വലിയ ആത്മവിശ്വാസമാണ് ഈ മിസൈല്‍ പരീക്ഷണം റഷ്യയ്ക്ക് നല്‍കുന്നത് എന്നത്, പരീക്ഷണ വിവരം പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍ റഷ്യന്‍ ടിവിയില്‍ നടത്തിയ പ്രസംഗം തന്നെ ഉദാഹരണം.
മോസ്കോ: ബുധനാഴ്ചയാണ് റഷ്യ തങ്ങളുടെ സാത്താന്‍ 2 സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്. യുക്രൈന്‍ അധിനിവേശത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന റഷ്യയുടെ നീക്കം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയെ വലിഞ്ഞുമുറുക്കാന്‍ ഉപരോധങ്ങള്‍ എല്ലാ മേഖലയിലും ഏര്‍പ്പെടുത്തുന്ന അവസ്ഥയിലാണ് മിസൈലുകളിലെ ഭീമനെ തന്നെ റഷ്യ പരീക്ഷിച്ചത് എന്നതും ശ്രദ്ധേയമാണ്.
വലിയ ആത്മവിശ്വാസമാണ് ഈ മിസൈല്‍ പരീക്ഷണം റഷ്യയ്ക്ക് നല്‍കുന്നത് എന്നത്, പരീക്ഷണ വിവരം പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍ റഷ്യന്‍ ടിവിയില്‍ നടത്തിയ പ്രസംഗം തന്നെ ഉദാഹരണം. 'സര്‍മാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിന് സൈന്യത്തെ അഭിനന്ദിക്കുന്നു. സായുധ സേനയുടെ പോരാട്ട ശേഷി ശക്തിപ്പെടുത്തുകയും ബാഹ്യ ഭീഷണികളിൽ നിന്ന് റഷ്യയുടെ സുരക്ഷ വിശ്വസനീയമായി ഉറപ്പാക്കുകയും, വാചകമടിയിലൂടെ നമ്മുടെ രാജ്യത്തെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരെ രണ്ടുതവണ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്" - പുടിന്‍ പറഞ്ഞു.
പാശ്ചാത്യ പ്രതിരോധ വിദഗ്ധർ സർമാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ (ഐസിബിഎം) സാത്താൻ 2 എന്നാണ് വിശേഷിപ്പിച്ചത്.
റഷ്യയുടെ അടുത്ത തലമുറ മിസൈലുകളെ "അജയ്യം" എന്നാണ് പുടിന്‍ വിളിക്കുന്നത്, അതിൽ കിൻസാൽ, അവാൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നു. ഇതിനൊപ്പമാണ് സാത്താന്‍ 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ചേരുന്നത്.
വടക്കൻ റഷ്യയിലെ പ്ലെസെറ്റ്സ്ക് കോസ്മോഡ്രോമിൽ മിസൈലിന്‍റെ പരീക്ഷണം വിജയകരമായി നടന്നുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്. റഷ്യയുടെ കിഴക്കായുള്ള കാംചത്ക ഉപദ്വീപിലെ കുറ പരീക്ഷണ തറയില്‍ നിന്നാണ് മിസൈൽ പരീക്ഷണം സംഘടിപ്പിച്ചത് എന്നാണ് വിവരം. "ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യങ്ങൾ നശിപ്പിക്കുന്ന ഏറ്റവും ശക്തമായ മിസൈലാണ് സർമാറ്റ്, ഇത് റഷ്യയുടെ ആണവ പ്രതിരോധ ശക്തിയെ ഗണ്യമായി വർദ്ധിപ്പിക്കും," മന്ത്രാലയം പറഞ്ഞു. പരീക്ഷണം പൂര്‍ത്തിയതോടെ വരുന്ന വിന്‍റര്‍ സീസണില്‍ ഈ മിസൈല്‍ പൂര്‍ണ്ണമായും സൈന്യത്തിന്‍റെ ഭാഗമാകും എന്നാണ് റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജൻസി മേധാവി ദിമിത്രി റോഗോസിനെ ഉദ്ധരിച്ച് വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
200 ടണ്ണിലധികം ഭാരമുള്ള മിസൈലാണ് സർമാറ്റ്. 16,000 മൈൽ വേഗതയില്‍ പായാന്‍ കഴിയുന്ന ശേഷി ഈ മിസൈലിനുണ്ട്. ഒരു മിസൈലില്‍ തന്നെ പത്തോ അതിലധികമോ പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 2000 മുതല്‍ ഈ മിസൈല്‍ റഷ്യ വികസിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലും വരെ ആക്രമിക്കാന്‍ ശേഷി ഈ മിസൈലിനുണ്ട്. ഒപ്പം ഉപഗ്രഹ അധിഷ്ഠിത റഡാർ, ട്രാക്കിംഗ് സംവിധാനങ്ങൾക്കും വലിയ വെല്ലുവിളിയാണ് ഈ മിസൈല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേ സമയം റഷ്യന്‍ മിസൈല്‍ പരീക്ഷണം അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിയല്ലെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്. 2011ലെ ഉടമ്പടി പ്രകാരം മോസ്‌കോ വാഷിംഗ്ടണിനെ പരീക്ഷണത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോൺ കിർബി അറിയിച്ചു. “പരീക്ഷണം പതിവാണ്, അതിൽ അതിശയിക്കാനില്ല,” കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "പരീക്ഷണം അമേരിക്കയ്‌ക്കോ സഖ്യകക്ഷികൾക്കോ ഭീഷണിയാണെന്ന് പെന്റഗൺ കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.