സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പാളിയെ കുറിച്ച് പഠിക്കുക ലക്ഷ്യം, രണ്ട് പേടകങ്ങള്‍ സ്ഥാപിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചാണ് പ്രോബ-3 ഇത് സാധ്യമാക്കുക, ഇഎസ്എയുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ കുതിച്ചത് ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി-സി59 റോക്കറ്റില്‍
ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന് 4.04ന് ഇരു കൃത്രിമ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി59 കുതിച്ചുയര്‍ന്നു. വിക്ഷേപണത്തിന്‍റെ നാല് ഘട്ടങ്ങളും വിജയമാക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിക്കായി. ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തി.
പ്രോബ-3 ഇന്നലെ വിക്ഷേപിക്കാനായിരുന്നു ഐഎസ്ആര്‍ഒയും ഇഎസ്എയും ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ദൗത്യത്തിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളിലൊന്നില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന അവസാന മണിക്കൂറില്‍ വിക്ഷേപണം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും മാത്രം ബാക്കിനിൽക്കെയാണ് വിക്ഷേപണം നീട്ടുന്നതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി അറിയിച്ചത്.
ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പാളിയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുന്നത്.
Read more: സാങ്കേതിക പ്രശ്‌നം പരിഹരിച്ച് പ്രോബാ-3 ഇന്ന് ബഹിരാകാശത്തേക്ക്; ഐഎസ്ആര്‍ഒയുടെ അഭിമാന ദൗത്യം വൈകിട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം