ഭൂമിക്ക് ഇത്രയും സമീപത്ത് ഒരു ഛിന്നഗ്രഹം അതിവേഗത്തില്‍ എത്തുന്നതായി ഈയടുത്തൊന്നും മുന്നറിയിപ്പുണ്ടായിരുന്നില്ല, അതീവ ജാഗ്രതയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ
കാലിഫോര്‍ണിയ: ഡിസംബര്‍ ആദ്യം റഷ്യക്ക് മുകളില്‍ ഒരു ഛിന്നഗ്രഹം കത്തിയമര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ഈ ഛിന്നഗ്രഹ ജ്വാലയുടെ വീഡിയോകളും ചിത്രങ്ങളും അന്ന് പുറത്തുവന്നതാണ്. ഇപ്പോള്‍ മറ്റൊരു ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് കടന്നുവരുമോ എന്നതാണ് ചോദ്യം. കാറിന്‍റെ വലിപ്പം കണക്കാക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിക്ക് വളരെ അടുത്തുകൂടെ ഇന്ന് കടന്നുപോകും എന്ന നാസയുടെ മുന്നറിയിപ്പാണ് ആകാംക്ഷ സൃഷ്ടിക്കുന്നത്.
ഏകദേശം 13 അടി മാത്രം വ്യാസമുള്ള ഛിന്നഗ്രഹമാണ് ഇന്ന് ഡിസംബര്‍ 29ന് ഭൂമിക്ക് വളരെ അടത്തുകൂടെ കടന്നുപോവുക. 2024 YR6 എന്നാണ് ഈ ബഹിരാകാശ പാറക്കഷണത്തിന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ 2024 വൈആര്‍6 ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കില്ല എന്നാണ് അനുമാനം. ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ ഇന്ന് കടന്നുപോകുമ്പോള്‍ ഈ ഛിന്നഗ്രഹവും നമ്മുടെ ഗ്രഹവും തമ്മിലുള്ള അകലം 161,000 മൈല്‍ മാത്രമായിരിക്കും. ഒരു ബസിന്‍റെ വലിപ്പം കണക്കാക്കുന്ന രണ്ട് ഛിന്നഗ്രഹങ്ങളും ഡിസംബര്‍ 29ന് ഭൂമിക്ക് അരികിലെത്തുന്നുണ്ട്. 2024 വൈഎ5 എന്ന ഛിന്നഗ്രഹം ഭൂമിക്ക് 218,000 മൈലും, 2024 വൈബി5 എന്ന ഛിന്നഗ്രഹം 689,000 മൈലും അകലത്തിലൂടെ കടന്നുപോവുക. 2024 YA5 ഛിന്നഗ്രഹത്തിന് 31 അടിയും 2024 YB5 ഛിന്നഗ്രഹത്തിന് 43 അടിയുമാണ് വ്യാസം.
ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിയാല്‍പ്പോലും ഒട്ടുമിക്ക ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും മനുഷ്യന് ഭീഷണിയാവാറില്ല. ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും സാധാരണയായി കത്തിയമരാറാണ് പതിവ്. അപൂര്‍വം ചില സ്വാഭാവിക ബഹിരാകാശ വസ്തുക്കളെ ഭൂമിയില്‍ പതിക്കാറുള്ളൂ. അങ്ങനെ ഉല്‍ക്കകള്‍ പതിച്ച് മഹാഗര്‍ത്തങ്ങള്‍ രൂപപ്പെട്ട ചരിത്രം നമ്മുടെ വാസസ്ഥലമായ ഭൂമിക്കുണ്ട്. ഭൂമിക്ക് 75 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തുന്നതും കുറഞ്ഞത് 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്കും മനുഷ്യനും എതെങ്കിലും തരത്തില്‍ ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ.
Read more: പ്രവചനം കിറുകൃത്യം, റഷ്യക്ക് മുകളില്‍ ഛിന്നഗ്രഹം തീഗോളമായി; ആകാശത്ത് വെള്ളിടിപോലെ തീജ്വാല