ഓഗസ്റ്റ് 23നാണ് ലാൻഡിംഗ് തീയതിയായി റഷ്യയുടെ ബഹിരാകാശ ഏജൻസി നേരത്തെ നിശ്ചയിച്ചിരുന്നതെന്നും എന്നാൽ പിന്നീട് തീയതി 21ലേക്ക് മാറ്റുകയായിരുന്നെന്നും റഷ്യയുടെ സ്പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു.
മോസ്കോ (റഷ്യ): ഇന്ത്യക്ക് പിന്നാലെ റഷ്യയും ചാന്ദ്രദൗത്യമായ ലൂണ-25 വിക്ഷേപിച്ചു. അഞ്ച് പതിറ്റാണ്ടിന് ശേഷം റഷ്യ നടത്തുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യമാണ് ലൂണ-25. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് അഞ്ച് ദിവസത്തിന് ശേഷം 16നാണ് ലൂണ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. ഓഗസ്റ്റ് 21 ന് ഉപരിതലത്തിൽ ഇറങ്ങുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ജൂലൈ 14നാണ് വിക്ഷേപിച്ചത്. അതിന് ഏകദേശം ഒരുമാസത്തിന് ശേഷമാണ് റഷ്യ ലൂണ വിക്ഷേപിച്ചത്. ചാന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പേ ലൂണ 25 ഇറങ്ങും.
ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്നാണ് ചാന്ദ്രയാൻ മൂന്നിന്റെ ലക്ഷ്യം. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുക. ചാന്ദ്രയാനേക്കാൾ വൈകി പുറപ്പെട്ടതാണെങ്കിലും ചാന്ദ്രയാന്റെ ലാൻഡിങ്ങിന് രണ്ട് ദിവസം മുമ്പ് ലൂണ ചന്ദ്രനിൽ ഇറങ്ങിയേക്കും. അതിനിടെ റഷ്യയുടെ ദൗത്യത്തിന് അഭിനന്ദനങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ രംഗത്തെത്തി. ലൂണയുടെ വിക്ഷേപണ വിജയത്തിൽ അഭിനന്ദനങ്ങൾ നേരുന്നുവെന്നും ബഹിരാകാശ യാത്രകളിൽ മറ്റൊരു സമാഗമസ്ഥാനത്ത് കണ്ടുമുട്ടുന്ന അത്ഭുതകരമാണെന്നും ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. 1.8 ടൺ ഭാരമുള്ള ലൂണ 25 ഒരു വർഷത്തെ ദൗത്യത്തിനാണ് 31 കിലോഗ്രാം ഉപകരണങ്ങളുമായി യാത്ര തിരിച്ചത്. രണ്ടാഴ്ചത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കാണ് ചാന്ദ്രയാൻ വിക്ഷേപിച്ചത്. ഇ-ലോഞ്ച് വെഹിക്കിൾ മാർക്ക്-III M4 റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ -3 വിക്ഷേപിച്ചത്. എന്നാൽ സോയൂസ് -2 ഫ്രെഗാറ്റ് ബൂസ്റ്റർ ഉപയോഗിച്ചായിരുന്നു ലൂണ 25ന്റെ വിക്ഷേപണം.
undefined
ഓഗസ്റ്റ് 23നാണ് ലാൻഡിംഗ് തീയതിയായി റഷ്യയുടെ ബഹിരാകാശ ഏജൻസി നേരത്തെ നിശ്ചയിച്ചിരുന്നതെന്നും എന്നാൽ പിന്നീട് തീയതി 21ലേക്ക് മാറ്റുകയായിരുന്നെന്നും റഷ്യയുടെ സ്പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. നേരത്തെ തീരുമാനിച്ച മൂന്ന് ലാൻഡിംഗ് സൈറ്റുകളിൽ ഒന്നിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ലൂണ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഏകദേശം അഞ്ച് മുതൽ ഏഴ് ദിവസം വരെ ചെലവഴിക്കും. ചന്ദ്രയാനുമായി ലൂണ 25 പരസ്പരം കണ്ടുമുട്ടില്ലെന്നും റോസ്കോസ്മോസ് വ്യക്തമാക്കി.