ചുഴലിക്കാറ്റുകൾക്കോ ടോർണഡോകൾക്കോ സമാനമായിട്ടുള്ളതും എന്നാൽ അത്ര അപകടകരമല്ലാത്തതുമായ കാറ്റുകളാണ് ഡെസ്റ്റ് ഡെവിള്‍ കാറ്റുകൾ
കാലിഫോര്‍ണിയ: മനുഷ്യന്‍റെ ഭാവി കോളനിയായി കണക്കാക്കപ്പെടുന്ന ചൊവ്വ ഗ്രഹത്തിലെ അന്തരീക്ഷത്തെ കുറിച്ച് പഠനം തുടരുന്ന നാസയുടെ പെർസിവറൻസ് റോവർ പകർത്തിയ പുതിയ ദൃശ്യങ്ങൾ ശാസ്ത്രലോകത്തിന് കൗതുകവും ആവേശവും നൽകുന്നു. ചൊവ്വയുടെ ഉപരിതലത്തിൽ വച്ച് വിശാലമായൊരു ഡെസ്റ്റ് ഡെവിള്‍ കാറ്റ് (Dust Devil), മറ്റൊരു ചെറിയ ഡെസ്റ്റ് ഡെവിളിനെ പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പെർസിവറൻസ് റോവർ പുറത്തുവിട്ടത്. ചൊവ്വയിലെ അന്തരീക്ഷ പ്രതിഭാസങ്ങളെ കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ സൂചനകള്‍ നല്‍കുന്നതാണ് ഈ വീഡിയോ.
ഇതിലെ വലിയ കാറ്റിന് ഏകദേശം 65 മീറ്റർ അഥവാ 210 അടി വിസ്തീർണമുണ്ടായിരുന്നു, ചെറിയ കാറ്റിന് 5 മീറ്റർ അഥവാ 16 അടിയായിരുന്നു വീതി. ഇതിലെ ചെറിയ കാറ്റ് വലിയ കാറ്റിന്‍റെ കരവലയത്തില്‍പ്പെട്ട് ഇല്ലാതാകുന്ന അവിശ്വസനീയ കാഴ്ചകളാണ് പെർസിവറൻസ് റോവറിലെ ക്യാമറ പകർത്തിയത്.
എന്താണ് ഡെസ്റ്റ് ഡെവിള്‍ കാറ്റുകൾ?
ചുഴലിക്കാറ്റുകൾക്കോ ടോർണഡോകൾക്കോ സമാനമായിട്ടുള്ളതും എന്നാൽ അത്ര അപകടകരമല്ലാത്തതുമായ കാറ്റുകളാണ് ഡെസ്റ്റ് ഡെവിള്‍ കാറ്റുകൾ. ചൂടുള്ള ഉപരിതലത്തിൽ നിന്നുള്ള വായു പെട്ടെന്ന് ഉയർന്ന് മുകളിലുള്ള തണുത്ത വായുവുമായി കൂടിച്ചേരുമ്പോഴാണ് ഇത്തരം കാറ്റുകൾ ഉണ്ടാകുന്നത്. ശൂന്യപ്രദേശങ്ങളിൽ പൊടി ഉയർത്തിപ്പറത്തിക്കൊണ്ട് ചുറ്റിത്തിരിയുന്ന ഈ കാറ്റുകൾ കാഴ്ചയ്ക്ക് ആകര്‍ഷകമായി തോന്നാം.
ചൊവ്വയിലെ അന്തരീക്ഷ പ്രവണതകളെ മനസിലാക്കുന്നതിനായി ശാസ്ത്രജ്ഞർ ഈ കാറ്റുകൾ കൂടുതൽ നിരീക്ഷിക്കുന്നുണ്ട്. 2012-ൽ നാസയുടെ MRO പകർത്തിയ ദൃശ്യങ്ങൾക്കനുസരിച്ച്, 210 അടി വീതിയുള്ളതും 12 മൈൽ ഉയരമുള്ളതുമായ ഒരു വലിയ ചുഴലിക്കാറ്റ് ചൊവ്വയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനോട് സാമ്യമുള്ള കാഴ്ചകളാണ് ഇപ്പോഴത്തെ ദൃശ്യങ്ങൾ നൽകുന്നത്. ചൊവ്വയിലെ ഉപരിതലത്തില്‍ വച്ച് നിരവധി ഡെസ്റ്റ് ഡെവിള്‍ കാറ്റുകൾ തമ്മിൽ ലയിക്കുന്നത് ശാസ്ത്രലോകത്തിന് ഇപ്പോഴും അതിശയകരമായ ഒരു രഹസ്യമാണ്.
ഭൂമിയിലും ചൊവ്വയിലും ഡെസ്റ്റ് ഡെവിള്‍ കാറ്റുകൾ രൂപംകൊള്ളാറുണ്ട്, എന്നാൽ രണ്ടിടത്തും അവയുടെ സ്വഭാവം വ്യത്യസ്തമാണ്. ഭൂമിയിലെ കാറ്റുകൾ വളരെ ചെറുതും കുറഞ്ഞ ദൈർഘ്യം ഉള്ളതുമായിരിക്കും, സാധാരണയായി ഏതാനും സെക്കൻഡുകൾ മുതൽ കുറച്ച് മിനിറ്റുകൾ വരെ മാത്രമേ അവ നിലനിൽക്കുന്നുള്ളൂ. എന്നാൽ ചൊവ്വയിൽ ഡെസ്റ്റ് ഡെവിള്‍ കാറ്റുകള്‍ താരതമ്യേന വിശാലവും ശക്തവുമാണ്. ചിലപ്പോഴൊക്കെ 10 മിനിറ്റിനും അതിലധികം നേരവും അവ സജീവമായി നിലനിൽക്കാറുണ്ട്.
പെഴ്‌സിവിയറൻസ് റോവർ ഇപ്പോൾ ജെസെറോ ഗർത്തത്തിലാണ് (Jezero Crater) പര്യവേഷണത്തിലുള്ളത്. 2020 ജൂലൈ 30-ന് വിക്ഷേപിച്ച ശേഷം ഏഴ് മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് ഈ റോവർ ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായ പെർസിവറൻസിന് മുമ്പ്, Sojourner, Opportunity, Spirit, Curiosity എന്നീ റോവറുകൾ ചൊവ്വയിൽ ഇറങ്ങിയിരുന്നു.
ജെസെറോ ഗർത്തം ഒരു കാലത്ത് ഒരു വലിയ തടാകമായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഒരു കാലത്ത് ഇവിടെ നദികൾ ഒഴുകിയിരുന്നതായും അവയുടെ ജലപ്രവാഹം ചൊവ്വയുടെ പുരാതന കാലത്ത് ജീവൻ നിലനില്ക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നുമാണ് ഗവേഷകരുടെ അനുമാനം. ഈ പ്രദേശത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണ്, ഇത് ജലസാന്നിധ്യത്തിന്‍റെ തെളിവായി കണക്കാക്കപ്പെടുന്നു. ഇവിടെ നിന്ന് പഴയകാല ജീവന്‍റെ സൂക്ഷ്മഫോസിലുകൾ കണ്ടെത്താനാകുമോ എന്നതും പെർസിവറൻസ് റോവറിന്‍റെ പ്രധാന ഗവേഷണ ലക്ഷ്യങ്ങളിലൊന്നാണ്.
ഉറവിടങ്ങൾ ശാസ്ത്രലോകത്തിന് നൽകുന്ന പ്രതീക്ഷ
ചൊവ്വയിലെ കാലാവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾ ഭാവിയിലെ മനുഷ്യ ദൗത്യങ്ങൾക്കും ഭൗമാന്തര ഉപഗ്രഹ പദ്ധതികൾക്കും സഹായകമാകും. നാസയുടെയും മറ്റ് അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളുടെയും ചൊവ്വ ദൗത്യങ്ങളിൽ ഇത്തരം കണ്ടെത്തലുകൾ ഗ്രഹാന്തര ജീവിതം സംബന്ധിച്ച അടിസ്ഥാന അറിവുകളിലേക്ക് വഴി തുറക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം