ചോര്‍ച്ച ഭീഷണി, സഞ്ചാരികള്‍ക്കും പേടിസ്വപ്നം; 2030 വരെ അതിജീവിക്കുമോ അന്താരാഷ്ട്ര ബഹിരാകാശ നിലയം?

By Web TeamFirst Published Oct 4, 2024, 3:26 PM IST
Highlights

2024 ഏപ്രിലില്‍ ദിവസം 3.7 പൗണ്ട് എന്ന കണക്കില്‍ റഷ്യന്‍ മൊഡ്യൂളിലെ എയര്‍ ലീക്ക് ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരുന്നു
 

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അഞ്ച് വര്‍ഷമായുള്ള എയര്‍ ലീക്കാണ് ഐഎസ്എസിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. ഐഎസ്എസിലുള്ള റഷ്യന്‍ മൊഡ്യൂളിലെ ഒരു ടണലില്‍ ഗുരുതര സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നതായി നാസയുടെ ഓഫീസ് ഓഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളായ സ്വെ‌സ്ഡയിലാണ് എയര്‍ ലീക്കുള്ളത്. 2019ലാണ് ഇവിടെ എയര്‍ ലീക്ക് തുടങ്ങിയത്. 2030ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നാസ ലക്ഷ്യമിടുന്ന ഐഎസ്എസ് അത്രയും കാലം അതിജീവിക്കുമോ എന്ന ചോദ്യം ചോര്‍ച്ച ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഐഎസ്എസിലെ അംഗങ്ങള്‍ക്കോ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കോ ഉടന്‍ ഭീഷണി ചോര്‍ച്ചാ പ്രശ്നം സൃഷ്ടിക്കില്ല എന്ന് നാസ ഇപ്പോള്‍ കണക്കുകൂട്ടുന്നു. എങ്കിലും ഇതിനേക്കുറിച്ച് എല്ലാവരും ബോധവാന്‍മാരായിരിക്കണമെന്നും പ്രായമാകുന്ന അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനെ സംരക്ഷിക്കാന്‍ ഏറെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്നും നാസയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest Videos

Read more: പൈലറ്റ് ഇല്ല, ലോകത്തെ ആദ്യ എഐ യാത്രാവിമാനം ആലോചനയില്‍; അതിശയകരമായ സൗകര്യങ്ങള്‍!

ചോര്‍ച്ചാ പ്രശ്‌നം പരിഹരിക്കാന്‍ നാസയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും ശ്രമം തുടരും. ചോര്‍ച്ച പരിധിക്കപ്പുറം ആവുന്നതിന് മുമ്പ് നിയന്ത്രിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ്. മൊഡ്യൂളില്‍ എയര്‍ ലീക്കുള്ളതായി റഷ്യ ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥിരീകരിച്ചിരുന്നു. ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് ഇതൊരു സുരക്ഷാ പ്രശ്‌നമാകില്ല എന്ന് റഷ്യ അന്നേ വാദിച്ചിരുന്നു. 2024 ഏപ്രിലിലെ നാസ റിപ്പോര്‍ട്ട് പറയുന്നത് ഐഎസ്എസിലെ എയര്‍ ലീക്ക് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലെത്തി എന്നാണ്. ഇതിന് ശേഷം അതേ മാസം നടത്തിയ ഒരു അറ്റകുറ്റപ്പണി എയര്‍ ലീക്ക് ഏറെ കുറയ്ക്കാന്‍ സഹായകമായി. 

എയര്‍ ലീക്ക് തുടര്‍ന്നാല്‍ പ്രശ്‌നബാധിതമായ ടണല്‍ നാസയും റോസ്‌കോസ്‌മോസും ചേര്‍ന്ന് അടയ്ക്കേണ്ടിവരും. ഇതോടെ ഐസ്എസിലെ റഷ്യന്‍ മൊഡ്യൂളിലുള്ള ഒരു ഡോക്കിംഗ് പോര്‍ട്ട് ഉപയോഗശൂന്യമാകും. 2030 വരെയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തെ പ്രവര്‍ത്തിപ്പിക്കാന്‍ നാസ ലക്ഷ്യമിടുന്നത്. അവശ്യമായ അറ്റകുറ്റപ്പണി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇടയ്ക്കിടെ നടത്താറുണ്ട്. അങ്ങനെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇത്രയും കാലം അതിജീവിച്ചതും. 

Read more: ജിയോയ്‌ക്ക് ഭീഷണി; വിപണി പിടിച്ചെടുക്കാന്‍ ബിഎസ്എന്‍എല്‍; കാര്‍ബണുമായി നിര്‍ണായക കരാറില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!