2024 എന്‍എസ്1 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്‍റെ വേഗത മണിക്കൂറില്‍ 27,274 കിലോമീറ്ററാണ്
വാഷിംഗ്‌ടണ്‍: ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്. 150 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം ഈ വരുന്ന ഓഗസ്റ്റ് രണ്ടിന് ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്നാണ് നാസയുടെ പ്രവചനം.
മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിക്ക് അരികിലേക്ക് വരികയാണ്. 2024 എന്‍എസ്1 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്‍റെ വേഗത മണിക്കൂറില്‍ 27,274 കിലോമീറ്ററാണ്. അപ്പോളോ ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 150 അടി അഥവാ 46 മീറ്ററാണ് ഇതിന് വ്യാസം കണക്കാക്കുന്നത്. ഒരു ചെറിയ വിമാനത്തിന്‍റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഓഗസ്റ്റ് രണ്ടാം തിയതി ഇന്ത്യന്‍ സമയം 5.35നാണ് ഭൂമിക്ക് ഏറ്റവും അരികില്‍ എത്തുക എന്നാണ് നാസയിലെ ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം.
undefined
ഭൂമിക്ക് ഭീഷണിയോ?
ഛിന്നഗ്രഹങ്ങള്‍ അടക്കമുള്ള നിരവധി ബഹിരാകാശ വസ്‌തുക്കള്‍ ഭൂമിക്ക് അരികിലെത്താറുണ്ട്. എന്നാല്‍ ഇവയില്‍ മിക്കതും ഭൂമിക്ക് ഭീഷണിയാവാറില്ല. സാധാരണഗതിയില്‍ ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ (74 ലക്ഷം കിലോമീറ്റര്‍) എങ്കിലും അടുത്തെത്തുന്ന 150 മീറ്ററിലധികം വ്യാസമുള്ള ഛിന്നഗ്രങ്ങളാണ് ഭൂമിക്ക് ഭീഷണിയായി മാറാറുള്ളൂ. 2024 എന്‍എസ്1 ഉം ഒരു തരത്തിലും ഭൂമിക്ക് ഭീഷണിയാവില്ല എന്ന് കണക്കാക്കപ്പെടുന്നു. ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുമ്പോള്‍ ഈ ഛിന്നഗ്രഹത്തിന് 20 ലക്ഷം കിലോമീറ്റര്‍ മാത്രമേ അകലം ഉണ്ടാകൂവെങ്കിലും ഭൂമിക്ക് ഭീഷണിയാവാന്‍ തക്ക വലിപ്പം 2024 എന്‍എസ്1ന് ഇല്ല. എങ്കിലും എന്‍എസ്1ന്‍റെ സഞ്ചാരം നാസ കൃത്യമായി നിരീക്ഷിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഛിന്നഗ്രഹത്തിന്‍റെ പാതയില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം വരുന്നുണ്ടോ എന്ന് അറിയാന്‍ വേണ്ടിയാണിത്.
നാസയുടെ സെന്‍റര്‍ ഫോര്‍ നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റ് സ്റ്റഡീസ് ഭൂമിക്ക് അരികിലെത്തുന്ന എല്ലാ എന്‍ഇഒകളെയും (നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റ്) നിരീക്ഷിക്കാറുണ്ട്. ബഹിരാകാശ വസ്തുക്കളുടെ വലിപ്പം, വേഗം, ദൂരം, മറ്റനേകം പ്രത്യേകതകള്‍ എന്നിവയെ കുറിച്ച് ഈ ഗവേഷണ കേന്ദ്രം പഠിക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം