അങ്ങനെ അതും സാധ്യം; കണ്ണ് പൂർണമായി മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, മെഡിക്കൽ സയൻസിന് അപൂർവ നേട്ടം

By Web Team  |  First Published Nov 10, 2023, 6:49 PM IST

കണ്ണിന്റെ കോർണിയ മാറ്റിവയ്ക്കാൻ മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. ആരോൺ ജെയിംസ് എന്ന 46കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇദ്ദേഹം സൈനികനാണ്.


ന്യൂയോർക്ക്: മെഡിക്കൽ സയൻസ് രം​ഗത്ത് നിർണായക നേട്ടവുമായി യുഎസിലെ ശാസ്ത്രജ്ഞർ. ഒരു മനുഷ്യനിൽ ആദ്യമായി മുഴുവൻ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. എന്നാൽ, രോഗിക്ക് മാറ്റിവെച്ച കണ്ണിന് കാഴ്ച ലഭിച്ചില്ലെങ്കിലും നേട്ടം മെഡിക്കൽ രം​ഗത്ത് മുന്നേറ്റമായി കണക്കാക്കുന്നു. ഭാഗിക മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാ​ഗമായിട്ടായിരുന്നു കണ്ണും മാറ്റിവെച്ചത്. അന്താരാഷ്ട്രാ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആറ് മാസത്തിനുള്ളിൽ മാറ്റിവെച്ച കണ്ണിൽ രക്തക്കുഴലുകളും റെറ്റിനയും ഉൾപ്പെടെ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യത്തിന്റെ പ്രധാന ലക്ഷണങ്ങൾ കാണിക്കുന്നതായും  ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാങ്കോൺ ഹെൽത്തിലെ ശസ്ത്രക്രിയാ സംഘം പറഞ്ഞു.

ഒരു കണ്ണ് പൂർണമായി മാറ്റിവെച്ചത് വലിയ മുന്നേറ്റമാണ്. മെഡിക്കൽ ശാസ്ത്ര ലോകം  നൂറ്റാണ്ടുകളായി ചിന്തിക്കുന്ന കാര്യമാണ് നടപ്പായത്. പക്ഷേ കാഴ്ച കൂടി തിരിച്ചുകിട്ടിയാലേ പൂർണ വിജയമെന്ന് പറയാനാകൂവെന്ന് സംഘത്തെ നയിച്ച ഡോ. എഡ്വാർഡോ റോഡ്രിഗസ് പറഞ്ഞു. കണ്ണിന്റെ കോർണിയ മാറ്റിവയ്ക്കാൻ മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. ആരോൺ ജെയിംസ് എന്ന 46കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇദ്ദേഹം സൈനികനാണ്. ജോലിക്കിടെ ഉയർന്ന വോൾട്ടേജ് വൈദ്യുത അപകടത്തിലാണ് മുഖത്തിന്റെയും മൂക്കിന്റെയും വായയുടെയും ഇടതു കണ്ണിന്റെയും ഭാ​ഗങ്ങൾ ഇല്ലാതായത്. ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്ക് 21 മണിക്കൂർ വേണ്ടിവന്നുവെന്ന് സംഘം വ്യക്തമാക്കി.  മുഖം മാറ്റിവയ്ക്കലിന്റെ ഭാഗമായി കൃഷ്ണമണി ഉൾപ്പെടുത്താൻ ഡോക്ടർമാർ പദ്ധതിയിട്ടിരുന്നതായി സൂം അഭിമുഖത്തിൽ റോഡ്രിഗസ് പറഞ്ഞു. മാറ്റിവെച്ച കണ്ണിൽ ഏതെങ്കിലും തരത്തിലുള്ള കാഴ്ച പുനഃസ്ഥാപിക്കുകയാണെങ്കിൽ അതിശയകരമായിരിക്കുമെന്നും റോഡ്രിക്വസ് കൂട്ടിച്ചേർത്തു. 

Latest Videos

undefined

നിലവിൽ, മാറ്റിവച്ച കണ്ണ് തലച്ചോറുമായി ആശയവിനിമയം നടത്തുന്നില്ല. ദാതാവിന്റെ മജ്ജയിൽ നിന്ന് സ്റ്റെം സെല്ലുകൾ ശേഖരിക്കുകയും ട്രാൻസ്പ്ലാൻറ് സമയത്ത് അവയെ ഒപ്റ്റിക് നാഡിയിലേക്ക് കുത്തിവയ്ക്കുകയും ചെയ്തിരുന്നു. കേടായ കോശങ്ങളെ മാറ്റിസ്ഥാപിക്കാനും  നാഡിയെ സംരക്ഷിക്കാനുമാണ് ഇത് ചെയ്തത്. കാഴ്ച തിരിച്ചുകിട്ടിയില്ലെങ്കിൽപ്പോലും കണ്ണ് മാറ്റിവയ്ക്കൽ നിരവധി പുതിയ സാധ്യതകൾ തുറക്കുമെന്നും റോഡ്രിഗസ് പറഞ്ഞു. മാറ്റിവെച്ച കണ്ണിൽ തനിക്ക് കാഴ്ച ലഭിക്കില്ലെന്ന് ആരോൺ ജെയിംസിനെ ബോധ്യപ്പെടുത്തിരുന്നു. 

click me!