പിഎസ്എൽവി നിർമ്മാണം സ്വകാര്യ മേഖലയിലേക്ക്; ആദ്യ കരാർ ആർക്ക് കിട്ടുമെന്നതിൽ വ്യക്തതയായി

By Arun Raj K M  |  First Published Apr 9, 2022, 12:09 PM IST

വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണത്തിലേക്ക് അടക്കം സ്വകാര്യ കമ്പനികളെകൊണ്ടു വന്ന് ബഹിരാകാശ മേഖലയിൽ സ്വകാര്യ മേഖല പങ്കാളിത്തം വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ നയം. 


തിരുവനന്തപുരം/ബെം​ഗളൂരു: പിഎസ്എൽവി നിർ‍മ്മാണം ഐസ്ആർഒയ്ക്ക് പുറത്തേക്ക്. ആദ്യ ഘട്ടത്തിൽ പിഎസ്എൽവി റോക്കറ്റുകൾ നി‌ർമ്മിക്കാനുള്ള കരാ‌ർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡും എൽ&ടിയും ചേർന്ന സഖ്യത്തിന് ലഭിക്കുമെന്ന് ഉറപ്പായി. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് റോക്കറ്റ് നി‌ർമ്മാണത്തിന് സ്വകാര്യ മേഖലയെ ക്ഷണിച്ചുകൊണ്ട് നേരത്തേ വിജ്ഞാപനം ഇറക്കിയിരുന്നു. മൂന്ന് കമ്പനികൾ താൽപര്യമറിയിച്ച് രംഗത്തെത്തിയിരുന്നു അതിൽ എറ്റവും കുറഞ്ഞ തുക മുന്നോട്ട് വച്ചത് ഹാലും എൽ&ടിയും ചേർന്ന സഖ്യമാണെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.  

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും, സ്വകാര്യ മേഖലയിലെ വമ്പനായ ലാർസൺ ആൻഡ് ടർബോയും വളരെ നേരത്തെ തന്നെ ഇസ്രൊയുമായി സഹകരിക്കുന്നുണ്ട്. കരാ‌ർ അടിസ്ഥാനത്തിൽ പല ജോലികളും ഇസ്രൊ ഇരു കമ്പനികളും വഴി ചെയ്യിക്കുന്നുണ്ട് പിഎസ്എൽവിയുടെ തന്നെ പല ഭാഗങ്ങളും ഇരു കമ്പനികളും നിർമ്മിച്ച് നൽകുന്നുമുണ്ടായിരുന്നു. 

Latest Videos

undefined

എൻസിൽ വിജ്ഞാപനത്തിന് പിന്നാലെ റോക്കറ്റ് നി‌ർമ്മാണം ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത് മൂന്ന് കമ്പനികളാണ്. ഹാലും എൽ & ടിയും ചേർന്ന സഖ്യം, ബെൽ - അ​ദാനി ഡിസൈൻ - ബിഇഎംഎൽ കൺസോഷ്യം, ഭെൽ (ഒറ്റയ്ക്ക്) എന്നിവരാണ് താൽപര്യം പ്രകടിപ്പിച്ച് രം​ഗത്തെത്തിയത്. 824 കോടി രൂപയായിരുന്നു ഹാൽ അടങ്ങിയ കൺസോഷ്യം മുന്നോട്ട് വച്ച ലേല തുകയെന്നാണ് സൂചന. ഭെൽ 1129 കോടി രൂപയും അദാനി ബെൽ ബെമൽ സഖ്യം 1218 കോടി രൂപയും ക്വോട്ട് ചെയ്തുവെന്നാണ് വിവരം. 

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കരാർ എറ്റവും കുറവ് തുക ക്വോട്ട് ചെയ്ത കമ്പനിക്ക് കരാർ നൽകുമെന്നും കരാർ എന്ന് ഒപ്പുവയ്ക്കുമെന്ന് തീരുമാനമായിട്ടില്ലെന്നുമാണ് ഉന്നത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഐഎസ്ആർഒ ഇത് വരെ വികസിപ്പിച്ച വിക്ഷേപണ വാഹനങ്ങളിൽ എറ്റവും മികച്ച ട്രാക്ക് റെക്കോർഡുള്ള റോക്കറ്റാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ പിഎസ്ൽഎവി. ഈ വർഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 54 പിഎസ്എൽവി വിക്ഷേപണങ്ങൾ നടന്നിട്ടുണ്ട്. അതിൽ 51 വിക്ഷേപണങ്ങളും സമ്പൂർണ്ണ വിജയമായിരുന്നു. രണ്ട് വിക്ഷേപണങ്ങൾ മാത്രമാണ് പൂർണ്ണമായും പരാജയപ്പെട്ടത്. ഒരു ദൗത്യം ഭാഗിക വിജയമായിരുന്നു. 

വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണത്തിലേക്ക് അടക്കം സ്വകാര്യ കമ്പനികളെകൊണ്ടു വന്ന് ബഹിരാകാശ മേഖലയിൽ സ്വകാര്യ മേഖല പങ്കാളിത്തം വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ നയം. 

click me!