കോപ്പർ സൾഫേറ്റ് എന്ന തുരിശ് മാരകം, വൃക്കയേയും കരളിനെയും തകരാറിലാക്കും; അളവ് കൂടിയാൽ 24 മണിക്കൂറിനകം മരണം

By Web Team  |  First Published Oct 30, 2022, 7:06 PM IST

കാർഷിക മേഖലയിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന കോപ്പർ സൾഫേറ്റ് എന്ന തുരിശാണ് ​ഗ്രീഷ്മ ഷാരോണിന് നൽകിയ കഷായത്തിൽ കലർത്തിയത്. കുമിൾനാശിനിയായി കവുങ്ങ്, റബ്ബർ തുടങ്ങി മിക്ക വിളകൾക്കും ഉപയോ​ഗിക്കുന്നതാണ് കോപ്പർ സൾഫേറ്റ്.


തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഷാരോണിനെ വനിതാസുഹൃത്ത് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് കോപ്പര്‍ സള്‍ഫേറ്റ് എന്ന തുരിശെന്ന് പൊലീസ്. കാർഷിക മേഖലയിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന കോപ്പർ സൾഫേറ്റ് എന്ന തുരിശാണ് ​ഗ്രീഷ്മ ഷാരോണിന് നൽകിയ കഷായത്തിൽ കലർത്തിയത്. കുമിൾനാശിനിയായി കവുങ്ങ്, റബ്ബർ തുടങ്ങി മിക്ക വിളകൾക്കും ഉപയോ​ഗിക്കുന്നതാണ് കോപ്പർ സൾഫേറ്റ്. കോപ്പർ സൾഫേറ്റ് വെള്ളത്തിൽ കലർത്തി കുമ്മായവുമായി ചേർത്ത് നിർമിക്കുന്ന ബോർഡോ മിശ്രിതം കാർഷിക മേഖലയിൽ വ്യാപകമായി ഉപയോ​ഗിക്കുന്നു.

നീല നിറത്തിലുള്ള കോപ്പർ സൾഫേറ്റ് ശരീരത്തിനുള്ളിൽ എത്തിയാൽ വൃക്ക, കരൾ എന്നിവയെ പ്രതികൂലമായി ബാധിക്കും. കുറച്ചു മാത്രം ഉള്ളിൽ ചെന്നാൽ പതുക്കെയാണ് കരളിനെ ബാധിക്കുക. തുടർന്ന് കൂടുതൽ ആന്തരിക അവയവങ്ങളെ ബാധിക്കും. കൂടുതൽ അകത്ത് ചെന്നാൽ 24 മണിക്കൂറിനുള്ള മരിക്കും. കാർഷിക ആവശ്യത്തിന് സ്ഥിരമായി ഉപയോ​ഗിക്കുന്നതിനാൽ നാട്ടിൽ ഇവ സുലഭമാണ്. ഷോപ്പുകളിൽ ചെന്നാൽ ആർക്കും നൽകാവുന്ന സ്ഥിതിയാണ് നിലവിൽ. ഒരു​ഗ്രാം കോപ്പർ സൾഫേറ്റ് അകത്തുചെന്നാൽ തന്നെ ​ഗുരുതരാവസ്ഥയിലാകാൻ സാധ്യതയുണ്ട്. കരളിനെയാണ് പ്രധാനമായി ബാധിക്കുക. ഉള്ളിലെത്തുന്ന ആളുടെ ആരോ​ഗ്യ സ്ഥിതിയനുസരിച്ചായിരിക്കും വിഷത്തിന്റെ തീവ്രത. 10മുതൽ30​ഗ്രാം വരെ അകത്തുചെന്നാൽ മരിക്കും. 

Latest Videos

undefined

കോപ്പർ സൾഫേറ്റ് നൂറ്റാണ്ടുകളായി വ്യാവസായികമായി വ്യാപകമായി ഉപയോ​ഗിക്കുന്ന രാസവസ്തുവാണ്. പേപ്പർ പ്രിന്റിംഗ്, കെട്ടിടനിർമ്മാണം, ഗ്ലാസുകളിലും മൺപാത്രങ്ങളിലും കളറിംഗ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നുണ്ട്. 

ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്. മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ​ഗ്രീഷ്മ ആവർത്തിച്ചെങ്കിലും ശാസ്ത്രീയ തെളിവ് നിരത്തി പൊലീസ് ചോദ്യങ്ങൾ ചോദിച്ചതോടെ പിടിച്ചുനിൽക്കാനായില്ല. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. 

ഷാരോണിനെ കൊന്നതാണെന്ന് ​ഗ്രീഷ്മ പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തി. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ  ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. 

ഗ്രീഷ്മ കഷായത്തിൽ കലർത്തി ഷരോണിനെ കുടിപ്പിച്ചത് തുരിശ് ; നിർണായകമായത് ആ മൊഴി

കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാനാണ് ഷാരോൺ ​ഗ്രീഷ്മയുടെ വീട്ടിലെത്തിയത്. തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചെത്തിത്. ​ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഷാരോൺ മരിക്കുന്നത്. ഒരുമാസത്തെ ചികിത്സക്കൊടുവിൽ ആന്തരികാവയവങ്ങൾ തകരാറിലായി പതുക്കെയായിരുന്നു മരണം. കരളും വൃക്കയും തകരാറിലായി മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.  മകന്‍ നീലക്കളറില്‍ ഛര്‍ദ്ദിച്ചിരുന്നന്നും നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്ന ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും ഷാരോണിന്‍റെ ബന്ധുക്കൾ പറഞ്ഞു.

ഷാരോണ്‍ കൊലപാതകം: ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു; വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം 
 

click me!