ചന്ദ്രയാൻ-3 ഐതിഹാസികം, അഭിമാനം; ഇതുവരെ കാണാത്ത ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

By Web Team  |  First Published Aug 22, 2024, 4:26 PM IST

ദൗത്യ കാലയളവിൽ റോവറും ലാൻഡറുമെടുത്ത എല്ലാ ചിത്രങ്ങളും ഇസ്രൊ നാളെ ഔദ്യോഗികമായി പുറത്തുവിടും


ദില്ലി: ചന്ദ്രയാൻ -3ല്‍ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ദൗത്യത്തിലെ അപൂർവ്വ ചിത്രങ്ങളും വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. റോവറിൽ നിന്നും ലാൻഡറിൽ നിന്നുമുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭ്യമായി. ചന്ദ്രോപരിതലത്തിൽ റോവ‌ർ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങൾ വ്യക്തമായി കാണുന്ന ആദ്യ ചിത്രങ്ങൾ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ദേശീയ ബഹിരാകാശ ദിനമായ നാളെ ഇസ്രൊ പുറത്തുവിടും. 

കൂടുതല്‍ ചിത്രങ്ങള്‍ നാളെ

Latest Videos

undefined

ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയിട്ട് നാളേക്ക് ഒരു വർഷം തികയുകയാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും വലിയ സാങ്കേതിക നേട്ടത്തിന്‍റെ വാർഷികം ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കാൻ പോകുകയാണ് രാജ്യം. ഈയവസരത്തില്‍ ചന്ദ്രയാന്‍-3 ദൗത്യത്തിന്‍റെ വിജയഗാഥ വിശദമായി അറിയിക്കുകയാണ് ഐഎസ്ആര്‍ഒ. ദേശീയ ബഹിരാകാശ ദിനമായ നാളെ മുഴുവൻ വിവരങ്ങളും ഐഎസ്ആര്‍ഒ ഔദ്യോഗികമായി പുറത്തുവിടും. പേടകത്തിലെ ശാസ്ത്ര പഠന ഉപകരണങ്ങൾ ശേഖരിച്ച വിവരങ്ങളും പുറത്തുവിടുമെന്നാണ് വിവരം. ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ദേശീയ ബഹിരാകാശ ദിന ആഘോഷച്ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുർമ്മു മുഖ്യാതിഥിയാകും.

അഭിമാനം ചന്ദ്രയാന്‍-3

ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3. ഇസ്രൊ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് 2023 ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

വിക്രം ലാൻഡറും പ്രഗ്യാൻ റോവറുമാണ് ചന്ദ്രയാന്‍-3 ദൗത്യത്തിലുള്ളത്. ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍, അലുമിനിയം, കാല്‍സ്യം, സിലിക്കണ്‍, അയണ്‍, ഓക്സിജന്‍, ടൈറ്റാമിയം, ക്രോമിയം, മാംഗനീസ് എന്നിവയുടെ സാന്നിധ്യം കണ്ടെത്താന്‍ ചന്ദ്രയാന്‍-3ന് സാധിച്ചിരുന്നു. 

Read more: ശുഭാന്‍ഷു ശുക്ല 2025 ഏപ്രിലില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കും; വമ്പന്‍ പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!