16 വർഷം ഒറ്റയ്ക്ക് കൂട്ടിൽ, പെൺ മുതലയ്ക്ക് കുഞ്ഞ്; അമ്പരപ്പ്, ഉത്തരവാദിയെ കണ്ടെത്തി

By Web Team  |  First Published Jun 10, 2023, 12:34 PM IST

ആണ്‍മുതലകളുടെ സാന്നിധ്യമില്ലാതെ മുട്ടയിടുന്നത് തന്നെ അപൂര്‍വ്വമാണ്. അതിലും അപൂര്‍വ്വമാണ് ഈ മുട്ടകളില്‍ ജീവന്‍റെ സാന്നിധ്യമുണ്ടാകുന്നത്. പതിനാറ് വര്‍ഷത്തിനടയില്‍ ഒരിക്കല്‍ പോലും ആണ്‍ മുതലകളുമായി സമ്പര്‍ക്കമില്ലാത്ത കോഖ്വിറ്റയുടെ 'ഗര്‍ഭ'ത്തിന് ഉത്തരവാദിയെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ അടുത്തിടെയാണ് അവസാനിച്ചത്.


സാന്‍ ജോസ്: 16 വര്‍ഷത്തോളമായ ആണ്‍ മുതലകളുമായി സമ്പര്‍ക്കമില്ലാതെ മൃഗശാലയില്‍ കഴിഞ്ഞ പെണ്‍മുതലയ്ക്ക് കുഞ്ഞുണ്ടായി. സംഭവം 2018ലാണ് നടന്നത്. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന ശാസ്ത്ര ലോകത്തിന്‍റെ അന്വേഷണത്തിന് അവസാനമായത് അടുത്തിടെയാണ്. കോസ്റ്റാറിക്കയിലെ പരാഖ് റെപ്റ്റിലാന്‍ഡിയ മൃഗശാലയിലായിരുന്നു കോഖ്വിറ്റ എന്ന പെണ്‍മുതല മുട്ടകളിട്ടത്. സംഭവം അപൂര്‍വ്വമായതിനാല്‍ മൃഗശാല അധികൃതര്‍ മുട്ടകളെ ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചു. പിന്നീട് മുട്ടകള്‍ പരിശോധിച്ച മൃഗശാല അധികൃതര്‍ ഇവയിലൊന്നില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ മുതലക്കുഞ്ഞിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ആണ്‍മുതലകളുടെ സാന്നിധ്യമില്ലാതെ മുട്ടയിടുന്നത് തന്നെ അപൂര്‍വ്വമാണ്. അതിലും അപൂര്‍വ്വമാണ് ഈ മുട്ടകളില്‍ ജീവന്‍റെ സാന്നിധ്യമുണ്ടാകുന്നത്. പതിനാറ് വര്‍ഷത്തിനടയില്‍ ഒരിക്കല്‍ പോലും ആണ്‍ മുതലകളുമായി സമ്പര്‍ക്കമില്ലാത്ത കോഖ്വിറ്റയുടെ 'ഗര്‍ഭ'ത്തിന് ഉത്തരവാദിയെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ അടുത്തിടെയാണ് അവസാനിച്ചത്. ബയോളജി ലെറ്റേഴ്സ് എന്ന ജേണലിലാണ് ദിവ്യഗര്‍ഭത്തിനുള്ള ഉത്തരവാദിയാരാണെന്ന് വിശദമാക്കുന്നത്. കോഖ്വിറ്റയുടെ ഗര്‍ഭത്തിന് പൂര്‍ണമായും ഉത്തരവാദി കോഖ്വിറ്റ തന്നെയാണെന്നാണ് ശാസ്ത്ര ലോകം വിശദമാക്കുന്നത്.

Latest Videos

undefined

കോഖ്വിറ്റയുടെ മുട്ടകളില്‍ നിന്ന് ലഭിച്ച പൂര്‍ണ വളര്‍ച്ചയെത്തിയ ഭ്രൂണത്തിന്‍റെ ഡിഎന്‍എയുടെ പരിശോധനാ ഫലം അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. 99.9ശതമാനവും ഈ ഭ്രൂണത്തിന് സാമ്യം ഉണ്ടായിരുന്നത് കോഖ്വിറ്റയുടെ ഡിഎന്‍എയോട് തന്നെയായിരുന്നുവെന്നാണ് പരിശോധനഫലങ്ങള്‍ വ്യക്തമാക്കുന്നത്. കൂടുകളില്‍ അടച്ച് വളര്‍ത്തുന്ന മുതലകള്‍ മുട്ടയിടുന്നത് അസാധാരണമാണ്. എന്നാല്‍ 14 മുട്ടകളാണ് കോഖ്വിറ്റയിട്ടത്. വിര്‍ജീനിയ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ഡോ. വാരന്‍ ബൂത്തിന്‍റേതാണ് പഠനം. പാർത്തെനൊജെനസിസ്‌ എന്ന പ്രതിഭാസത്തേക്കുറിച്ച് ദശാബ്ദമായി പഠനം നടത്തുന്ന ഗവേഷകനാണ് ഡോ. വാരന്‍ ബൂത്ത്. ആണും പെണ്ണും ഇണചേർന്ന് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന പൊതുവായ പ്രത്യുദ്പാദന രീതി നിലനിൽക്കുമ്പോൾ തന്നെ ചില പ്രത്യേക സാഹചര്യങ്ങളിൽ പെണ്‍ ജീവിക്ക് വേണ്ടി വന്നാൽ സ്വയം പ്രത്യുത്പാദനം നടത്താൻ സാധിക്കുന്ന കഴിവാണ് പാർത്തെനൊജെനസിസ്‌ എന്ന പ്രതിഭാസം.

കോഖ്വിറ്റയുടെ കാര്യത്തിലും ഈ പ്രതിഭാസമാണ് നടന്നതെന്നാണ് കണ്ടെത്തല്‍. പാമ്പുകള്‍, പ്രാവുകള്‍,  പല്ലികള്‍, ആമകള്‍, സ്രാവുകള്‍ എന്നിങ്ങനെ ചില ജീവികളില്‍ ഈ പ്രതിഭാസം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതിലേക്ക് മുതലയും കോഖ്വിറ്റയുടെ ദിവ്യ ഗര്‍ഭത്തിലൂടെ ചേര്‍ത്തിരിക്കുകയാണ്. ഇത്തരത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ വലുപ്പക്കുറവ് അടക്കമുള്ള തകരാറുകള്‍ കാണാറുണ്ട്. പലതും പൂര്‍ണ വളര്‍ച്ചയെത്താതെ ചത്ത് പോവാറുമുണ്ട്. എന്നാല്‍ ചിലവ പൂര്‍ണമായ അതിജീവനം നടത്താറുമുണ്ടെന്നാണ് ഗവേഷണം വിശദമാക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ ഇവയ്ക്കും പാർത്തെനൊജെനസിസിലൂടെയും ഇണ ചേര്‍ന്നും പ്രത്യുല്‍പാദനം നടത്തുന്നത് സാധ്യമാണെന്നും ഗവേഷകര്‍ വിശദമാക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!