കോവിഡിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ദില്ലി: ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന് മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി ലഭിച്ചു. കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്ജക്റ്റ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ഭാരത് ബയോടെക്കിന് അനുമതി നല്‍കിയത്.
കോവിഡിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വാക്‌സിന്‍റെ രണ്ടു ഡോസുകള്‍ നല്‍കി ആറു മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് പദ്ധതി.
രണ്ടാംഘട്ട ട്രയലിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 23ന് വിശദമായ ക്ലിനിക്കല്‍ ട്രയല്‍ പ്രോട്ടോക്കോള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതി ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിരുന്നു ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനുമതി നല്‍കിയത്.