നാസയും ഇസ്രൊയും തമ്മിലുള്ള സഹകരണത്തിലെ പ്രധാന വിക്ഷേപണ പദ്ധതികളിലൊന്നാണ് നിസാര്‍ ഉപഗ്രഹം, സുപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് നിസാര്‍
കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഐഎസ്ആര്‍ഒയും അമേരിക്കയുടെ നാസയും തമ്മിലുള്ള സുപ്രധാന സഹകരണത്തിന്‍റെ ഭാഗമായുള്ള 'നിസാര്‍ ദൗത്യം' (NISAR Mission) വിക്ഷേപിക്കുക 2025 മാര്‍ച്ചില്‍ എന്ന് സ്ഥിരീകരണം. വാര്‍ത്താക്കുറിപ്പിലൂടെ നാസയാണ് നിസാര്‍ വിക്ഷേപണ സമയം അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ഇസ്രൊയുടെ ജിഎസ്എല്‍വി എംകെ-2 റോക്കറ്റിലാവും നിസാര്‍ കൃത്രിമ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം. ഓരോ 12 ദിവസം കൂടുമ്പോഴും ഭൂമിയിലെ കരഭാഗത്തിന്‍റെയും മഞ്ഞുമൂടിയ പ്രതലത്തിന്‍റെ മാറ്റങ്ങള്‍ ഒപ്പിയെടുക്കുന്ന രീതിയിലാണ് നിസാര്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്.
ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ചരിത്രത്തിലെ നിര്‍ണായക കാല്‍വെപ്പിനാണ് ഐഎസ്ആര്‍ഒയും നാസയും നിസാര്‍ ദൗത്യത്തിലൂടെ കൈകോര്‍ക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാനായുള്ള റഡാര്‍ ഇമേജിംഗ് സാറ്റ്‌ലൈറ്റാണ് നിസാര്‍ എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്നത്. 'നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍' (NASA-ISRO Synthetic Aperture Radar) എന്നാണ് നിസാറിന്‍റെ പൂര്‍ണരൂപം.
undefined
Read more: ആളത്ര ഭീകരനല്ല, എങ്കിലും മുന്നറിയിപ്പുമായി നാസ; ക്രിസ്‌തുമസ് തലേന്ന് ഛിന്നഗ്രഹം ഭൂമിക്കരികെ
എല്‍-ബാന്‍ഡ്, എസ്-ബാന്‍ഡ് എന്നിങ്ങനെ രണ്ട് ഫ്രീക്വന്‍സിയിലുള്ള ഒരു ജോഡി റഡാറുകള്‍ നിസാര്‍ ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. എസ്-ബാന്‍ഡ് റഡാര്‍ ഇസ്രൊയും എല്‍-ബാന്‍ഡ് റഡാര്‍ നാസയുമാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ 12 ദിവസം കൂടുമ്പോഴും ഭൂമിയിലെ കരഭാഗത്തിന്‍റെയും മഞ്ഞുമൂടിയ പ്രതലത്തിന്‍റെ മാറ്റങ്ങള്‍ നിസാര്‍ അളക്കും. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് മാത്രമല്ല, രാത്രിയിലും നിസാറിലെ റഡാറുകള്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടേയിരിക്കും. മേഘാവൃതമായ കാലാവസ്ഥ പോലും നിസാര്‍ കൃത്രിമ ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ല. നിസാര്‍ സാറ്റ്‌ലൈറ്റിലെ എല്‍-ബാന്‍ഡ് റഡാറിന്‍റെ പ്രത്യേകതയാണിത്.
നിസാര്‍ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കുന്നതില്‍ ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. തീവ്രശക്തയിലുള്ള ഭൂകമ്പങ്ങള്‍ മുമ്പുണ്ടായിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഹിമാലയന്‍ ഫലകത്തിലുണ്ടാകുന്ന സമീപകാല മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ നിസാര്‍ കൃത്രിമ ഉപഗ്രഹം സഹായിക്കും എന്ന് ഇസ്രൊ കണക്കുകൂട്ടുന്നു. വിക്ഷേപിക്കുമ്പോള്‍ ലോകത്തെ ഏറ്റവും ചിലവേറിയ എര്‍ത്ത് ഇമേജിംഗ് സാറ്റ്‌ലൈറ്റാകും നിസാര്‍. ചിലവ് 1.5 ബില്യൺ യുഎസ് ഡോളർ ആയാണ് കണക്കാക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം