ബഹിരാകാശ ഗവേഷണ, പരിശീലന രംഗത്ത് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുമായി നിര്‍ണായക കരാറില്‍ ഒപ്പിട്ട് ഇസ്രൊ
ബെംഗളൂരു: യൂറോപ്യൻ സ്പേസ് ഏജൻസിയുമായി സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥും ഇഎസ്എ ഡയറക്ടർ ജനറൽ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറിൽ ഒപ്പുവച്ചത്. ബഹിരാകാശ രംഗത്ത് കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യം. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ-പരീക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ സഹകരണത്തിനായാണ് കരാറിൽ ഏജൻസികൾ ഒപ്പിട്ടിരിക്കുന്നത്.
കരാര്‍ അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ബയോമെഡിക്കൽ ഗവേഷണ പരീക്ഷണവും ബഹിരാകാശത്തെ മനുഷ്യന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണവും ഒപ്പം വിദ്യാഭ്യാസ പരിപാടികളും നടത്താനാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ഐഎസ്ആർഒയുടെ പ്രധാന ഭാവി പദ്ധതികളിലൊന്നായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ (ബിഎഎസ്) വിഭാവനത്തിലും യൂറോപ്യൻ സ്പേസ് ഏജൻസിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് സൂചന. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമാണ് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍.
undefined
നേരത്തെ സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സുമായി ഐഎസ്ആർഒ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള ആദ്യത്തെ വാണിജ്യ സഹകരണമായിരുന്നു അത്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ കീഴിൽ, ശതകോടീശ്വരനായ വ്യവസായി എലോൺ മസ്ക് സുപ്രധാനസ്ഥാനം വഹിക്കുമെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു പുതിയ തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. കൂടാതെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള കമ്പനിയുമായി രാജ്യം പ്രത്യേക കരാറും ഒപ്പുവച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യ കരുത്ത് കൂട്ടാന്‍ ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായാണ് ഈ കരാറുകളെല്ലാം.
Read more: ആളത്ര ഭീകരനല്ല, എങ്കിലും മുന്നറിയിപ്പുമായി നാസ; ക്രിസ്‌തുമസ് തലേന്ന് ഛിന്നഗ്രഹം ഭൂമിക്കരികെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം