സമുദ്രാന്തർ ഭാഗത്ത് എന്തുകൊണ്ടാണ് ഇത്രയും വലിയ ഗുരുത്വാകർഷണ ഗർത്തമുണ്ടായെന്നത് ശാസ്ത്രജ്ഞരെ കുഴക്കിയ ചോദ്യമായിരുന്നു.
ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിലെ അതിഭീമ ഗുരുത്വാകർഷണ ഗർത്തത്തിന് പിന്നിലെ രഹസ്യം കണ്ടെത്തി ശാസ്ത്ര സംഘം. ഇന്ത്യൻ മഹാസമുദ്രത്തിൽ 30 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഗുരുതാകർഷണ ഗർത്തം കാണപ്പെടുന്നത്. ശ്രീലങ്കക്ക് തെക്കുഭാഗത്താണ് ജിയോയിഡ് അനോമലി എന്ന പേരിലറിയപ്പെടുന്ന ഗർത്തമുള്ളത്. ബെംഗളൂരു ഐ ഐ എസ് സി, ജർമനിയിലെ ജിഎഫ്ഇസെഡ് റിസർച്ച് സെന്റർ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഗർത്തത്തിന് പിന്നിലെ കാരണം കണ്ടെത്തിയത്. ഗർത്ത ഭാഗത്ത് സമുദ്രനിരപ്പ് അന്താരാഷ്ട്ര ശരാശരിയേക്കാൾ 106 മീറ്റർ കുറവാണ്. ഭൂമയിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലവും ഇവിടെ കുറവാണ്.
ഗുരുത്വാകർഷണം കുറഞ്ഞ സമുദ്രാന്തർ ഭാഗങ്ങളിൽ ഉപരിതലം ഗർത്തം പോലെ ചുരുങ്ങുന്നതാണ് പ്രതിഭാസത്തിന് പിന്നിലുള്ള കാരണമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സമുദ്രാന്തർ ഭാഗത്ത് എന്തുകൊണ്ടാണ് ഇത്രയും വലിയ ഗുരുത്വാകർഷണ ഗർത്തമുണ്ടായെന്നത് ശാസ്ത്രജ്ഞരെ കുഴക്കിയ ചോദ്യമായിരുന്നു. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം പുരാതര സമുദ്രമായ ടെത്തിസിന്റെ അവശിഷ്ടത്തിൽ നിന്നാണ് ഈ ഭീമൻ ഗുരുത്വാകർഷണ ഗർത്തമുണ്ടായതെന്ന് പറയുന്നു.
രണ്ട് ഇന്ത്യൻ ഗവേഷകരായ ദേബാഞ്ജൻ പാലും ആത്രേയി ഘോഷുമാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഭൂവർക്കത്തിനും ഉൾക്കാമ്പിനും ഇടയിലുള്ള ഭൂമിയുടെ പാളിയിലെ ഭാരം കുറഞ്ഞ വസ്തുക്കളുടെ സാന്നിധ്യമാണ് ഈ പ്രദേശത്തെ ഗുരുത്വാകർഷണം കുറയുന്നതിന് കാരണമാകുന്നതെന്നും ഗവേഷകർ കണ്ടെത്തി. ഗോണ്ട്വാന, ലോറേഷ്യ എന്നീ മഹാഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന ഒരു ചരിത്രാതീത സമുദ്രമായിരുന്നു ടെതിസ്.