നാണംകുണുങ്ങികളായ 'ലൂട്ര ലൂട്ര', കേരളത്തിൽ ആദ്യം, പശ്ചിമഘട്ടത്തിൽ കണ്ടെത്തിയത് അപൂർവ്വയിനം നീർനായ

By Web Team  |  First Published Dec 28, 2023, 11:02 AM IST

നാട്ടു നീര്‍നായ, മല നീര്‍നായ എന്നിവയുള്‍പ്പെടെ കേരളത്തില്‍ കാണപ്പെടുന്ന നീര്‍നായ ഇനങ്ങള്‍ ഇതോടെ മൂന്നായി. ഉള്‍ക്കാടുകളിലെ ചെറിയ അരുവികളെ ആശ്രയിച്ചു കഴിയുന്ന ഇവ വളരെ നാണം കുണുങ്ങികളും രാത്രികാലങ്ങളില്‍ ഇര തേടുന്നവരുമാണ്


തൃശൂര്‍: പാടങ്ങളിലും വലിയ ജലാശയങ്ങളിലും അധിവസിച്ചുപോരുന്ന നീര്‍നായകളെ കണ്ടവരായിരിക്കും നമ്മളില്‍ ചിലരെങ്കിലും. ഇവയുടെ തന്നെ വിഭാഗത്തിലുള്ള മറ്റൊരിനം നീര്‍നായയുടെ കേരളത്തിലെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. യൂറേഷ്യന്‍ നീര്‍നായ എന്നറിയപ്പെടുന്ന ഇവയെ ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സാങ്കേതത്തില്‍ നിന്നുമാണ് കണ്ടെത്താനായത്. ലൂട്ര ലൂട്ര എന്നാണ് ശാസ്ത്ര നാമം. പശ്ചിമഘട്ടത്തില്‍ അത്യപൂര്‍വമായ യൂറേഷ്യന്‍ നീര്‍നായയുടെ ഈ കണ്ടെത്തല്‍ കേരളത്തിലെ സസ്തനികളുടെ പട്ടികയിലേക്ക് ഒരതിഥിയെകൂടി സമ്മാനിച്ചിരിക്കുകയാണ്. 

നാട്ടു നീര്‍നായ, മല നീര്‍നായ എന്നിവയുള്‍പ്പെടെ കേരളത്തില്‍ കാണപ്പെടുന്ന നീര്‍നായ ഇനങ്ങള്‍ ഇതോടെ മൂന്നായി. ഉള്‍ക്കാടുകളിലെ ചെറിയ അരുവികളെ ആശ്രയിച്ചു കഴിയുന്ന ഇവ വളരെ നാണം കുണുങ്ങികളും രാത്രികാലങ്ങളില്‍ ഇര തേടുന്നവരുമാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സസ്തനികളുടെ കണക്കെടുപ്പിലാണ് പശ്ചിമഘട്ടത്തില്‍ യൂറേഷ്യന്‍ നീര്‍നായയുടെ സാന്നിധ്യം പഠന വിധേയമാക്കിയിട്ടുള്ളത്. ഈ പഠനങ്ങള്‍ പ്രകാരം അന്ന് കര്‍ണാടകയിലെ കൂര്‍ഗ്, തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ ഇവയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനുശേഷം പശ്ചിമഘട്ടത്തിലെ ഒരു പഠനത്തിനും ഔദ്യോഗികമായി ഇവയുടെ സാന്നിധ്യം തെളിയിക്കാനായിരുന്നില്ല. 

Latest Videos

undefined

അതിനാല്‍ 1940നുശേഷം പശ്ചിമഘട്ടത്തിലെ ഇവയുടെ സാന്നിധ്യം ഒരു ചോദ്യചിഹ്‌നമായി മാറിയിരുന്നു.  ഇതിനുത്തരം കിട്ടിയത് 70 ഓളം വര്‍ഷങ്ങള്‍ക്കുശേഷം 2017ല്‍ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ വാഹനമിടിച്ചു ചത്ത ഒരു നീര്‍നായയുടെ ജഡം കിട്ടിയപ്പോഴായിരുന്നു. ഡി.എന്‍.എ. പഠനത്തിലൂടെ അത് യൂറേഷ്യന്‍ നീര്‍നായ ആണെന്ന് പിന്നീട് തെളിയുകയായിരുന്നു. എന്നാല്‍ നാളിതുവരെയും കേരളത്തില്‍നിന്ന് ഇവയുടെ ചിത്രങ്ങളോ ഔദ്യോഗിക രേഖകളോ ലഭിച്ചിട്ടില്ല. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍നിന്നുള്ള ഈ കണ്ടെത്തല്‍ യൂറേഷ്യന്‍ നീര്‍നായയുടെ കേരളത്തിലെതന്നെ ആദ്യ ഔദ്യോഗിക രേഖയാണ്. മാത്രമല്ല നീണ്ട 70 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായാണ് പശ്ചിമഘട്ടത്തില്‍ ഇവയെ ജീവനോട് കൂടി കണ്ടെത്തിയിരിക്കുന്നത്.

കേരള കാര്‍ഷിക സര്‍വകലാശാല, വനശാസ്ത്ര കോളജിലെ വന്യജീവി ശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ഒ. നമീറിന്റ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ ശ്രീഹരി കെ. മോഹന്‍, പക്ഷി നിരീക്ഷകരായ ലതീഷ് ആര്‍. നാഥ്, സുബിന്‍ കെ.എസ്, ശ്രീകുമാര്‍ കെ. ഗോവിന്ദന്‍കുട്ടി എന്നിവരാണ് യൂറേഷ്യന്‍ നീര്‍നായയെ ചിന്നാറില്‍നിന്നും കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ അന്താരാഷ്ട്ര ജേര്‍ണല്‍ ആയ ജേര്‍ണല്‍ ഓഫ് ത്രെറ്റന്‍ഡ് ടാക്‌സയുടെ ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു.

യൂറേഷ്യന്‍ നീര്‍നായയെ കുറിച്ചുള്ള തുടര്‍ന്നുള്ള ഗവേഷണങ്ങള്‍ക്കും അവയുടെ വര്‍ഗീകരണം, എണ്ണം, വിന്യാസം, സ്വഭാവം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ക്കും ഈ ലേഖനം ഊന്നല്‍ നല്‍കുന്നു. ഇതിനു പുറമെ പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന വിതാനങ്ങളിലെ പുഴയോര കാടുകളെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്ര ലേഖനം ചര്‍ച്ച ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!