സാധാരണഗതിയിൽ ഒരു കലണ്ടർ വർഷം നാല് ഗ്രഹണങ്ങളെങ്കിലും ലോകത്തിന്റെ വിവിധയിടങ്ങളിലായി ദൃശ്യമാകും. രണ്ട് സൂര്യ ഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും. ഈ വർഷം ഡിസംബറിലാണ് അടുത്ത സൂര്യഗ്രഹണം.
തിരുവനന്തപുരം: 2021ലെ അവസാന ചന്ദ്രഗ്രഹണം( Lunar Eclipse) കാണാൻ തയ്യാറെടുക്കുകയാണ് ലോകം. കേരളത്തിൽ ഈ ഗ്രഹണം കാണാൻ കഴിയില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഗ്രഹണം ഭാഗികമായി കാണുവാൻ സാധിക്കും. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ആസ്ട്രേലിയലിലും യൂറോപ്പിന്റെയും ഏഷ്യയുടേയും ചില ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും. ആകെ ആറ് മണിക്കൂറും രണ്ട് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണ പ്രതിഭാസം. അതിൽ മൂന്ന് മണിക്കൂറും 28 മിനുട്ടുമായിരിക്കും വ്യക്തമായ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുക. ചന്ദ്രൻ്റെ 99.1 ശതമാനവും ഗ്രഹണത്തിൽ മറയ്ക്കപ്പെടും.
ഗ്രഹണ പാത ( കടപ്പാട്: https://www.timeanddate.com )
എന്താണ് ഗ്രഹണം?
ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ ഭൂമിയെയും ഭൂമി സൂര്യനെയും ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചുറ്റലിനിടെ ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്നത് മൂലം ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കുകയും അൽപ്പനേരത്തേക്ക് സൂര്യബിംബം മറയ്ക്കപ്പെടുകയും ചെയ്യും ഈ പ്രതിഭാസമാണ് സൂര്യഗ്രഹണം. മറ്റ് ചിലപ്പോൾ ഭൂമി ചന്ദ്രൻ്റെയും സൂര്യന്റെയും ഇടയിൽ വരും. അങ്ങനെ ചന്ദ്രൻ മറയ്ക്കപ്പെടുന്നതാണ് ചന്ദ്രഗ്രഹണം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്.
ഗ്രഹണം എപ്പോഴൊക്കെ?
പൗര്‍ണ്ണമിദിനങ്ങളിലാണ് ചന്ദ്രഗ്രഹണം ദൃശ്യമാവുക. എല്ലാ പൗര്‍ണ്ണമിയിലും ഗ്രഹണമുണ്ടാവില്ല. ഗ്രഹണം നടക്കണമെങ്കിൽ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരണം. സൂര്യഗ്രഹണങ്ങളെ അപേക്ഷിച്ച് ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം പൊതുവേ കൂടുതലായിരിക്കും.
ഇനി ഭാഗിക ഗ്രഹണവും പൂർണ്ണഗ്രഹണവും എന്താണെന്ന് നോക്കാം. അതിന് മുമ്പ് രണ്ട് വാക്കുകൾ പരിചയപ്പെടണം. പ്രതിഛായയും (umbra), ഉപച്ഛായയും (penumbra).
ഒരു വസ്തുവിലേക്ക് വെളിച്ചം വീഴുമ്പോൾ അതിന്റെ നിഴൽ രണ്ട് തരത്തിൽ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. കൂടുതൽ ഇരുണ്ട അകം ഭാഗവും, അൽപ്പം കൂടി വെളിച്ചമുള്ള പുറം ഭാഗവും. ഇരുണ്ട ഭാഗമാണ് പ്രതിഛായ, രണ്ടാമത്തേത് ഉപച്ഛായയും.
ചന്ദ്രൻ ഭൂമിയുടെ പ്രതിച്ഛായയിൽ തന്നെ പൂർണ്ണമായും നിൽക്കുന്ന അവസ്ഥയാണ് പൂർണ്ണ ചന്ദ്രഗ്രഹണം. ഉപച്ഛായയുടെ അകത്താണെങ്കിൽ അത് ഭാഗിക ചന്ദ്രഗ്രഹണവും.
ഭൂമിയുടെ വ്യാസം ചന്ദ്രന്റെ വ്യാസത്തിന്റെ 3.70 മടങ്ങായതിനാൽ ഭൂമി രൂപപ്പെടുത്തുന്ന പ്രതിഛായ വളരെ നീളമുള്ളതായിരിക്കും. ഒരു സമ്പൂണ്ണ സൂര്യഗ്രഹണം ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുമ്പോൾ ചന്ദ്രഗ്രഹണം പൂർത്തിയാകാൻ മണിക്കൂറുകൾ എടുക്കുന്നതിന് കാരണം ഇതാണ്. ഇതേ കാരണം കൊണ്ട് തന്നെ ഭൂമിയുടെ കൂടുതൽ മേഖലകളിൽ നിന്നും ചന്ദ്രഗ്രഹണം കാണുവാനും പറ്റും. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ പെടുന്നതാണ് പൂർണ ചന്ദ്രഗ്രഹണം. അപ്പോഴും ഭൂമി ചന്ദ്രനെക്കാൾ വളരെ വലുതായത് കൊണ്ട് തന്നെ എല്ലാ ഇടത്ത് നിന്നു നോക്കുമ്പഴും ഗ്രഹണം അനുഭവപ്പെടണമെന്നില്ല. ചിലയിടങ്ങളിൽ നിന്ന് നോക്കുമ്പോൾ ഭൂമിയുടെ നിഴൽ അൽപ്പം മാത്രമേ ചന്ദ്രനെ മറയ്ക്കൂ. ഇവിടെ നിന്ന് നോക്കുമ്പോഴും ചന്ദ്രഗ്രഹണം ഭാഗികമായിരിക്കും. ഭൂമിയും ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരം എപ്പോഴും ഒരു പോലെയായിരിക്കില്ല, ഈ ദൂരത്തിൽ വരുന്ന മാറ്റവും ഗ്രഹണത്തിന്റെ ദൈർഘ്യത്തെ ബാധിക്കാറുണ്ട്.
ഗ്രഹണം അത്യപൂർവ്വ പ്രതിഭാസമോ ?
സാധാരണഗതിയിൽ ഒരു കലണ്ടർ വർഷം നാല് ഗ്രഹണങ്ങളെങ്കിലും ലോകത്തിന്റെ വിവിധയിടങ്ങളിലായി ദൃശ്യമാകും. രണ്ട് സൂര്യ ഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും. ഈ കണക്കിൽ ചിലപ്പോൾ മാറ്റ വരാറുണ്ട്. എന്തായാലും 2021ൽ നാല് ഗ്രഹണങ്ങളാണ് വരുന്നത്. ആദ്യത്തേത് പൂർണ്ണ ചന്ദ്രഗ്രഹണമായിരുന്നു. മേയ് 25നായിരുന്നു ഇത്. രണ്ടാമത്തേത് വലയ സൂര്യഗ്രഹണമായിരുന്നു ജൂൺ പത്തിന്. ഇത് ഇന്ത്യയിൽ ദൃശ്യമായിരുന്നില്ല. അതിന് ശേഷമുള്ള ചന്ദ്രഗ്രഹണമാണ് ഇനി വരുന്നത്. ഈ വർഷം ഡിസംബറിലാണ് അടുത്ത സൂര്യഗ്രഹണം.
2021ലെ ഗ്രഹണങ്ങളുടെ പട്ടിക ( കടപ്പാട്: https://www.timeanddate.com )
2022ലെ ഗ്രഹണങ്ങളുടെ പട്ടിക (( കടപ്പാട്: https://www.timeanddate.com )
അന്ധവിശ്വാസങ്ങൾ വേണ്ടേ വേണ്ട
ഗ്രഹണ സമയത്ത് ചന്ദ്രനെ നേരിട്ട് നോക്കുന്നത് കൊണ്ട് ഒരു ആരോഗ്യപ്രശ്നവും ഉണ്ടാവില്ല. കണ്ണിന് ദോഷവുമില്ല. എന്നാൽ സൂര്യഗ്രഹണ സമയത്ത് ഇങ്ങനെ ചെയ്യരുത്. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് കൊണ്ടോ, ആഹാരം പാകം ചെയ്യുന്നത് കൊണ്ടോ ഒരു കുഴപ്പവും ഉണ്ടാവില്ല.