വോട്ടിട്ട് സുനിത വില്യംസും, യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യുന്നതെങ്ങനെ?
വാഷിംഗ്‌ടണ്‍: തെരഞ്ഞെടുപ്പ് ചൂടിലാണ് അമേരിക്ക. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും ഭൂമിക്ക് പുറത്തുള്ള അമേരിക്കക്കാര്‍ക്കും യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താം. അതേത് അമേരിക്കക്കാര്‍ എന്നല്ലേ ചോദിക്കാന്‍ വരുന്നത്... ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികളാണ് ഇത്തരത്തില്‍ കൗതുകകരമായി യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. എങ്ങനെയാണ് ഐഎസ്എസില്‍ നിന്ന് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നത് എന്ന് അറിയാം.
'വോട്ടിംഗ് ഫ്രം സ്പേസ്'
undefined
1997ലാണ് നാസ 'വോട്ടിംഗ് ഫ്രം സ്പേസ്' എന്ന വോട്ടിംഗ് പ്രക്രിയ ആരംഭിച്ചത്. ബഹിരാകാശത്ത് നിന്ന് സഞ്ചാരികള്‍ക്ക് വോട്ട് ചെയ്യാം എന്ന നിയമം ടെക്‌സസ് സംസ്ഥാനം പാസാക്കിയതോടെയായിരുന്നു ഇത്. ഇതിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറി. എന്നാല്‍ ഇത് കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്ത മാത്രമല്ല. എല്ലാവര്‍ക്കും വോട്ടവകാശം എന്ന അവകാശം സാധൂകരിക്കുന്നതിന് വേണ്ടിയാണ് ബഹിരാകാശത്ത് നിന്നും വോട്ട് ചെയ്യാനുള്ള സംവിധാനം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഒരുക്കിയിരിക്കുന്നത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് എങ്ങനെയാണ് വോട്ട് ചെയ്യുന്നത് എന്ന് മനസിലാക്കാം. വോട്ടുകള്‍ രേഖപ്പെടുത്താന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നാസ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം ചുവടെ പറയും വിധമാണ് പ്രവര്‍ത്തിക്കുന്നത്.
1. ബഹിരാകാശ നിലയത്തിലുള്ള അമേരിക്കന്‍ പൗരത്വമുള്ളവര്‍ അമേരിക്കന്‍ ഇലക്ഷന്‍റെ ബാലറ്റിനായി അപേക്ഷിക്കുന്നതോടെയാണ് വോട്ടിംഗ് പ്രക്രിയ തുടങ്ങുക.
2. നാസ വളരെ രഹസ്യ സ്വഭാവമുള്ള എന്‍ക്രിപ്റ്റഡായ, പാസ്‌വേഡിനാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഇമെയില്‍ വഴി ബാലറ്റ് ഇവര്‍ക്ക് ഐഎസ്എസിലേക്ക് അയച്ചുനല്‍കും.
3. ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്ക് കമ്പ്യൂട്ടര്‍ വഴി വോട്ട് ആര്‍ക്കെന്ന് രേഖപ്പെടുത്താം.
4. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ബാലറ്റ് നാസയുടെ ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് കേന്ദ്രത്തിലേക്ക് തിരികെ ഓണ്‍ലൈന്‍ വഴി തന്നെ അയക്കും. ഈ ബാലറ്റ് ടെക്‌സസിലെ ഹാരിസ് കൗണ്ടിയിലുള്ള പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസിന് കൈമാറുന്നതോടെ വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാവും.
വോട്ടിട്ട് നാല് സഞ്ചാരികള്‍
നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാല് അമേരിക്കക്കാര്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. സ്പേസ് എക്‌സിന്‍റെ ക്രൂ-9 ദൗത്യത്തിന്‍റെ ഭാഗമായ ഡോണ്‍ പെറ്റിറ്റ്, നിക്ക് ഹഗ്, ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സഞ്ചാരികളായ ഇന്ത്യന്‍ വംശജ കൂടിയായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരാണിവര്‍. 'അമേരിക്കന്‍ പൗരത്വമുള്ളവര്‍ എന്ന നിലയില്‍ സുപ്രധാന കടമയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്നും വോട്ട് ചെയ്യുന്നത്. അതിന്‍റെ വലിയ ആകാംക്ഷയിലാണ് ഞാനെന്നും' സുനി വില്യംസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം