപെന്റന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൂണ തകര്‍ന്ന് മണിക്കൂറുകള്‍ക്കം മിഖൈല്‍ മാരോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാജയം വലിയ ആഘാതമാണ് അദ്ദേഹത്തിനുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. "ഞാന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എങ്ങനെ ഞാന്‍ വിഷമിക്കാതിരിക്കും, ഇതൊരു വലിയ പ്രശ്നം തന്നെയാണ്" മോസ്കോയിലെ ക്രെംലിനിലുള്ള സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

Latest Videos

undefined

നേരത്തെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യങ്ങളുടെയും ഭാഗമായിരുന്ന മിഖൈല്‍ മാരോവ് തന്റെ ഔദ്യോഗിക ജീവിതത്തിന് ലൂണ 25 ന്റെ വിജയത്തോടെ അവസാനം കുറിക്കാനിരുന്നതായിരുന്നു. "ലാന്റിങ് സാധ്യമാവാതിരുന്നത് ഏറെ ദുഃഖകരമാണ്. എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ ചാന്ദ്ര ദൗത്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള അവസാന പ്രതീക്ഷയായിരുന്നു ഇത്" - മിഖൈല്‍ മാരോവ് പറഞ്ഞു. ലൂണയുടെ തകര്‍ച്ചയ്ക്ക് കാരണമായ വസ്‍തുതകള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടുകയും പഠന വിധേയമാക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സോവിയറ്റ് കാലത്തെ ലൂണ ദൗത്യങ്ങളുടെ പ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെയാണ് റഷ്യ ലൂണ - 25നെ ചന്ദ്രനിലേക്ക് അയച്ചത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള അകലം വര്‍ദ്ധിക്കുമ്പോള്‍ ചാന്ദ്ര ദൗത്യത്തില്‍ സ്വന്തമായ ഇടം തിരിച്ചുപിടിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇത്. എന്നാല്‍ ലൂണയുമായുള്ള ആശയ വിനിമയം അപ്രതീക്ഷിതമായി നിലച്ചുവെന്ന് ഞായറാഴ്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോമോസ് സ്ഥിരീകരിക്കുകയായിരുന്നു.

Read also:  ചാന്ദ്രദൗത്യത്തിൽ റഷ്യക്ക് വമ്പൻ തിരിച്ചടി, ലൂണ തകർന്നുവീണു; സ്ഥീരീകരിച്ച് റഷ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!