നാവിക് നാവിഗേഷന്‍ സിഗ്നലുകള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കാന്‍ ആറ് ഉപഗ്രഹങ്ങള്‍ കൂടി ഐഎസ്ആര്‍ഒ വിക്ഷേപിക്കും
ദില്ലി: ഗതി-സ്ഥാനനിര്‍ണയ രംഗത്ത് അമേരിക്കയുടെ ജിപിഎസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക 'നാവിക്' ( NaVIC) നാവിഗേഷന്‍ സംവിധാനം പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണുകളില്‍ ഉടന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് ഐഎസ്ആര്‍ഒ. രാജ്യത്ത് ഇതുവരെ സൈനിക ആവശ്യങ്ങള്‍ക്കായിരുന്നു നാവിക് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ഇന്ത്യയുടെ രണ്ടാംതലമുറ നാവിഗേഷന്‍ സാറ്റ്‌ലൈറ്റുകള്‍ വഴിയാണ് മൊബൈലില്‍ നാവിക് സേവനം ഇസ്രൊ ലഭ്യമാക്കുക. 'നാവിക് സിഗ്നലുകള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാന്‍ കഴിയുന്ന എല്‍1 ബാന്‍ഡിലുള്ള ഏഴ് നാവിഗേഷന്‍ സാറ്റ‌്‌ലൈറ്റുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഏഴെണ്ണത്തില്‍ ഒരു കൃത്രിമ ഉപഗ്രഹം ഇതിനകം വിക്ഷേപിച്ചു. മറ്റ് ആറെണ്ണം കൂടി വിക്ഷേപിക്കും. മുമ്പ് വിക്ഷേപിച്ച നാവിഗേഷന്‍ സാറ്റ്‌ലൈറ്റുകള്‍ എല്‍5, എസ് എന്നീ ബാന്‍ഡുകളിലുള്ളവയായിരുന്നു' എന്നും സ്പേസ് റെഗുലേറ്റര്‍ ചെയര്‍മാനും INSPACe പ്രൊമേട്ടറുമായ പവന്‍ ഗോയങ്ക വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
undefined
ജിപിഎസ് അടക്കമുള്ള ലോകത്തെ മറ്റ് നാവിഗേഷന്‍ സംവിധാനങ്ങളേക്കാള്‍ കൃത്യത ഇന്ത്യയുടെ നാവികിന് ഉള്ളതായി പവന്‍ ഗോയങ്ക അവകാശപ്പെട്ടു. നാവികിന്‍റെ പരിധി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് നാവിക്?
നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിർണയ സംവിധാനമാണ് ഇന്ത്യൻ റീജ്യണൽ നാവിഗേഷൻ സിസ്റ്റം (IRNSS). ഇതിന്‍റെ മറ്റൊരു പേരാണ് നാവിക് (Navigation with Indian Constellation). അമേരിക്കയുടെ ജിപിഎസിനെയും, റഷ്യയുടെ ഗ്‌ളാനോസിനെയും, ചൈനയുടെ ബേദൗയെയും, യൂറോപ്യന്‍ യൂണിയന്‍റെ ഗലീലിയെയും വെല്ലുന്ന നാവിഗേഷന്‍ സംവിധാനമാണ് ഐഎസ്ആര്‍ഒ അണിയിച്ചൊരുക്കുന്ന നാവിക്. എല്ലാത്തരം ഗതാഗത സംവിധാനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. ഇന്ത്യ മുഴുവനായും, രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിലോമീറ്റര്‍ പരിധിയുമാണ് നാവികിനുണ്ടാകും. സൈനിക ആവശ്യങ്ങള്‍ക്ക് പുറമെ രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇതിനകം നാവിക് ലഭ്യമാണ്.
നാവികിന് വേണ്ടിയുള്ള രണ്ടാ തലമുറ സാറ്റ്‌ലൈറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം (എന്‍വിഎസ്-1) 2023ല്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-എഫ് 12 വിക്ഷേപണവാഹനത്തിലാണ് ഉപഗ്രഹത്തെ ഇസ്രൊ അയച്ചത്. നാവിക് കൃത്രിമ ഉപഗ്രഹങ്ങളുടെ അടുത്തഘട്ട വിക്ഷേപണങ്ങളുടെ പദ്ധതിയിലാണ് ഐഎസ്ആര്‍ഒ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം