മെക്‌സിക്കോയിലെ യുകാറ്റാൻ പെനിൻസുലയില്‍ 6-9 മൈല്‍ വ്യാസമുള്ള ഭീമന്‍ ഛിന്നഗ്രഹമാണ് ഭൂമിയുമായി കൂട്ടിയിടിച്ചത് എന്നാണ് അനുമാനം
ബെര്‍ലിന്‍: 66 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ ദിനോസറുകളെ തുടച്ചുനീക്കിയ കൂട്ടയിടിയെ കുറിച്ച് പുതിയ പഠനം. വ്യാഴത്തിനും അപ്പുറത്ത് നിന്ന് വന്ന ഛിന്നഗ്രഹമാണ് ഭൂമിയുമായി കൂട്ടിയിടിച്ചതെന്നും ദിനോസറുകളുടെ വംശനാശത്തിന് വഴിവെച്ചതെന്നും ജർമനിയിലെ കൊളോൺ സർവകലാശാലയിലെ ജിയോകെമിസ്റ്റും പഠനത്തിന്‍റെ തലവനുമായ മരിയോ ഫിഷർ-ഗോഡ് ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
മെക്‌സിക്കോയിലെ യുകാറ്റാൻ പെനിൻസുലയില്‍ 6-9 മൈല്‍ വ്യാസമുള്ള ഭീമന്‍ ഛിന്നഗ്രഹമാണ് ഭൂമിയുമായി കൂട്ടിയിടിച്ചത് എന്നാണ് അനുമാനം. ഈ കൂട്ടയിടി 112 മൈല്‍ വീതിയും 12 മൈല്‍ ആഴവുമുള്ള ചിക്സുലബ് ഗര്‍ത്തത്തിന് കാരണമായി. ഈ അപകടത്തിന് കാരണമായ ഛിന്നഗ്രഹത്തെ കുറിച്ചാണ് കൊളോൺ സർവകലാശാലയിലെ സംഘം പഠിച്ചത്. വ്യാഴത്തിനും വിദൂരത്ത് നിന്നാണ് ഈ ഛിന്നഗ്രഹം വന്നത് എന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ചിക്സുലബ് ഗര്‍ത്തത്തിലെ അവശിഷ്ടങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ദിനോസറുകളുടെ നാശത്തിന് കാരണമായ ഛിന്നഗ്രഹത്തിന്‍റെ ഉത്ഭവത്തെ കുറിച്ച് ഏറെക്കാലമായുള്ള ചര്‍ച്ചയ്ക്ക് പുതിയ കണ്ടെത്തല്‍ അവസാനമിടും എന്ന് കരുതാം.
undefined
ചിക്സുലബ് ഗര്‍ത്തത്തിലെ അവശിഷ്ടങ്ങളില്‍ കാര്‍ബണിന്‍റെ ഉയര്‍ന്ന സാന്ദ്രത അടങ്ങിയിരിക്കുന്നു. ഇതാണ് ഏത് തരത്തിലുള്ള ഛിന്നഗ്രഹമാണ് ഭൂമിയുമായി കൂട്ടിയിടിച്ചത് എന്ന സൂചന നല്‍കിയത്. ഒരു കാര്‍ബണേറ്റ് ഛിന്നഗ്രഹം അല്ലെങ്കില്‍ സി-ടൈപ്പ് ആണ് ദിനോസറുകളുടെ നാശത്തിന് വഴിവെച്ചത് എന്ന് പുതിയ പഠനം വഴി ഉറപ്പിക്കാം. ഒരു ധൂമകേതുവോ അഗ്നിപര്‍വത സ്ഫോടനത്തില്‍ നിന്നുണ്ടായ അവശിഷ്ട പാളിയോയാണ് ദിനോസറുകളുടെ വംശനാശത്തിന് വഴിവെച്ചത് എന്ന മുന്‍ തിയറികളെ പുതിയ പഠനം തള്ളിക്കളയുന്നു.
സി-ടൈപ്പ് ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിലെ ഏറ്റവും പുരാതന വസ്തുക്കളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. സൂര്യനില്‍ നിന്ന് വളരെ അകലെയുള്ള ഇവയുടെ ഘടന സൂര്യനോട് അടുത്ത് രൂപപ്പെടുന്ന എസ്-ടൈപ്പ് ഛിന്നഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. 66 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഛിന്നഗ്രഹത്തിന്‍റെ കൂട്ടയിടി ഭൂമിയില്‍ ദിനോസറുകള്‍ക്ക് പുറമെ പറക്കുന്ന ഉരഗങ്ങൾ, നിരവധി സമുദ്ര ജീവജാലങ്ങൾ എന്നിവയുടെ വംശനാശത്തിന് കാരണമായിരുന്നു. എന്നാല്‍ സസ്തിനികള്‍ നിലനില്‍ക്കുകയും മനുഷ്യ ഉദയത്തിലേക്ക് നയിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം