ശ്രീഹരിക്കോട്ടയിൽ നിന്ന് 2021 ആഗസ്റ്റ് 12നാണ് ഇഒഎസ് 03 എന്ന അത്യാധുനിക ഭൗമനനിരീക്ഷണ ഉപഗ്രഹവുമായി ജിഎസ്എൽവി എഫ് 10 വിക്ഷേപിച്ചത്. വിക്ഷേപണം പരാജയപ്പെടുകയും ഉപഗ്രഹം നഷ്ടമാവുകയും ചെയ്തത് ഐഎസ്ആർഒയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.
ബെംഗളൂരു: ജിഎസ്എൽവി എഫ് 10 (GSLV F10) ദൗത്യം പരാജയപ്പെടാനുണ്ടായ കാരണം വ്യക്തമാക്കി ഐഎസ്ആർഒയുടെ പരാജയ പഠന സമിതി റിപ്പോർട്ട് ( Failure Analysis Committee (FAC)). വിക്ഷേപണ വാഹനത്തിന്‍റെ ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായതെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
ശ്രീഹരിക്കോട്ടയിൽ നിന്ന് 2021 ആഗസ്റ്റ് 12നാണ് ഇഒഎസ് 03 എന്ന അത്യാധുനിക ഭൗമനനിരീക്ഷണ ഉപഗ്രഹവുമായി ജിഎസ്എൽവി എഫ് 10 വിക്ഷേപിച്ചത്. വിക്ഷേപണം പരാജയപ്പെടുകയും ഉപഗ്രഹം നഷ്ടമാവുകയും ചെയ്തത് ഐഎസ്ആർഒയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. വിക്ഷേപണം കഴിഞ്ഞ് 297-ാം സെക്കൻഡിലാണ് ക്രയോജനിക് ഘട്ടത്തിൽ സാങ്കേതിക പ്രശ്നമുണ്ടായത്. 307-ാം സെക്കൻഡിൽ റോക്കറ്റിലെ കമ്പ്യൂട്ടർ ദൗത്യം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
undefined
പരാജയത്തിന് പിന്നാലെ തന്നെ ദേശീയ തല പരാജയ പഠന സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് (2022 മാർച്ച് 24) സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാനായി വിശദമായ പരിശോധന നടത്തി. കമ്പ്യൂട്ടർ സിമുലേഷനിലൂടെ സാഹചര്യങ്ങൾ പുനസൃഷ്ടിച്ചു, ചില ഗ്രൗണ്ട് ടെസ്റ്റുകളും നടത്തി നിഗമനങ്ങൾ ഉറപ്പിച്ച ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
ജിഎസ്എൽവി എഫ് 10 വിക്ഷേപണത്തിന് ശേഷം ദ്രവീകൃത ഹൈഡ്രജൻ സൂക്ഷിക്കുന്ന ഇന്ധന ടാങ്കിൽ മർദ്ദ വ്യതിയാനമുണ്ടായെന്ന് സമിതി കണ്ടെത്തി. എഞ്ചിൻ കത്തി തുടങ്ങിയപ്പോൾ മർദ്ദ വ്യതിയാനം പ്രതിസന്ധിയായി. ഫ്യൂവൽ ബൂസ്റ്റർ ടർബോ പമ്പിന്റെ പ്രവർത്തനവും പാളി. എഞ്ചിൻ ത്രസ്റ്റ് ചേമ്പറിലേക്ക് ആവശ്യത്തിന് ഇന്ധനം എത്തിയില്ല. ഇതാണ് ദൗത്യം പരാജയപ്പെടാൻ കാരണം.
ദ്രവീകൃത ഇന്ധന ടാങ്കിലെ മർദ്ദം കുറയാൻ കാരണം റിലീഫ് വാൾവിലുണ്ടായ ചോർച്ചയാണെന്നാണ് സമിതി കണ്ടെത്തിയത്. ഇനിയൊരിക്കലും സമാന പ്രശ്നം ഉണ്ടാവാതിരിക്കാനുള്ള നിർദ്ദേശങ്ങളും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. വാൾവിന്റെ കരുത്ത് കൂട്ടാനും വിക്ഷേപണത്തിന് മുമ്പ് കൂടുതൽ കർശനമായ പരിശോധനങ്ങൾ നടത്താനും നിർദ്ദേശമുണ്ട്.
രാജ്യത്തെ ബഹിരാകാശ ഗവേഷണത്തിന് ദിശാബോധം നൽകിയ വിക്രം സാരാഭായി യുടെ 102-ആം ജന്മദിനത്തിൽ ആയിരുന്നു ജിഎസ്എൽവി എഫ് 10 വിക്ഷേപണം. സാങ്കേതിക പ്രശ്നങ്ങൾ മൂലം രണ്ട് വട്ടം മാറ്റി വച്ച വിക്ഷേപണമായിരുന്നു ഇത്. ഏറെ നിർണ്ണായകമായ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് വിക്ഷേപണ പരാജയത്തിലൂടെ നഷ്ട്മായത്.
പരാജയ കാരണം കണ്ടെത്തിയതായി വിഎസ്എസ്‍സി മേധാവി എസ് ഉണ്ണിക്കൃഷ്ണൻ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചിരുന്നു. ജിഎസ്എൽവി മാർക്ക് 2 വൈകാതെ വീണ്ടും ലോഞ്ച് പാഡിലെത്തുമെന്നും. നാവിക് പദ്ധതിയുടെ ഭാഗമായ ഐആർഎൻഎസ്എസ് ഉപഗ്രഹമാണ് ജിഎസ്എൽവിയിൽ വിക്ഷേപിക്കുകയെന്നും എസ് ഉണ്ണിക്കൃഷ്ണൻ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അണിയറയിലൊരുങ്ങുന്ന നാസ - ഇസ്രൊ സംയുക്ത ദൗത്യം നിസാറും ജിഎസ്എൽവി മാർക്ക് 2 വിലാണ് വിക്ഷേപിക്കുക.
Read More: ഗഗൻയാനും, ചന്ദ്രയാനും, ആദിത്യയും പിന്നെ എസ്എസ്എൽവിയും; ഭാവി ദൗത്യങ്ങളെ പറ്റി വിഎസ്എസ്‍സി മേധാവി
അഭിമുഖത്തിന്‍റെ പൂർണ്ണ രൂപം ഇവിടെ
എച്ച്എസ്എഫ്‍സി മേധാവി ഡോ ഉമാമഹേശ്വരനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.