ലോകമെമ്പാടും ഉപഗ്രഹ ഇന്‍റര്‍നെറ്റ് സാധ്യമാക്കുന്നതിനായി ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് വിന്യസിക്കുന്ന സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുടെ കൂട്ടത്തിലേക്ക് പുതിയ അതിഥികള്‍
ഫ്ലോറിഡ: ഉപഗ്രഹ ഇന്‍റര്‍നെറ്റ് വിതരണത്തിനായുള്ള 24 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ കൂടി ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് വിക്ഷേപിക്കുന്നു. നിശ്ചയിച്ചതിലും ഒരു ദിവസം വൈകി ഇന്നാണ് (തിങ്കളാഴ്‌ച) 24 കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടക്കുക എന്ന് സ്പേസ് എക്‌സ് അറിയിച്ചു.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലുള്ള വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് സ്പേസ് എക്‌സിന്‍റെ 24 സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകള്‍ കൂടി പറന്നുയരും. സ്പേസ് എക്‌സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം. ഈസ്റ്റേണ്‍ സമയം ഉച്ചകഴിഞ്ഞ് 4.02 മുതലുള്ള നാല് മണിക്കൂര്‍ സമയപരിധിക്കുള്ളിലാകും വിക്ഷേപണം. ഇന്നലെ ഞായറാഴ്‌ച വൈകിട്ട് വിക്ഷേപണം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും മോശം കാലാവസ്ഥ കാരണം മാറ്റിവയ്ക്കുകയായിരുന്നു.
undefined
24 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളെ വഹിച്ചുകൊണ്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ ലോഞ്ച് ലിഫ്റ്റ്‌ഓഫിന് അഞ്ച് മിനിറ്റ് മുമ്പ് മുതല്‍ സ്പേസ് എക്‌സ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യും. വിക്ഷേപിച്ച് എട്ട് മിനിറ്റിനുള്ളില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ ആദ്യ ഘട്ടം അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ താല്‍ക്കാലിക തറയില്‍ തിരിച്ചിറങ്ങും. അതേസമയം 24 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുമായി ഫാള്‍ക്കണ്‍ 9ന്‍റെ അപ്പര്‍ സ്റ്റേജ് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പ്രയാണം തുടരും. ലിഫ്റ്റ്‌ഓഫിന് 65 മിനിറ്റുകള്‍ക്ക് ശേഷം ഈ കൃത്രിമ ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കപ്പെടും.
2024ല്‍ ഇതുവരെ 106 ഫാല്‍ക്കണ്‍ 9 ദൗത്യങ്ങളാണ് സ്പേസ് എക്‌സ് പൂര്‍ത്തിയാക്കിയത്. ഇതില്‍ 70 ശതമാനം വിക്ഷേപണങ്ങളും സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായിരുന്നു. പതിനായിരക്കണക്കിന് കൃത്രിമ ഉപഗ്രങ്ങള്‍ വഴി ഭൂമിയില്‍ നേരിട്ട് ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് തുടങ്ങിയ പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. 2019ലായിരുന്നു ആദ്യ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റിന്‍റെ വിക്ഷേപണം. ഇതുവരെ 6,500ലേറെ ചെറിയ ഉപഗ്രഹങ്ങള്‍ ഈ നെറ്റ്‌വര്‍ക്കിന്‍റെ ഭാഗമായിക്കഴിഞ്ഞു. 2024 സെപ്റ്റംബര്‍ മാസത്തോടെ 40 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ സ്റ്റാര്‍ലിങ്കിന് ലഭിച്ചു എന്നാണ് സ്പേസ് എക്‌സിന്‍റെ അവകാശവാദം.
Read more: മസ്‌ക് വെച്ച കാല്‍ മുന്നോട്ടുതന്നെ; 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ ഒന്നിച്ച് വിക്ഷേപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം