ഭൂമിയിലെ സമുദ്ര ജലത്തേക്കാളും കോടിക്കണക്കിന് മടങ്ങ് അധികം വെള്ളമുണ്ട് ഈ ജലസംഭരണിയിൽ. ഫോട്ടോ: നാസ
പ്രപഞ്ചത്തിന്‍റെ മറ്റൊരു കോണിൽ, ഭൂമിയിലുള്ളതിനേക്കാൾ ജലമുണ്ടെന്ന കണ്ടെത്തൽ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കണ്ടെത്തലിന്‍റെ കൂടുതൽ വിശദാംശങ്ങളും ആ കണ്ടെത്തലിന്‍റെ പ്രാധാന്യവും വിശദീകരിക്കുകയാണ് ഗവേഷകർ. ഈ വിദൂര ജലസംഭരണിയുടെ വ്യാപ്തി അറിഞ്ഞാൽ അന്തംവിട്ടുപോകും. ഭൂമിയിലെ സമുദ്ര ജലത്തേക്കാളും കോടിക്കണക്കിന് (140 ട്രില്യൺ) മടങ്ങ് അധികമാണത്. ആയിരം ട്രില്യൺ സൂര്യന്മാർക്ക് തുല്യമായ ഊർജം പുറപ്പെടുവിക്കുന്ന എപിഎം 08279+5255 എന്ന് പേരുള്ള ക്വാസാറിലാണ് ഈ ജലസംഭരണിയുള്ളത്.
സൂര്യനേക്കാൾ ഏകദേശം 20 ബില്ല്യൺ മടങ്ങ് ഭാരമുള്ള, തമോദ്വാരത്തിനടുത്താണിത്. പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിദൂരവും വ്യാപ്തിയുള്ളതുമായ ജലസംഭരണി ഈ ക്വാസാറിലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കാലിഫോർണിയയിലെ പസഡെനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ മാറ്റ് ബ്രാഡ്‌ഫോർഡിന്‍റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. എപിഎം 08279+5255 എന്ന ക്വാസറിന് ചുറ്റും വലിയ അളവിൽ വെള്ളമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഹവായിയിലെ കാൽടെക് സബ് മീറ്റർ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞരും ഈ ക്വാസാർ സംബന്ധിച്ച ഗവേഷണം നടത്തി.
undefined
50 വർഷം മുമ്പ് ദൂരദർശിനികൾ ബഹിരാകാശത്തിന്‍റെ വിദൂര ഭാഗങ്ങളിലെ തീവ്രമായ വെളിച്ചത്തിന്‍റെ നിഗൂഢ സ്രോതസ്സുകൾ വെളിപ്പെടുത്തിയതോടെയാണ് ക്വാസറുകളെ ആദ്യമായി കണ്ടെത്തിയത്. ഇവ സാധാരണ നക്ഷത്രങ്ങളല്ല. വിദൂര ഗാലക്സികളുടെ കേന്ദ്രങ്ങളിൽ നിന്ന് ക്വാസാറുകൾ തിളങ്ങുന്നു. അവയുടെ കാമ്പിൽ സൂര്യന്‍റെ ഭാരത്തിന്‍റെ ദശലക്ഷക്കണക്കിന് അല്ലെങ്കിൽ കോടിക്കണക്കിന് മടങ്ങ് വലിയ തമോദ്വാരങ്ങളുണ്ട്. വാതകങ്ങളും പൊടിയും ഈ തമോദ്വാരങ്ങളിലേക്ക് സർപ്പിളാകൃതിയിൽ നീങ്ങുമ്പോൾ ഊർജ്ജം പുറത്തുവിടുന്നു. ഈ ഊർജ്ജം എല്ലാ തരംഗദൈർഘ്യങ്ങളിലും പ്രസരിക്കുകയും ക്വാസറുകളെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
ക്വാസാറുകളെ കുറിച്ച് പഠിക്കുന്നത് പ്രപഞ്ചത്തിന്‍റെ ആദ്യകാലത്തെക്കുറിച്ച് അറിയാൻ ഗവേഷകരെ സഹായിക്കുന്നു. ജലം ജീവന് അത്യന്താപേക്ഷിതമാണ്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ജല സാന്നിധ്യം സൂചിപ്പിക്കുന്നത് ജീവന് ആവശ്യമായ ഘടകങ്ങൾ വളരെക്കാലം മുൻപേ ലഭ്യമായിരുന്നു എന്നാണ്. ഗ്യാലക്സികളുടെ രൂപീകരണത്തെ കുറിച്ച് പുതിയ വിവരങ്ങൾ ലഭിക്കാൻ ജലസാന്നിധ്യത്തിന്‍റെ കണ്ടെത്തൽ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം