വർഷങ്ങളായി ഐസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങൾക്ക് ആവശ്യമായ ഇലക്ട്രോണിക് ഭാഗങ്ങൾ നിർമ്മിച്ചു നൽകുന്ന കെൽട്രോൺ ഉപഗ്രഹ സംവിധാനങ്ങളുടെ നിർമ്മാണത്തിലേക്ക് കൂടി കടക്കുകയാണ്. ഗഗൻയാൻ പദ്ധതിയുമായി ബന്ധപ്പെട്ട നിർണ്ണായക ഘടകങ്ങളും കെൽട്രോൺ നിർമ്മിച്ചു നൽകും.
തിരുവനന്തപുരം: പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യമെന്ന് ചോദിച്ചോളൂ, പക്ഷേ റോക്കറ്റുണ്ടാക്കുന്നിടത്ത് കെൽട്രോണിനെന്ത് കാര്യമെന്ന് ചോദിക്കരുത്. ഒരു പിഎസ്എൽവി റോക്കറ്റിൽ നാനൂറോളം ഇലക്ട്രോണിക് ഉപകരണങ്ങളുണ്ട്. അതിൽ വിക്ഷേപണ വാഹനത്തിന്‍റെ ദിശാ നിർണ്ണയ സംവിധാനമുൾപ്പെടെ നിർണ്ണായകമായ 35നടുത്ത് ഘടകങ്ങൾ നിർമ്മിച്ച് നൽകുന്നത് കെൽട്രോണാണ്.
ആദ്യ കാലങ്ങളിൽ കെൽട്രോണിലെ സാങ്കേതിക പ്രവർത്തകർ ഇസ്രൊ കേന്ദ്രങ്ങളിൽ ചെന്ന് ജോലി ചെയ്യുകയായിരുന്നു, കഴിഞ്ഞ 20 വർഷമായി ജോലികൾ നടക്കുന്നത് കെൽട്രോണിന്‍റെ സ്വന്തം നിർമ്മാണശാലകളിലാണ്. മൺവിളയിലെയും കരകുളത്തെയും പ്ലാൻ്റുകളിലാണ് കെൽട്രോൺ സ്പേസ് ഇലക്ട്രോണിക്സ് വിഭാഗത്തിന്‍റെ പ്രവർത്തനം. ഒരു വർഷം ഏകദേശം 350നടുത്ത് സുപ്രധാന ഘടകങ്ങളാണ് കെൽട്രോൺ ഇസ്രൊയ്ക്ക് നിർമ്മിച്ച് നൽകുന്നത്. ആറ് കോടി രൂപയുടെ അടുത്ത് വിറ്റുവരവാണ് ഈ വിഭാഗത്തിൽ മാത്രം ഇപ്പോഴുള്ളത്.
undefined
പിഎസ്എൽവി, ജിഎസ്എൽവി വിക്ഷേപണ വാഹനങ്ങൾക്കുള്ള ഘടകങ്ങൾ നിർമ്മിക്കുന്നതിന് മാത്രം നൂറോളം സാങ്കേതിക വിദഗ്ധർ കെൽട്രോണിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഉപഗ്രങ്ങൾക്കാവശ്യമായ ഘടകങ്ങൾ നിർമ്മിക്കാൻ 12 കോടിയുടെ ഓർഡർ കെൽട്രോൺ ഇസ്രൊയിൽ നിന്ന് നേടിയിട്ടുണ്ട്. ഇതിനായുള്ള ജീവനക്കാരുടെ പരിശീലനം പുരോഗമിക്കുകയാണെന്ന് കെൽട്രോൺ സിഎംഡി എൻ നാരായണ മൂർത്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജോലി കൂടുതൽ കാര്യക്ഷമമാക്കാനായി നാല് കോടി ചെലവിൽ റീ ഫ്ലോ സോൾഡറിംഗ് ഫെസിലിറ്റി എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അതി സങ്കീർണ്ണ ഇലക്ട്രോണിക് സർക്ക്യൂട്ടുകൾ കൃത്യതയോടെ നിർമ്മിച്ചെടുക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
റോക്കറ്റുകൾക്കാവശ്യമായ ഭാഗങ്ങൾ നിർമ്മിക്കുന്നതിലും സങ്കീർണ്ണമാണ് ഉപഗ്രഹങ്ങൾക്കാവശ്യമായ ഘടകങ്ങൾ നിർമ്മിക്കുന്നത്. ഒരു തരി പൊടി പോലും ഉപഗ്രഹത്തെ നശിപ്പിച്ചേക്കാം. അതിനാൽ തന്നെ പ്രത്യേകം സജ്ഞമാക്കിയ ക്ലീൻ റൂമിലാണ് ഉപഗ്രഹങ്ങൾ ഒരുക്കുന്നത്. ഉപഗ്രങ്ങൾക്കായുള്ള ഇലക്ട്രോണിക് ഭാഗങ്ങൾ നിർമ്മിക്കുമ്പോഴും ഇതേ കരുതൽ ആവശ്യമാണ്. ഇതിനായി അത്യാധുനിക ക്ലീൻ റൂം കെൽട്രോൺ മൺവിളയിലെ പ്ലാൻ്റിൽ തയ്യാറാക്കിയിട്ടുണ്ട്. യുആർ റാവു സാറ്റലൈറ്റ് സെന്ററുമായി ഉപഗ്രഹ ഘടക നിർമ്മാണത്തിനുള്ള കരാറുകളിൽ ഒപ്പിടാനൊരുങ്ങുകയാണ് കെൽട്രോൺ. സാങ്കേതിക വിദഗ്ധരുടെ പരിശീലനം ബെംഗളൂരുവിൽ പുരോഗമക്കുകയാണ്.
ക്ലീൻ റൂമിന്‍റെ അവസാനഘട്ട ജോലികളേ ഇനി ബാക്കിയുള്ളൂ. സംവിധാനം പൂർണ്ണ സജ്ജമായാൽ വൈകാതെ നിർമ്മാണ ജോലികൾ ഇവിടെ പൂർണ്ണതോതിൽ തുടങ്ങും. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ ചില പരീക്ഷണ ഉപകരണങ്ങളുടെ നിർമ്മാണത്തിനുള്ള കരാർ കെൽട്രോൺ ഏറ്റെടുത്തു കഴിഞ്ഞു. ഗഗൻയാൻ പദ്ധതിയിലെ ആദ്യ ആളില്ലാ ദൗത്യത്തിന്റെ ഭാഗമായ ജോലികളാണ് കെൽട്രോൺ ഏറ്റെടുത്തിട്ടുള്ളത്. 13.5 കോടിയുടെ കരാറാണ് കെൽട്രോണും യുആർഎസ്‍സിയും തമ്മിൽ ഇതിനായി ഒപ്പിട്ടിട്ടുള്ളത്.