വരും കാലത്തേക്കുള്ള അപകട സൂചനയാണോ ഈ മഴ; മാറുന്ന ജലചക്രം, നനഞ്ഞുകുളിച്ച് സഹാറയും താറും, ആശങ്കയോടെ ലോകം

By Web Team  |  First Published Oct 14, 2024, 10:12 AM IST

കഴിഞ്ഞ അരനൂറ്റാണ്ടിനിടെ സഹാറ മരുഭൂമി ഇത്തരമൊരു മഴക്ക് സാക്ഷ്യം വഹിക്കുന്നത് ആദ്യം. വറ്റിവരണ്ട ഇറിക്വി തടാകം നിറഞ്ഞുകവിഞ്ഞു. കാലാവസ്ഥാ മാറ്റത്തിന്‍റെ അടയാളമെന്ന് വിദഗ്ധര്‍. 


ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിലും രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയായ താറിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടി വിദ​ഗ്ധർ. കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് സഹാറ മരുഭൂമി ഇത്രയും വലിയ മഴക്ക് സാക്ഷ്യം വഹിക്കുന്നത്. വടക്കേ ആഫ്രിക്കൻ മരുഭൂമിയിലെ തെക്കുകിഴക്കൻ മൊറോക്കോ മേഖലയിൽ രണ്ട് ദിവസം തുടർച്ചയായാണ് കനത്ത  മഴ പെയ്തത്.

തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായി. വലിയ മഴ പ്രദേശത്തെ ആകെ മാറ്റിമറിച്ചു. ടാറ്റയ്ക്ക് ചുറ്റുമുള്ള പ്രദേശവും മൊറോക്കോയുടെ തലസ്ഥാന നഗരമായ റാബത്തിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയുള്ള ടാഗൗണൈറ്റ് ഗ്രാമത്തിലുമാണ് പെരുമഴ പെയ്തത്. ടാഗൗണൈറ്റിൽ 100 മില്ലിമീറ്റർ ലഭിച്ചു. ഒരു വർഷം പെയ്യുന്നതിലേറെ മഴയാണ് ഈ രണ്ട് ദിവസങ്ങലിൽ മാത്രം പെയ്തത്. വേനൽക്കാലത്തിന്റെ അവസാനമാണ് മഴ പെയ്തതെന്നും ശ്രദ്ധേയം. 

Latest Videos

മഴ പെയ്തതോടെ 1925 മുതൽ, 50 വർഷക്കാലം വറ്റിവരണ്ടിരുന്ന  ഇറിക്വി തടാകത്തിൽ വെള്ളം നിറയുകയും പ്രദേശമാകെ ജലത്താൽ മൂടുകയും ചെയ്തു. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ, അപൂർവമായ പ്രതിഭാസമാണ് സഹാറ മരുഭൂമിയിൽ ഉണ്ടായിരിക്കുന്നത്. മാറിയ കാലാവസ്ഥാ രീതികളുടെ സൂചനയായിരിക്കാം മരുഭൂമിയിലെ വെള്ളപ്പൊക്കമെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. പതിറ്റാണ്ടുകളായി ഇത്രയും കനത്ത മഴ ഉണ്ടായിട്ടില്ലെന്ന് മൊറോക്കോയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഹുസൈൻ യൂബേബ് പറഞ്ഞു. ദീർഘകാലത്തെ വരൾച്ചയ്ക്ക് ശേഷം മഴ കർഷകർക്ക് ആശ്വാസമായേക്കാമെങ്കിലും ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്കാറ്റിൽ ഈർപ്പമുള്ള വായു അമിതമായി എത്തിയതാണ് മഴക്ക് കാരണമെന്നാണ് വിലയിരുത്തൽ. 

9 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശമുള്ള സഹാറ മരുഭൂമിയിൽ ഇത്തരം കൊടുങ്കാറ്റുകൾ ഇടയ്ക്കിടെ സംഭവിക്കുന്നത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരുന്നു. ലോകമെമ്പാടുമുള്ള ജലചക്രം പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ തലവൻ സെലസ്റ്റെ സൗലോ പറയുന്നു. 

ഇന്ത്യയിലെ താർ മരുഭൂമിയിലും ഈ മഴക്കാലത്ത് അധിക മഴ പെയ്തു. പടിഞ്ഞാറൻ രാജസ്ഥാനിൽ തുടർച്ചയായി ആറ് വർഷമായി സാധാരണ മഴയേക്കാൾ കൂടുതൽ മഴ ലഭിക്കുന്നു. ഈ മേഖലയിൽ 2005-2024 കാലഘട്ടത്തിൽ മൺസൂൺ സാധാരണയിൽ നിന്ന് 19% കൂടുതലാണ്. 

click me!